അബുദാബി∙ കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം നിർദേശിക്കാൻ ഹൈസ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്-ഓക്സ്ഫഡ് സർവകലാശാല സംയുക്ത സംരംഭം. വിജയികൾക്ക് യുഎഇയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) പദ്ധതി അവതരിപ്പിക്കാം.
ഇവർക്ക് ഓക്സ്ഫഡ് സർവകലാശാല സെയ്ദ് ബിസിനസ് സ്‌കൂളിൽ പ്രത്യേക പരിശീലനം നൽകും. അടുത്ത വർഷം ഓക്സ്ഫഡിൽ നടക്കുന്ന പ്രത്യേക കാലാവസ്ഥാ വ്യതിയാന പരിപാടിയിൽ പങ്കെടുക്കാനും വിജയികൾക്ക് അവസരം ലഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് ആഗോളതലത്തിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കിടയിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം.
ഇതോടനുബന്ധിച്ച് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികൾ സമർപ്പിക്കാൻ അധ്യാപകർക്കും അവസരമുണ്ട്. ചാലഞ്ചിന് സ്കോൾ സെന്റർ ഫോർ സോഷ്യൽ ഒൻട്രപ്രനർഷിപ്പിന്റെ പിന്തുണയും ഉണ്ട്. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ കൂട്ടായ ആഗോള പരിശ്രമം നിർണായകമാണെന്നും പുതു തലമുറയിലെ വിദ്യാർഥികളെയും അധ്യാപകരെയും പരിപോഷിപ്പിക്കുകയാണ് ചാലഞ്ചിലൂടെ ഉദ്ദേശിക്കുന്നതെന്നും ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. വിവരങ്ങൾക്ക് competition@sbs.ox.ac.uk