ADVERTISEMENT

അബുദാബി∙ ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി  (സെപ) എണ്ണയിതര വ്യാപാരത്തിന് സമ്മാനിച്ചത് പുതുയുഗപ്പിറവി. ഉൽപാദനത്തിലും വ്യാപാരത്തിലും വൻ വർധന.  കരാർ നിലവിൽ വന്ന് ആദ്യ 11 മാസത്തിനിടെ 4550 കോടി ഡോളറിന്റെ വ്യാപാരം നടന്നതായി യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു.  ഈ വർഷം ആദ്യ പാദത്തിൽ എണ്ണയിതര വ്യാപാരത്തിൽ 24.7% വർധന.

Also read: യുഎഇ ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം

യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയും 22% വർധിച്ചു. ആഗോള വ്യാപാര മാന്ദ്യത്തിനിടയിലും 2022ൽ 3, 4 പാദങ്ങളിൽ ഇന്ത്യ–യുഎഇ വ്യാപാരം 6.9% വർധിച്ചിരുന്നു. വാർഷിക നിക്ഷേപ സംഗമത്തിൽ (എഐഎം ഗ്ലോബൽ) സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ വാർഷിക ആഘോഷമായ സെപ ബിയോണ്ട് ട്രേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ഇരുരാജ്യങ്ങൾക്കും ഇടയിൽ ചരക്ക്, സേവന ഒഴുക്ക് വർധിപ്പിക്കുകയാണ് സെപ ലക്ഷ്യമാക്കുന്നത്. ഇതിലൂടെ കയറ്റുമതി മേഖലകളെ ഉത്തേജിപ്പിക്കാനും വ്യാവസായിക ഉൽപാദനം വർധിപ്പിക്കാനും സാധിക്കും. ഇരുരാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സഹകരണത്തിനും സാമ്പത്തിക ഏകീകരണത്തിനുമുള്ള സെപ കരാർ ദീർഘകാലാടിസ്ഥാനത്തിൽ ഗണ്യമായ നേട്ടമുണ്ടാക്കുമെന്നു മന്ത്രി വ്യക്തമാക്കി.

 

തടസ്സങ്ങൾ നീക്കുകയും നടപടികൾ സുതാര്യമാക്കുകയും  ചെയ്ത സെപ കരാർ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് ഒരു വർഷ കാലയളവിൽ തിരിച്ചറിഞ്ഞു. സ്വകാര്യ മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അഭിവൃദ്ധി നേടുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

 

സെപ ബിയോണ്ട് ട്രേഡിൽ യുഎഇയിലെയും ഇന്ത്യയിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വ്യാപാര പ്രതിനിധികളും വ്യവസായ പ്രമുഖരും സംരംഭകരും പങ്കെടുത്തു. ഒരു വർഷം പിന്നിട്ട സെപ കരാറിന്റെ വിജയം വരാനിരിക്കുന്ന വൻ അവസരങ്ങളെ പ്രതിഫലിക്കുന്നതാണെന്ന് ഡിപ്പാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ആൻഡ് ഇന്റേണൽ ട്രേ‍ഡ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കെ സിങ് പറഞ്ഞു.

 

യുഎഇ–ഇന്ത്യ ചരിത്ര–ഭാവി വ്യാപാര ബന്ധം എന്ന പ്രമേയത്തിൽ പാനൽ ചർച്ചയിൽ ഷറഫ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സലാഹ് ഷറഫ്,  നിക്കായ് ഗ്രൂപ്പ് ചെയർമാൻ പരാസ് ഷഹ്ദാദ്പുരി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് എന്നിവർ പങ്കെടുത്തു.

 

ഫാഷൻ, ഭക്ഷ്യം എന്നീ വ്യവസായങ്ങളെക്കുറിച്ചും പാനൽ ചർച്ചകൾ ഉണ്ടായിരുന്നു. 2022 മേയ് ഒന്നിനു പ്രാബല്യത്തിൽ വന്ന സെപ കരാർ അനുസരിച്ച് 80% ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്താണ് വ്യാപാര രംഗത്ത് വൻ ചലനമുണ്ടാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com