അബുദാബി/ദുബായ്∙ യുഎഇയിലെ 4 കേന്ദ്രങ്ങളിലും നീറ്റ് പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) സുഗമമായി നടന്നതായി യുഎഇയിലെ നീറ്റ് പരീക്ഷാ ചുമതലയുള്ള ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്രിൻസിപ്പൽ ഏബ്രഹാം മനോഹർ പറഞ്ഞു. റജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും പരീക്ഷയ്ക്ക് എത്തിയിരുന്നു.
ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷ നടന്നത്. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസ് സീൽ ചെയ്ത ശേഷം ദുബായ്, ഷാർജ കേന്ദ്രങ്ങൾ ഇന്ത്യൻ കോൺസുലേറ്റിലും അബുദാബി കേന്ദ്രം ഇന്ത്യൻ എംബസിയിലും സമർപ്പിച്ചു. ഇവിടുന്ന് ഡിപ്ലോമാറ്റിക് ബാഗിലാക്കി ഇന്ത്യയിൽ എത്തിക്കും.
അബുദാബി ഇന്ത്യൻ ഹൈസ്‍കൂൾ (മുറൂർ), ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഹൊർ അൽ അൻസിലെ ഭവൻസ് പേൾ വിസ്ഡം സ്കൂൾ, ഷാർജ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ എന്നീ സെന്ററുകളിലായി 1687 പേരാണ് പരീക്ഷ എഴുതിയത്. നീറ്റ് പരീക്ഷയ്ക്ക് ഇന്ത്യയിലെ വിദ്യാർഥികളിൽനിന്ന് 1500 രൂപ ഈടാക്കുമ്പോൾ വിദേശ വിദ്യാർഥികളിൽനിന്ന് 9500 രൂപയാണ് ഈടാക്കുന്നത്.
ഇതനുസരിച്ച് യുഎഇയിൽനിന്ന് മാത്രം 1.6 കോടി രൂപ ലഭിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നെല്ലാം കൂടി ചേർത്താൽ ഇത് 3 കോടിയോളം വരും. എന്നാൽ നടത്തിപ്പു ചെലവിനായി ഗൾഫിലെ സ്കൂളുകൾക്ക് നാമമാത്ര തുകയാണ് അധികൃതർ നൽകുന്നതെന്നും ആരോപണമുണ്ട്.