ദുബായ് ∙ ദുബായ് മെട്രോയുടെ കുതിപ്പിന് 200 കോടി യാത്രക്കാരുടെ സാക്ഷ്യം. സുവർണ നഗരിക്ക് പുതിയൊരു യാത്രാ ശൈലി സമ്മാനിച്ച് 9–9–2009ന് ആരംഭിച്ച ദുബായ് മെട്രോയിൽ ഇന്നലെ വരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കവിഞ്ഞു.
Also read: ഗാർഹിക തൊഴിലാളികൾക്കെതിരെ വ്യാജ പരാതി നൽകിയാൽ ദുബായില്‍ വൻ പിഴ
53 സ്റ്റേഷനുകൾക്കിടയിൽ 129 ട്രെയിനുകളാണ് സർവീസ് നടത്തിവരുന്നത്. 99.7% കൃത്യതയോടെ ഓടുന്ന ദുബായ് മെട്രോയിൽ ദിവസേന 6 ലക്ഷം പേർ യാത്ര ചെയ്യുന്നു. ദുബായിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് മെട്രോ യാത്രയാണ്. റെഡ്, ഗ്രീൻ ലൈനുകളിൽ സഞ്ചരിച്ചാൽ തന്നെ ദുബായുടെ ഒട്ടുമിക്ക ഭാഗങ്ങളും കാണാം.
2009ലാണ് യുഎഇയുടെ സ്വപ്ന ട്രാക്കിൽ ദുബായ് മെട്രോ കൂകിപ്പാഞ്ഞത്. അസാധ്യം എന്ന വാക്ക് യുഎഇയുടെ നിഘണ്ടുവിൽ ഇല്ലെന്ന് വ്യക്തമാക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേഖലയ്ക്കു സമ്മാനിച്ചത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ യാത്ര. ദുബായിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിൽ അഭിമാനമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.