ADVERTISEMENT

ഷാർജ∙ നിക്ഷേപ അവസരങ്ങളും സഹകരണ സാധ്യതകളും തേടി ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സി‌സി‌ഐ) പ്രതിനിധികൾ ഇന്ത്യയിൽ. മുംബൈയിൽ നടന്ന ബിസിനസ് ഫോറങ്ങളിലും പ്രത്യേക യോഗങ്ങളിലും പങ്കെടുത്ത ശേഷം സംഘം ഡൽഹിക്കു തിരിക്കും.

 

എസ്‌സി‌സി‌ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസിന്റെ നേതൃത്വത്തിലുള്ള സംഘം  ജൂൺ 2 വരെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ചർച്ച നടത്തും. വൈസ് ചെയർമാൻ വലീദ് അബ്ദുൽറഹ്മാൻ ബുഖാതിർ, ഡയറക്ടർ അഹ്മദ് മുഹമ്മദ് ഉബൈദ് അൽ നബൂദ, കമ്യൂണിക്കേഷൻ ആൻഡ് ബിസിനസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് ഷത്താഫ് എന്നിവർക്കു പുറമേ വ്യവസായ പ്രമുഖരും നിർമാതാക്കളും സംഘത്തെ അനുഗമിക്കുന്നുണ്ട്.

 

ഇന്ത്യയിലെ വിവിധ ബിസിനസ് ഫോറങ്ങളിലും കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്ന സംഘം ഷാർജയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മുംബൈയിലെ ഇമാറാത്തി–ഇന്ത്യൻ ബിസിനസ് ഫോറം സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ വിശദീകരിച്ചു. സംയുക്ത സാമ്പത്തിക പങ്കാളിത്തത്തിനും താൽപര്യമുണ്ടെന്നും അറിയിച്ചു.  ഷാർജയിൽ ബിസിനസ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളും വിശദീകരിച്ചു. ഷാർജയുടെ സാമ്പത്തിക കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന മേഖലകൾക്കാണ് മുൻതൂക്കം.

 

ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തിപ്പെട്ടുവരികയാണ്. സെപ കരാർ പ്രകാരം 80% ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഇല്ലാതാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. ഇത് ക്രയവിക്രയത്തിൽ വിപ്ലകരമായ മാറ്റമുണ്ടാക്കിയെന്നു മാത്രമല്ല കയറ്റുമതിയും ഉൽപാദനവും വർധിക്കുകയും ചെയ്തു.

 

ബഹിരാകാശം, ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങി ആറു മേഖലകളിൽ കേരളവുമായി കൈകോർക്കാൻ സന്നദ്ധമാണെന്ന് ഷാർജ റിസർച്ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്ക് അധികൃതർ അബുദാബിയിൽ നടന്ന വാർഷിക നിക്ഷേപക സംഗമത്തിൽ കേരള സംഘത്തിന് ഉറപ്പുകൊടുത്തിരുന്നു. ഈ സംഘവും തുടർ ചർച്ചകൾക്കായി വൈകാതെ കേരളത്തിൽ എത്തുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com