ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പ്: 4 ഇന്ത്യക്കാർക്ക് കൂടി സമ്മാനം

Mail This Article
ദോഹ∙ ഖത്തർ ടൂറിസത്തിന്റെ ഷോപ്പ് ഖത്തർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഫൈനൽ നറുക്കെടുപ്പിൽ 4 ഇന്ത്യക്കാർക്ക് കൂടി കാഷ് പ്രൈസ് ലഭിച്ചു. മെഗാ സമ്മാനമായി പേൾ ഖത്തറിൽ റസിഡൻഷ്യൽ അപാർട്‌മെന്റ് ലഭിച്ചത് ബംഗ്ലദേശ് സ്വദേശിക്ക്.
ഷോപ്പ് ഖത്തറിന്റെ സമാപനത്തോട് അനുബന്ധിച്ച് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ഫൈനൽ നറുക്കെടുപ്പിൽ വിജയികളായ 10 പേരിൽ ഇന്ത്യക്കാരായ ബാലമുരുകൻ മുത്തയ്യ, പൂജ സബ്രവാൾ എന്നിവർക്ക് 10,000 റിയാൽ വീതവും ധനജ്ഞയ് ശർമ, സുന്ദരേശൻ ഭാസ്‌ക്കരൻ എന്നിവർക്ക് 20,000 റിയാൽ വീതവുമാണ് കാഷ് പ്രൈസ് സമ്മാനമായി ലഭിച്ചത്. ബംഗ്ലദേശ് സ്വദേശിയായ അൽ മൊജാഹിദിനാണ് മെഗാ സമ്മാനമായ റസിഡൻഷ്യൽ അപാർട്‌മെന്റ് ലഭിച്ചത്.
റാഫിൾ ഡ്രോയുടെ ആദ്യ 2 നറുക്കെടുപ്പുകളിലായി 2 ഇന്ത്യക്കാർക്കും കാഷ് പ്രൈസ് ലഭിച്ചിരുന്നു. 20 ലക്ഷം റിയാലിന്റെ കാഷ് പ്രൈസ് ആണ് ഇത്തവണത്തെ ഷോപ്പ് ഖത്തറിൽ നൽകിയത്. ഓരോ 200 റിയാലിന്റെ പർച്ചേസ് ചെയ്യുന്നവർക്കാണ് റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
3 നറുക്കെടുപ്പുകളിലായി 30 പേർക്കാണ് ഇത്തവണ സമ്മാനം ലഭിച്ചത്. അപാർട്‌മെന്റിന് പുറമേ ബിഎംഡബ്ല്യൂ ആഡംബര കാർ ആയിരുന്നു മറ്റൊരു മെഗാ സമ്മാനം. മാർച്ച് 18നാണ് ഷോപ്പ് ഖത്തർ സമാപിച്ചത്.