യുഎഇയിൽ ഇടിയോടുകൂടി മഴ; ചൂടിന് താത്കാലിക ശമനം, ജാഗ്രതാ നിര്‍ദേശം

uae-weather
SHARE

ദുബായ് ∙ കനത്ത ചൂടിന് താത്കാലിക ശമനമുണ്ടാക്കി യുഎഇയിൽ പല എമിറേറ്റുകളിലും ഇന്ന് ഇടിയോടുകൂടിയ മഴ പെയ്തു.  ചൂടുണ്ടെങ്കിലും തണുത്തതും സുഖകരവുമായ അന്തരീക്ഷം മിക്കയിടത്തും തുടരുന്നു. അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ, ഷാർജ എന്നിവിടങ്ങളിൽ ശക്തമായതോ മിതമായതോ ആയ മഴയാണ് ഇന്ന് രാവിലെ പെയ്തത്. മഴയെത്തുടർന്ന് ഈ പ്രദേശങ്ങളിലെ പ്രധാന തെരുവുകളിലും കമ്മ്യൂണിറ്റികളിലും താഴ്‌വരകളിലും വെള്ളം കെട്ടിക്കിടന്നു. ഇന്ന് (തിങ്കൾ) രാവിലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

പൊതുജനം ജാഗ്രത പാലിക്കണം; വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം

uae-weather-2

മഴ പെയ്യുന്ന സാഹചര്യത്തിൽ പൗരന്മാരും പ്രവാസികളും പുറത്തിറങ്ങുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷയെ മുൻനിർത്തി വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളും താഴ്‌വരകളും ആരും സന്ദർശിക്കരുത്. കാലാവസ്ഥാ സംബന്ധമായ നിയമലംഘനത്തിന് പിഴ ചുമത്തുന്നതുമാണ്.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.  

വാഹനമോടിക്കുന്നവർ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) നിര്‍ദേശിച്ചു.  വേഗം കുറയ്ക്കാനും ശ്രദ്ധാപൂർവം ഡ്രൈവ് ചെയ്യാനും ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും മാർഗനിർദേശം നൽകി.  പ്രതികൂല കാലാവസ്ഥയിൽ സുരക്ഷിതമായ ഡ്രൈവിങ് പരിശീലിക്കേണ്ടത് പ്രധാനമാണ്. 

മഴക്കാലത്തെ സുരക്ഷ

uae-weather-3

നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിങ്ങളുടെ വാഹനത്തിന്റെ ബ്രേക്ക്, ടയറുകൾ, ഹെഡ്‌ലൈറ്റുകൾ എന്നിവയുടെ സാധുത പരിശോധിക്കുക. ചെറിയ യാത്രയാണെങ്കിലും അല്ലെങ്കിലും മഴയത്ത് വാഹനമോടിക്കുന്നതിന് മുൻപ് സുരക്ഷിതമായ യാത്രയ്ക്കായി വാഹനത്തിന്റെ വൈപ്പറുകൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക. മഴയത്ത് വാഹനമോടിക്കേണ്ടി വന്നാൽ, നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി നിങ്ങളുടെ വാഹനവും മുന്നിലുള്ള വാഹനവും തമ്മിലുള്ള സുരക്ഷാ അകലം എപ്പോഴും ഇരട്ടിയാക്കുക. മഴ പെയ്യുമ്പോൾ സാവധാനം ഡ്രൈവ് ചെയ്യുക, അതുവഴി നിങ്ങൾക്ക് എല്ലായ്പ്പോഴും കാർ നിയന്ത്രിക്കാനും മറ്റ് വാഹനങ്ങൾക്ക് പിന്നിൽ പെട്ടെന്ന് നിർത്തേണ്ടിവരുമെന്ന ആശങ്ക ഒഴിവാക്കാനും കഴിയും. 

വാഹന ടയറുകൾ പരിശോധിക്കുന്നത് ഉറപ്പാക്കുക. മഴയത്ത് വാഹനമോടിക്കുമ്പോൾ എപ്പോഴും ട്രാഫിക് സിഗ്നലുകൾ പാലിക്കുക. കുറഞ്ഞ വേഗത്തിൽ ശ്രദ്ധയോടെയുംസൂക്ഷ്മതയോടെയും ഡ്രൈവ് ചെയ്യുക. നിങ്ങളുടെ സുരക്ഷയ്ക്കായി വേഗ പരിധി കവിയരുത്. 

മഴ പെയ്യുമ്പോൾ ഡ്രൈവർമാർക്കുള്ള പ്രധാന ഉപദേശം: 

–മറ്റ് വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക.  

 –അനുയോജ്യമായ സാഹചര്യത്തിലല്ലാതെ മറ്റ് വാഹനങ്ങളെ മറികടക്കരുത്.  

- മഴ പെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താൻ ജാഗ്രതയോടെയും ശ്രദ്ധയോടെയും വാഹനമോടിക്കുക.  

- മഴയത്ത് വാഹനമോടിക്കുമ്പോൾ കൂട്ടിയിടി ഒഴിവാക്കാൻ നിങ്ങളുടെ ഹെഡ്‌ലൈറ്റുകൾ ഓണാക്കി നിങ്ങൾക്ക് മുന്നിലുള്ള വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ ഇടം വയ്ക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA