ADVERTISEMENT

ദോഹ∙ ഖത്തറിന്റെ ലോക വ്യാപാരത്തിന് ആക്കം കൂട്ടാൻ ഹമദ് തുറമുഖത്ത് നിന്ന് പുതിയ കപ്പൽ സർവീസിന് തുടക്കമായി. ഇന്ത്യൻ ഉപഭൂഖണ്ഡങ്ങൾ, ചെങ്കടൽ, പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖല എന്നിവയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിച്ചുള്ളതാണ് പുതിയ സർവീസ്.

Also read: തല ചരിക്കാതെ കാണാം ചരിഞ്ഞ പള്ളി; അപൂർവ വാസ്തുവിദ്യ കൗതുകമാകുന്നു

തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തർ ആണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുമായി ചേർന്ന്  വാരാന്ത്യ സർവീസിന് തുടക്കമിട്ടത്. ഖത്തറിന്റെ കയറ്റുമതി വിപണിയുടെ വർധിക്കുന്ന ആവശ്യകത നിറവേറ്റാൻ പുതിയ സർവീസും സഹായിക്കും. വേഗത്തിലുള്ള ചെലവുകുറഞ്ഞ ട്രാൻസിറ്റ് സൗകര്യത്തിനൊപ്പം സമയവും ലാഭിക്കാം.

ആഗോള തലത്തിലുള്ള കൂടുതൽ തുറമുഖങ്ങളുമായി ഹമദ് തുറമുഖത്തെ നേരിട്ടു ബന്ധിപ്പിച്ചുള്ള കപ്പൽ സർവീസ് തുടങ്ങുന്നതിലൂടെ രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും. യുഎഇ, സൗദി, ബഹ്‌റൈൻ, ഈജിപ്ത് ഉൾപ്പെടുന്ന 4 അയൽ രാജ്യങ്ങൾ ചേർന്ന് രാജ്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയ കാലത്താണ് ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേയ്ക്ക് ഹമദ് തുറമുഖത്ത് നിന്ന് നേരിട്ടുള്ള കപ്പൽ സർവീസ് തുടങ്ങിയത്.

പിന്നീടിങ്ങോട്ട്  സർവീസുകളുടെ എണ്ണം കൂടി. കഴിഞ്ഞ വർഷം 5 സർവീസുകളാണ് പുതുതായി തുടങ്ങിയത്. തുറമുഖത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യ എക്‌സ്പ്രസിന് 2022 ഏപ്രിലിൽ തുടക്കമിട്ടു. ഗുജറാത്തിലെ മുന്ദ്രയിൽ നിന്ന് സോഹാർ, ജബൽ അലി, അജ്മാൻ, റാസ് അൽഖൈമ എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിച്ചുള്ളതായിരുന്നു ആദ്യ ഗൾഫ്-ഇന്ത്യ എക്‌സ്പ്രസ് സർവീസ്. ഗൾഫ്-ഇന്ത്യ എക്‌സ്പ്രസ് സർവീസിന്റെ രണ്ടാം ഘട്ടത്തിൽ കഴിഞ്ഞ ഒക്‌ടോബറിൽ സർക്കുലർ സർവീസിനും തുടക്കമിട്ടു.

ഹമദ് തുറമുഖത്തെ ഇന്ത്യ, ബഹ്‌റൈൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിച്ചുള്ള സർക്കുലർ സർവീസിലൂടെ ഖത്തറും ഇന്ത്യയും ഉൾപ്പെടെ 4 രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ കഴിഞ്ഞു. ഇന്ത്യയിലെ മുന്ദ്ര അദാനി ടെർമിനലിൽ നിന്നാരംഭിച്ച് സൗദിയിലെ കിങ് അബ്ദുല്ലസീസിലെത്തി അവിടെ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ, തുടർന്ന് ഖത്തറിന്റെ ഹമദ്, യുഎഇയിലെ ജബൽ അലി എന്നീ തുറമുഖങ്ങളിലൂടെ യാത്ര ചെയ്ത് വീണ്ടും മുന്ദ്ര തുറമുഖത്ത് എത്തുന്ന  സർവീസാണിത്. 

പോർട്ട് പ്രകടന സൂചികയിൽ എട്ടാമത് 

മധ്യപൂർവദേശത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖം അടുത്തിടെയാണ് കണ്ടെയ്‌നർ പോർട്ട് പ്രകടന സൂചികയിൽ ആഗോള തലത്തിൽ എട്ടാം സ്ഥാനം നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com