മസ്കത്ത് ∙ മസ്കത്ത് നഗരത്തിലെ റോഡുകളില്‍ നഗരസഭ ഒരു ലക്ഷം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നു. നിലവിലെ പഴയ ലൈറ്റുകള്‍ക്ക് പകരം വൈദ്യുതി ലാഭിക്കാനും പരിസ്ഥിതി സൗഹൃദവുമായ ലൈറ്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 17,000 ലൈറ്റുകളാണ് സ്ഥാപിച്ചത്. അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുക.
സുല്‍ത്താന്‍ ഖാബൂസ് റോഡ്, ഖുറയാത്- ഫിന്‍സ് റോഡ്, ദാര്‍സൈത് പാലം, അല്‍ ഖുറം റോഡ്, നവംബര്‍ 18 റോഡ്, ഗ്രാന്‍ഡ് മസ്ജിദ് റോഡ് തുടങ്ങിയ അഞ്ച് പ്രധാന റോഡുകളില്‍ ആദ്യ ഘട്ടത്തില്‍ 74,000 ലൈറ്റുകൾ മാറ്റിസ്ഥാപിച്ചു. രണ്ടാം ഘട്ടത്തില്‍ 17,000 യൂണിറ്റുകള്‍ സ്ഥാപിച്ചു. അല്‍ സീബ്, ബൗശര്‍, മത്ര, അല്‍ അമീറാത്, സുല്‍ത്താന്‍ ഖാബൂസ് റോഡിലെ അല്‍ ഖുറം- അല്‍ അതൈബ ഭാഗം, ചില പാലങ്ങള്‍, മത്രയിലെയും മസ്‌കത്തിലെയും സര്‍വീസ് റോഡുകള്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ എല്‍ഇഡികള്‍ സ്ഥാപിച്ചത്.
മൂന്നാം ഘട്ടത്തെ സംബന്ധിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്. 30,000 ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026ലാണ് പദ്ധതി പൂര്‍ത്തിയാകുക. അപ്പോഴേക്കും ഒരു ലക്ഷത്തിലേറെ എല്‍ഇഡി ലൈറ്റുകൾ സ്ഥാപിക്കാനാകും. പുതിയ ലൈറ്റിങ് സംവിധാനത്തിലൂടെ വൈദ്യുതി ഉപയോഗം 70 ശതമാനം കുറയ്ക്കാനായി. പരിപാലനത്തിന്റെ ചെലവും കാര്‍ബണ്‍ പുറന്തള്ളലും കുറഞ്ഞു. മുനിസിപാലിറ്റിയിലെ ലൈറ്റിങ്, ട്രാഫിക് കണ്‍ട്രോള്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.