ADVERTISEMENT

ദുബായ് ∙ റമസാനിൽ 100 കോടി പേർക്ക് ഭക്ഷണ വിതരണം ചെയ്യുന്ന യുഎഇ പദ്ധതിക്ക്  22 കോടി രൂപ  (ഒരു കോടി ദിർഹം) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകുന്ന 'വൺ  ബില്യൺ മീൽസ് എൻഡോവ്‌മെന്റ്' ക്യാംപെയ്ന് പിന്തുണയേകിയാണ് സംഭാവന. 

റമസാനിൽ സുസ്ഥിര ഭക്ഷണ വിതരണത്തിനായി എൻഡോവ്‌മെന്റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) ആരംഭിച്ച പദ്ധതിയിലൂടെ ലോകത്തെങ്ങുമുള്ള ദുർബല ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു. വ്യക്തികൾ, സാമൂഹിക–സാമ്പത്തിക സ്ഥാപനങ്ങൾ, ജീവകാരുണ്യ സംഘടനകൾ തുടങ്ങിയവയിൽ നിന്ന് മികച്ച പിന്തുണയാണ് ക്യാംപെയ്ന് ലഭിക്കുന്നത്. പദ്ധതിക്കായി അടുത്ത അഞ്ചു വർഷത്തേക്കാണ് ഡോ. ഷംഷീർ ഒരു കോടി ദിർഹം ലഭ്യമാക്കുക. 

ലോകത്തെ ദുർബല വിഭാഗങ്ങൾക്ക് പിന്തുണയേകി യുഎഇ നേതൃത്വം നൽകുന്ന 'വൺ ബില്യൻ മീൽസ് എൻഡോവ്‌മെന്റ്' ക്യാംപെയ്നെ പിന്തുണയ്ക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. സഹായം ആവശ്യമുള്ളവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്ന യുഎഇയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ പദ്ധതിയാണിത്. 

വൺ  ബില്യൻ മീൽസ് എൻഡോവ്‌മെന്റ് ക്യാംപെയ്ൻ കഴിഞ്ഞ വർഷത്തെ പദ്ധതിയുടെ തുടർച്ചയാണ്. 50 രാജ്യങ്ങളിലെ ദുർബല വിഭാഗങ്ങൾക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞവർഷം ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കിയത്. ലോകത്തെങ്ങുമുള്ള നിരാലംബർക്കും പോഷകാഹാരക്കുറവുള്ളവർക്കും ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് മുൻവർഷങ്ങളിലും ഡോ.ഷംഷീർ സജീവ പിന്തുണ നൽകിയിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com