അബുദാബി/ദുബായ്∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ.എക്സ് 814) 11 മണിക്കൂറിലേറെ വൈകിയത് പ്രവാസികളെ പ്രയാസത്തിലാക്കി. ദുബായിൽനിന്ന് മംഗളൂർക്ക് ഇന്നലെ പുലർച്ചെ 2.25ന് പോകേണ്ടിയിരുന്ന യാത്രക്കാരെയാണ് എയർലൈൻ ഉദ്യോഗസ്ഥർ കൃത്യമായ വിവരം നൽകാതെ വട്ടംകറക്കിയത്.
Also read: ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് അബുദാബിയിൽ നാളെ തുറക്കും
വിമാനം വൈകുമെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ശനിയാഴ്ച രാത്രി പത്തരയോടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പതിവുപോലെ കൗണ്ടറിൽ നിന്നെങ്കിലും ചെക്കിൻ ആരംഭിച്ചില്ല. സിസ്റ്റം തകരാറായതിനാൽ യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടതോടെ യാത്രക്കാർ ബഹളം വച്ചപ്പോൾ നാട്ടിൽ നിന്നുള്ള വിമാനം എത്തിയിട്ടില്ലെന്നും ഒരു മണിക്കൂറിനകം വരുമെന്നും മാറ്റി പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞിട്ടും വിമാനം എത്തിയില്ല. യാത്രക്കാർ രോഷാകുലരായി.
ഒടുവിൽ ദുബായ് എയർപോർട്ട് അധികൃതർ ഇടപെട്ട് യാത്രക്കാരോട് വീട്ടിലേക്കു തിരിച്ചുപോകാനും വിമാനം വരുന്ന അറിയിപ്പ് ലഭിച്ചാൽ മാത്രം എത്തിയാൽ മതിയെന്നും അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് തിരിച്ചുപോയ യാത്രക്കാരെ ഒരു മണിക്കൂറിനകം തന്നെ ഫോണിൽ വിളിച്ച് 3 മണിയോടെ ചെക്കിൻ ആരംഭിക്കുമെന്നും വിമാനത്താവളത്തിൽ എത്തണമെന്നും ആവശ്യപ്പെട്ടു.
ഇതു വിശ്വസിച്ച് യാത്രക്കാർ തിരിച്ചെത്തി ക്യൂവിൽ മണിക്കൂറുകളോളം നിന്നെങ്കിലും വിമാനം മാത്രം എത്തിയില്ല.ചോദിക്കുന്നവരോട് വിമാനം ഉടൻ എത്തുമെന്ന അറിയിപ്പ് ആവർത്തിക്കുകയായിരുന്നുവെന്ന് പുത്തൻപുരയിൽ ജോസഫ് പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരാണ് ഏറെ പ്രയാസത്തിലായത്. കാസർകോട്, കണ്ണൂർ ജില്ലയിൽനിന്നുള്ളവരായിരുന്നു ഭൂരിഭാഗം പേരും.
കണ്ണൂരിലേക്ക് ഗോ ഫസ്റ്റ് വിമാനം റദ്ദാക്കിയതോടെ യാത്രക്കാരിൽ പലരും മംഗളൂരു വിമാനത്താവളത്തെയാണ് ആശ്രയിച്ചുവരുന്നത്. ഏക സർവീസായതിനാൽ എയർ ഇന്ത്യ കണ്ണൂരിലേക്ക് നിരക്കും വർധിപ്പിച്ചതും യാത്ര മംഗളൂരു വഴിയാക്കാൻ പ്രേരിപ്പിച്ചു. അതിനാൽ വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. വീസ കാലാവധി തീർന്നവരും രോഗികളും അടിയന്തരമായി നാട്ടിൽ എത്തേണ്ടവരും വിമാനത്താവളത്തിൽ കുടുങ്ങി.
ഉടൻ വരുമെന്ന അറിയിപ്പ് തുടരുന്നതിനാൽ വീട്ടിലേക്ക് പോകാതെ വിമാനത്താവളത്തിൽ തന്നെ തുടരുകയായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. എന്നാൽ ഭക്ഷണം, താമസം തുടങ്ങി ആവശ്യമായ സൗകര്യങ്ങളൊന്നും എയർലൈൻ നൽകിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. 11 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് വിമാനം പുറപ്പെട്ടു. ഇവരെ കൂട്ടാനായി ബന്ധുക്കൾ മംഗളൂരു വിമാനത്താവളത്തിലും കാത്തുകിടക്കേണ്ടിവരുന്നു.
English Summary: passengers face tough time as dubai mangalore air india express delayed by about 11 hours.