ഏഴ് കിലോ കഞ്ചാവ് കടത്തിയ ഏഷ്യൻ യാത്രക്കാരനെ ദുബായ് കസ്റ്റംസ് അറസ്റ്റ് ചെയ്തു
Mail This Article
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ഏഴ് കിലോ കഞ്ചാവ് കടത്തിയ ഏഷ്യൻ യാത്രക്കാരനെ ദുബായ് കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബാഗുകളിൽ ഒളിപ്പിച്ച 7.06 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു.
പ്രതിയെ ദുബായ് പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സിന് കൈമാറി. ലഹരിമരുന്നിന്റെ മൂല്യമോ പ്രതി ഏത് രാജ്യക്കാരനാണെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ബാഗുകളുടെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ടെർമിനൽ ഒന്നിലെ പാസഞ്ചർ ഓപറേഷൻസ് വിഭാഗം സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു. ശരീരത്തിൽ വച്ചുകെട്ടിയും സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, ബാഗുകളുടെ വശങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണപ്പൊതികൾ, വിവിധ മസാല പായ്ക്കറ്റുകൾ, പഴവർഗങ്ങൾ എന്നിവയുലുൾപ്പെടെ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തുകാർ വിവിധ തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ശ്രമങ്ങൾ കാര്യക്ഷമമായി കണ്ടുപിടിക്കാൻ ശാസ്ത്രീയവും പ്രായോഗികവുമായ പരിശീലന പരിപാടികളിൽ ഇൻസ്പെക്ടർമാർ പങ്കെടുക്കാറുണ്ടെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചേഴ്സ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു.