ADVERTISEMENT

ഷാര്‍ജ∙ സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയാൽ എന്തുചെയ്യണമെന്നു യുഎഇയിലെ 50% കുട്ടികൾക്കും അറിയില്ലെന്നു ഷാർജ അധികൃതർ. ഷാർജ ചൈൽഡ് സേഫ്റ്റി ഡിപാർട്ട്‌മെന്റ് (സിഎസ്‌ഡി) എമിറേറ്റിലെ സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് ആറിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇക്കാര്യത്തിൽ നിസഹായരാണെന്ന് കണ്ടെത്തിയത്. ഒരു പബ്ലിക് സ്‌കൂളിൽ വിവിധ രാജ്യക്കാരായ ഒട്ടേറെ വിദ്യാർഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണത്തെ തുടർന്നാണ് അധികൃതർ ഇൗ വിവരം പുറത്തുവിട്ടത്.  

Read Also: യുഎഇയ്ക്ക് ഇഷ്ടമാണ് ഇന്ത്യൻ ബീഫ്; വിൽപനയിൽ ആറര ശതമാനം വളർച്ച

uae-3

അടച്ചിട്ട സ്കൂൾ ബസിനുള്ളിൽ ഓരോ കുട്ടിയെയും ഒറ്റയ്ക്കാക്കി അവരുടെ പ്രതികരണങ്ങൾ നിരീക്ഷിക്കാനും അവർക്ക് വിജയകരമായി ബസിൽ നിന്നു പുറത്തുകടക്കാൻ കഴിയുമോ എന്നറിയാനുമായിരുന്നു പരീക്ഷണം. എന്നാൽ കുട്ടികളുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു എന്നും പരീക്ഷണം വെളിപ്പെടുത്തി. പങ്കെടുത്തവരിൽ പകുതി പേർക്കു മാത്രമേ ബസില്‍ നിന്നിറങ്ങാൻ കഴിഞ്ഞുള്ളു. തങ്ങളെ സഹായിക്കാൻ വഴിയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നത് എങ്ങനെയെന്ന് കുട്ടികൾക്ക് അറിയില്ലായിരുന്നു. ഇത് ഒരു യഥാർത്ഥ സാഹചര്യത്തിലാകുമ്പോൾ ഗുരുതരമായ അപകടത്തിലേയ്ക്ക് നയിക്കുമെന്ന് പഠനം പറയുന്നു. 

uae-4

ലോക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഓക്സിജന്റെ അഭാവവും ഉയർന്ന താപനിലയും ശ്വാസംമുട്ടലിനും മരണത്തിനും ഇടയാക്കും. സുരക്ഷാ നടപടികളെക്കുറിച്ചു കുട്ടികളിൽ അവബോധം വളർത്തുന്നതിനും അടിസ്ഥാന സുരക്ഷാ വൈദഗ്ധ്യങ്ങൾ പഠിപ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിൽപശാലകളും പരിശീലനക്കളരിയും സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥർക്കും രക്ഷിതാക്കൾക്കും സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുന്നതിനുമാണു സാമൂഹിക പരീക്ഷണം നടത്തിയതെന്ന് സിഎസ്ഡി ഡയറക്ടർ ഹനാദി അൽ യാഫി പറഞ്ഞു. 

ശിൽപശാലയിലൂടെ ബോധവത്കരണം

കുട്ടികളെ ബസിനുള്ളിലോ അടച്ച വാഹനത്തിനുള്ളിലോ ഉപേക്ഷിച്ചാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ഷാർജ സിവിൽ ഡിഫൻസ് ബോധവൽക്കരണ ശിൽപശാലയും നടത്തി. വായുസഞ്ചാരത്തിനായി ജനലുകൾ തുറന്ന്, ആവർത്തിച്ചു ഹോൺ മുഴക്കി, കുട്ടിയെ പുറത്തുകടക്കാൻ സഹായിക്കുന്നതിന് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയണമെന്ന് നിർദേശിച്ചു. യുഎഇയിലെയും മേഖലയിലെയും സ്ഥാപനങ്ങൾക്ക് അപകടസാധ്യത മനസിലാക്കുന്നതിനും കുട്ടിക്കാലത്തെ അപകടങ്ങൾ തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ പരീക്ഷണം ഒരു മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ യാഫി പറഞ്ഞു. കുട്ടികളുമായി ഇടപഴകുന്ന രക്ഷിതാക്കൾക്കും സംഘടനകൾക്കും ഇത് ഒരു പ്രോത്സാഹനമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു. 

uae-new

സാമൂഹിക അവബോധം അനിവാര്യം

കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം വർധിപ്പിക്കുന്നതിനുള്ള സിഎസ്ഡി സംരംഭങ്ങളുടെ പരമ്പരയുടെ ഭാഗമാണ് ഇൗ പരീക്ഷണം. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഡിപാർട്ട്മെന്റ് 'സ്‌കൂൾ ബസ് സേഫ്റ്റി ഗോൾഡൻ റൂൾസ്' എന്ന പേരിൽ ദ്വിദിന ശിൽപശാല സംഘടിപ്പിക്കുകയും ചെയ്തു. അതിൽ 900 ബസ് ഡ്രൈവർമാർ, സൂപ്പർവൈസർമാർ, നാവിഗേറ്റർമാർ എന്നിവർ പങ്കെടുത്തു. പരീക്ഷണത്തിന്റെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടുന്ന ബോധവൽക്കരണ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ബസുകളിലും മറ്റു വാഹനങ്ങൾക്കകത്തും കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നതിന്റെ അപകടത്തെ വിഡിയോയിൽ തുറന്നു കാണിച്ചു. കുട്ടികളെ സംരക്ഷിക്കുന്നതിൽ ബന്ധപ്പെട്ട വിഭാഗങ്ങളും രക്ഷിതാക്കളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com