റിയാദ് ∙ തകരാറിലായ വാഹനം പരിശോധിക്കാൻ റോഡിൽ ഇറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു. കൊല്ലം പത്തനാപുരം കുന്നിക്കോട് വാളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മൻസിലിൽ സുലൈമാൻ കുഞ്ഞ് (61) ആണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദിലെ എക്സിറ്റ് 18ൽ ചൊവ്വാഴ്ച രാത്രി 9.30നാണ് അപകടം.
മിനി ട്രക്ക് ഓടിച്ചു വരുന്നതിനിടെ വാഹനം തകരാറിലായതിനെ തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയാൻ പുറത്തിറങ്ങിയപ്പോൾ പിന്നിൽ വന്ന കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. മൃതദേഹം പൊലീസ് എത്തി ഷുമൈസിയെ കിങ് സൗദ് ആശുപത്രിയിലേക്ക് മാറ്റി. 30 വർഷമായി റിയാദിൽ താമസിക്കുന്ന സുലൈമാൻ കുഞ്ഞ് മൂന്നു മാസം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ജമീല ബീവി.