നാട്ടിൽ പോകാൻ തയാറെടുത്ത് പ്രവാസി കുടുംബങ്ങൾ, മധ്യവേനലവധിക്കാലം അരികെ

mother-kids-luggage-looking-planes-airpor
Representative Image. Photo credit : NadyaEugene/ Shutterstock.com
SHARE

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് ജൂൺ 15 മുതൽ മധ്യവേനലവധി. അവധി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ തയാറെടുത്ത് പ്രവാസി കുടുംബങ്ങളും. ജൂൺ 15 മുതൽ ഓഗസ്റ്റ് 26 വരെയാണ് വേനലവധി. 27ന് ക്ലാസുകൾ പുനരാരംഭിക്കും. അതേസമയം, അധ്യാപകർ ജൂൺ 22 വരെ ജോലിക്കെത്തണം.

Also read: 6 മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ദുബായ് വീസക്കാർക്ക് പ്രവേശനാനുമതിയില്ല

ഓഗസ്റ്റ് രണ്ടാം വാരത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കുകയും വേണം. എംഇഎസ് ഉൾപ്പെടെ മിക്ക ഇന്ത്യൻ സ്‌കൂളുകളിലും ഈ അധ്യയന വർഷത്തെ ആദ്യ ടേം പരീക്ഷ നടക്കുകയാണ്. ജൂൺ അവസാനമാണ് ബലിപെരുന്നാൾ എന്നതിനാൽ സർക്കാർ ഓഫിസുകൾക്ക് 10 ദിവസത്തെ അവധിയുണ്ട്. ഈദ് അവധിക്കൊപ്പം  വാർഷിക അവധിയുമെടുത്ത് കുടുംബത്തോടൊപ്പം 2 മാസത്തെ അവധി ആഘോഷത്തിനാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും തയാറെടുക്കുന്നത്.

നാട്ടിലേക്കുള്ള യാത്രയ്ക്ക് മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതിനാൽ നിലവിലെ ടിക്കറ്റ് നിരക്ക് വർധനയിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ മിക്ക കുടുംബങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ജോലി ചെയ്യുന്ന കമ്പനികളിൽ നിന്ന് അവധി ലഭിക്കുന്നതനുസരിച്ചാണ് മിക്ക കുടുംബങ്ങളുടെയും അവധിക്കാല യാത്രകൾ.

അവധി ചെലവിടാൻ വിദേശരാജ്യങ്ങളിൽ പോകുന്നവർ, പകുതി ദിവസങ്ങൾ നാട്ടിലും ബാക്കി പകുതി യൂറോപ്യൻ രാജ്യങ്ങളിലുമായി അവധി ആഘോഷിക്കുന്നവർ, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് സാമ്പത്തിക ബാധ്യത കൂട്ടുമെന്നതിനാൽ അവധിക്കാലം ദോഹയിൽ തന്നെ ചെലവിടുന്നവർ ഇങ്ങനെ പ്രവാസി കുടുംബങ്ങളുടെ മധ്യവേനൽ അവധിക്കാലം പലതരത്തിലാണ്. പ്ലസ്ടു ഫലം എത്തിയതോടെ മക്കളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾക്കായുള്ള ഓട്ടത്തിലാണ് മിക്ക മാതാപിതാക്കളും.

ഗൾഫിലെ കനത്ത ചൂടിൽ നിന്ന് 2 മാസം മാറി നിൽക്കാമെന്നതാണ് അവധിക്കാലത്തിന്റെ മറ്റൊരു ആശ്വാസം. വേനലവധി ദോഹയിൽ തന്നെ ചെലവിടുന്നവർക്കായി മിക്ക നക്ഷത്ര ഹോട്ടലുകളും സ്‌റ്റെക്കേഷൻ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഖത്തർ ടൂറിസം വിവിധ കലാ, വിനോദ പരിപാടികളും ഉൾപ്പെടെയുള്ളവർ നടത്തുന്നുണ്ട്. ഖത്തറിന്റെ ഈദ് ആഘോഷങ്ങളിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നെത്തുന്നവരും ഏറെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS