ദോഹ∙ഖത്തരി റിയാൽ- ഇന്ത്യൻ രൂപ വിനിമയ മൂല്യത്തിൽ ഏറ്റക്കുറച്ചിലുണ്ടായതോടെ നിരക്ക് വർധന കാത്ത് പ്രവാസികൾ. ശമ്പള ദിവസങ്ങൾ അടുക്കുന്നതും പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആഗോള ഓഹരി വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിനുണ്ടാകുന്ന ചാഞ്ചാട്ടമാണ് ഖത്തരി റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വ്യത്യാസപ്പെടാനുള്ള പ്രധാന കാരണം.
കഴിഞ്ഞ കുറേ ദിവസങ്ങളായി 1 റിയാലിന് 22 രൂപ 30 പൈസയ്ക്കും 22 രൂപ 50 പൈസയ്ക്കും ഇടയിലാണ് വിനിമയ മൂല്യം. ഇന്നലെ വിപണി അവസാനിച്ചപ്പോൾ 1 റിയാലിന് 22 രൂപ 61 പൈസ എത്തിയെങ്കിലും പണ വിനിമയ സ്ഥാപനങ്ങളിൽ മിക്കയിടങ്ങളിലും 1 റിയാലിന് 22 രൂപ 36 പൈസയും 22 രൂപ 47 പൈസയുമൊക്കെയായിരുന്നു ഉപഭോക്താവിന് ലഭിച്ച വിനിമയ മൂല്യം.
അതായത് 500 റിയാൽ നാട്ടിലേക്ക് അയച്ചാൽ പരമാവധി 11,235 രൂപ നാട്ടിലെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. സർക്കാർ മേഖലയ്ക്ക് ഈ മാസത്തെ ശമ്പളം ലഭിച്ചെങ്കിലും സ്വകാര്യ മേഖലയിൽ മിക്കവർക്കും ശമ്പളം കിട്ടാൻ അടുത്ത മാസം 10 വരെ കാത്തിരിക്കണം. നോമ്പു കാലമായതിനാൽ നാട്ടിലെ കുടുംബത്തിനായി പണം അയയ്ക്കുന്നവരുടെ എണ്ണം ഈ മാസം വർധിക്കും.
മാത്രമല്ല അടുത്തമാസം വിഷു, ഈദുൽ ഫിത്ർ തുടങ്ങി വിശേഷ അവസരങ്ങളും ഈദ് അവധിയും എല്ലാം ഒരുമിച്ചെത്തുന്നതിനാൽ കുടുംബ ബജറ്റ് ഉയരുന്ന സാഹചര്യത്തിൽ വിനിമയ നിരക്കിലെ ഉയർച്ച പ്രവാസികൾക്ക് വലിയ പ്രയോജനം ചെയ്യും. 2019 അവസാനത്തിലാണ് വിനിമയ നിരക്കിൽ ഗണ്യമായ വർധനയ്ക്ക് തുടക്കമായത്. ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപ കടന്നത് 2020 മാർച്ചിലാണ്.
തുടർന്നിങ്ങോട്ട് സ്ഥിര വളർച്ച ഉറപ്പാക്കിയാണ് വിനിമയ നിരക്കിന്റെ സഞ്ചാരം. 2022 മെയിൽ 21 രൂപയിലേക്കും ഓഗസ്റ്റിൽ 22 രൂപയിലേക്കും എത്തി. വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതാണ് റിയാലുമായുള്ള വിനിമയ നിരക്ക് വർധിക്കാൻ കാരണമെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം 'ഇടിവ്' വലിയ അനുഗ്രഹം തന്നെയാണ്.