ADVERTISEMENT

അബുദാബി∙ ജിസിസി റെയിലിന്റെ സ്വപ്ന ട്രാക്കിൽ കുതിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. സാധ്യതാ, ഗതാഗത പഠനങ്ങൾ പൂർത്തിയായി. മേൽനോട്ടത്തിനായി രൂപീകരിച്ച ജിസിസി റെയിൽവേ അതോറിറ്റി അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ്.

Also read: കരകാണാക്കാഴ്ചകളുടെ കടൽക്കൊട്ടാരം 23ന് തുറക്കും

യുഎഇയും സൗദിയുമാണ് പദ്ധതിയിലേക്കു കൂടുതൽ അടുത്ത രാജ്യങ്ങളെന്ന് ജിസിസി റെയിൽവേ അതോറിറ്റി വിദഗ്ധൻ നാസർ ‍അൽ ഖഹ്താനി പറഞ്ഞു. അതതു രാജ്യങ്ങളിലെ റെയിൽ ശൃംഖലയുമായി അംഗ രാജ്യങ്ങൾ ബന്ധിപ്പിക്കുന്നതോടെ 2117 കി.മീ ജിസിസി റെയിൽ യാഥാർഥ്യമാകും. 6 രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചാകും ജിസിസി റെയിൽ സർവീസ്. 

 

അബുദാബിയിൽ ഇന്നലെ സമാപിച്ച മിഡിൽ ഈസ്റ്റ് റെയിൽ എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് ഇക്കാര്യം വിശദീകരിച്ചത്. യുഎഇയുടെ ഇത്തിഹാദ് റെയിൽ 900 കി.മീ പൂർത്തിയാക്കി ഫെബ്രുവരിയിൽ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയിൽ റാസൽഖൈർ-ദമാൻ റൂട്ടിൽ 200 കി.മീ പൂർത്തിയായി.

 

സൊഹാർ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനു ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കൽ ജോലി പുരോഗമിക്കുകയാണ്. ഖത്തർ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകൽപനയും പൂർത്തിയായി. ബഹ്‌റൈനെ ജിസിസി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും  കുവൈത്തിന്റെ 111 കി.മീ റെയിൽവേ ട്രാക്കിന്റെ രൂപകൽപനയും പൂർത്തിയായി.

 

റെയിൽവേ ട്രാക്കുകളുടെ ഏകീകൃത മാനദണ്ഡങ്ങളും പൊതു മാർഗനിർദേശങ്ങളും സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്ന് ഉറപ്പാക്കാൻ ജിസിസി റെയിൽവേ അതോറിറ്റി അംഗരാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്നും അൽഖഹ്താനി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com