ADVERTISEMENT

ഷാർജ∙ ഷാർജയിലെ ഇന്ത്യൻ കുടുംബത്തിന്റെ ദാരുണമായ മരണവാർത്ത കേട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല യുഎഇയിലെ പ്രവാസികൾക്ക്. രണ്ടു പിഞ്ചുമക്കളെയും ഭാര്യയെയും കൊലപ്പെടുത്തി യുവാവ് എന്തിന് മരണം തിരഞ്ഞെടുത്തു എന്നതാണു പ്രവാസികളുടെ ചോദ്യം. ഷാർജ അൽ മജാസിലെ ഫ്ലാറ്റിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് 10 നില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടുകയായിരുന്നു. 35 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം നടന്നത്.

Read Also: ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി പ്രവാസി ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് എട്ടും നാലും വയസുള്ള രണ്ടു പെൺമക്കളെയും ഭാര്യയെയും യുവാവ് കൊലപ്പെടുത്തി. ഇവരുടെ മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പുമായാണ് യുവാവ് ആത്മഹത്യ ചെയ്തത്. തുടർന്നു ഫ്ലാറ്റിൽ നടത്തിയ  പരിശോധനയില്‍ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ആറു മാസമായി കുടുംബം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അയൽ‌വാസികളുമായി ഇവർക്കു ബന്ധമുണ്ടായിരുന്നില്ല. 

ആത്മഹത്യ

murder-2

യുവാവിന്റേതെന്നു കരുതുന്ന ആത്മഹത്യയുടെ ഭീതിയുണർത്തുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടു. ഇളം നീല നിറത്തിലുള്ള ടി ഷർട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവ് ഒരു മിനിറ്റോളം കെട്ടിടത്തിന്റെ ടെറസിലെ ചുമരിന്റെ നേരിയ ഭാഗത്തു നിൽക്കുന്നതും പതുക്കെ ചുവടുകൾ മാറ്റിവയ്ക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. പരിസരത്തെ കെട്ടിടത്തിൽ നിന്ന് വീഡിയോ പകർത്തുന്നവരല്ലാതെ സംഭവം മറ്റാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പലപ്രാവശ്യം ചാടാനൊരുങ്ങിയ ശേഷമാണു ഒടുവിൽ യുവാവ് എടുത്തുചാടുന്നത്. അഞ്ചോളം തൊഴിലാളികളുടെ മുന്നിലേയ്ക്കാണു യുവാവു വീണത്. വീഴ്ചയിൽ തന്നെ യുവാവിന്റെ മരണം സംഭവിച്ചിരുന്നു.

അക്രമത്തിന്റെയോ ചെറുത്തുനിൽപിന്റെയോ അടയാളങ്ങളില്ല

കൊല്ലപ്പെട്ടവരുടെ പോസ്റ്റുമാർട്ടത്തിന്റെ‌‌‌‌‌ വിശദാംശങ്ങൾ ഷാർജ പൊലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട യുവതിയുടെയും രണ്ട് കുട്ടികളുടെയും ശരീരത്തിൽ അക്രമത്തിന്റെയോ ചെറുത്തു നിൽപ്പിന്റെയോ അടയാളങ്ങളില്ല. ചൊവ്വാഴ്ച വൈകിട്ട് 5.45 ന് സംഭവത്തെക്കുറിച്ചു റിപ്പോർട്ട് ലഭിച്ചതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു. അൽ മജാസ് ഏരിയയിലെ ടവറുകളിലൊന്നിന്റെ പത്താം നിലയിൽ നിന്നു ഒരാൾ വീണതായി പൊലീസിൽ വിവരം ലഭിക്കുകയായിരുന്നു. അബദ്ധത്തിലുള്ള വീഴ്ചയാണെന്നാണ് അധികൃതർ ആദ്യം കരുതിയത്. ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിങ് സംഘങ്ങളും ദേശീയ ആംബുലൻസിൽ നിന്നുള്ള ടീമുകളും സംഭവസ്ഥലത്തേയ്ക്ക് കുതിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 

മൃതദേഹം പരിശോധിച്ചപ്പോൾ ലഭിച്ച ഒരു കടലാസിൽ ഇങ്ങനെയെഴുതിയിരുന്നു: 'എന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ഞാൻ കൊന്നു.'  പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങിയ പൊലീസ് അപാർട്ടുമെന്റിൽ തിരച്ചിൽ നടത്തി. വാതിൽ തകർത്താണ് പൊലീസ് ഫ്ലാറ്റിനുള്ളിലേയ്ക്ക് കയറിയത്. അവിടെ യുവാവിന്റെ ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഫോറൻസിക് ലബോറട്ടറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ടു ലഭിച്ച ശേഷം അവ നാട്ടിലേയ്ക്കു കൊണ്ടുപോകും. കുറ്റകൃത്യത്തിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

English Summary: expatriate committed suicide after killing family in sharjah.

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com