ADVERTISEMENT

അബുദാബി∙ ഇന്ത്യയും യുഎഇയും തമ്മിൽ സമഗ്ര സാമ്പത്തിക കരാർ (സെപ) ഒപ്പുവച്ചതിനു ശേഷമുള്ള പുരോഗതി വിലയിരുത്താൻ യുഎഇ സാമ്പത്തിക മന്ത്രാലയം സർവേ നടത്തുന്നു. കരാറിന്റെ ഗുണം പ്രത്യക്ഷമായും പരോക്ഷമായും ലഭിച്ച കയറ്റുമതിക്കാർ, വ്യവസായികൾ, നിക്ഷേപകർ, സംരംഭകർ തുടങ്ങിയവരിൽ നിന്നാണ് സ്ഥിതിവിവരക്കണക്കുകളും അഭിപ്രായവും ശേഖരിക്കുക.

 

ഇറക്കുമതിയിലും കയറ്റുമതിയിലും ഉണ്ടായ മാറ്റങ്ങൾ, നിക്ഷേപങ്ങളുടെ ഒഴുക്ക്, ബിസിനസ്സിലെ പുതിയ പങ്കാളിത്തം, തൊഴിലവസരങ്ങൾ, കസ്റ്റംസ് തീരുവയിലെ ഇളവ്, വിലയിലെ മാറ്റങ്ങൾ, നടപടിക്രമങ്ങളുടെ വേഗം, കാലതാമസം, വിതരണ ശൃംഖലയുടെ കാര്യക്ഷമത, നവീകരണം, മത്സരം, തടസ്സം എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങളിൽ ഊന്നിയായിരിക്കും സർവേ.

 

സെപ കരാർ കൊണ്ടുണ്ടായ നേട്ടങ്ങളും വെല്ലുകളിലും മനസ്സിലാക്കി ഭാവി വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ സർവേ ഫലം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവേ വിവരങ്ങൾ ഇന്ത്യയ്ക്കും കൈമാറും. ജൂൺ 15 വരെ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ( https://www.moec.gov.ae/web/guest/cepa) വഴി അഭിപ്രായം രേഖപ്പെടുത്താം.

 

സർവേ ഫലം അനുസരിച്ച് പുതിയ വ്യാപാര നയം രൂപീകരിച്ച് സ്വകാര്യ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കാനും ആലോചിക്കുന്നു. ഇന്ത്യയും യുഎഇയിലും തമ്മിലുള്ള  ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 18ന് ഒപ്പുവച്ച സെപ കരാർ 2022 മേയ് ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശം, നിക്ഷേപം, തർക്ക പരിഹാരം തുടങ്ങിയവ കരാറിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com