യുഎഇയില്‍ ഡോക്ടർമാർക്കും നഴ്സുമാർക്കും വൻ സാധ്യത

woman-doctor
SHARE

ദുബായ് ∙ അടുത്ത ഏഴ് വർഷത്തിനുള്ളിൽ യുഎഇയിലെ ആരോഗ്യ മേഖലയിൽ ഡോക്ടർമാർ, നഴ്സുമാർ എന്നിവരടക്കമുള്ള വിദഗ്ധർക്ക് വൻ സാധ്യതകള്‍. 2030നകം രാജ്യത്തിന് 33,000-ത്തിലേറെ നഴ്‌സുമാരും അനുബന്ധ ആരോഗ്യ വിദഗ്ധരും ആവശ്യമായി വരുമെന്നാണ് റിപ്പോർട്ട്.  ഇൗ കാലയളവിൽ അബുദാബിയിൽ 11,000 നഴ്‌സുമാരുടെയും 5,000 ആരോഗ്യ വിദഗ്ധരുടെയും ഒഴിവ്  ഉണ്ടാകും.

അതേസമയം ദുബായിൽ 6,000 ഡോക്ടർമാരും 11,000 നഴ്‌സുമാരുമാണ് ആവശ്യം വരികയെന്ന് കോളിയേഴ്‌സ് ഹെൽത്ത്‌കെയർ ആൻഡ് എജ്യുക്കേഷൻ ഡിവിഷന്റെ മാർക്കറ്റ് ഇന്റലിജൻസിന്‍റെ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നു. വിട്ടുമാറാത്ത രോഗങ്ങൾ, പ്രായമായവർ, ചികിത്സാ നവീകരണത്തിലും സാങ്കേതികവിദ്യയിലുമുള്ള അതിവേഗ മുന്നേറ്റം എന്നിവ കാരണവും ജോലിക്കാരെ ആവശ്യമായി വരും. കോവിഡ്19ന് ശേഷം യുഎഇയിലും ഗൾഫ് മേഖലയിലും ഹെൽത്ത് കെയർ പ്രഫഷനലുകളുടെ ആവശ്യം ഗണ്യമായി വർധിച്ചു, ആരോഗ്യ സേവന ദാതാക്കൾ കൂടുതൽ യോഗ്യതയുള്ള പരിചയസമ്പന്നരായ ജീവനക്കാരെ നിയമിക്കാൻ ശ്രമിക്കുന്നു. 

പുതിയ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നിറവേറ്റുന്നതിനുള്ള വർധിച്ചുവരുന്ന ആവശ്യകതയ്‌ക്ക് പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ െഎ), ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക് സയൻസസ്, ജീനോം സീക്വൻസുകൾ എന്നിവയുടെ സഹായം സ്വീകരിക്കുന്നതിന് മെഡിക്കൽ ജീവനക്കാർ അവരുടെ വൈദഗ്ധ്യം സ്ഥിരമായി വർധിപ്പിക്കേണ്ടതുണ്ടെന്ന്  കോളിയേഴ്‌സിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ഹെൽത്ത് കെയർ എജ്യുക്കേഷൻ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലയുടെ തലവനുമായ മൻസൂർ അഹമ്മദ് പറഞ്ഞു.

സ്പെഷ്യലൈസ്ഡ് തസ്തികകൾ, കൂടുതൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതയ്ക്ക് കാരണമാകുന്നു. കോളിയേഴ്‌സ് പറയുന്നതനുസരിച്ച് യുഎഇയിൽ 157 ആശുപത്രികളാണുള്ളത്. അതിൽ 104 എണ്ണം സ്വകാര്യ മേഖലയിലാണ്. രാജ്യത്തുടനീളമുള്ള ആശുപത്രി കിടക്കകളുടെ എണ്ണം 18,000-ത്തിൽ കൂടുതൽ. അതിൽ 8,356 എണ്ണം സ്വകാര്യ സ്ഥാപനങ്ങളിലാണ്. ഫിസിഷ്യൻമാരുടെ എണ്ണം ദുബായിൽ 10,376, അബുദാബിയിൽ 10,141, വടക്കൻ എമിറേറ്റുകളിൽ 5,358 എന്നിങ്ങനെ 26,736 പേർ രാജ്യത്ത് ജോലി ചെയ്യുന്നു.  

ആരോഗ്യമേഖലയിലെ എല്ലാ വിഭാഗങ്ങളിലും വിദഗ്ധരെ വേണം

 എമർജൻസി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, തീവ്രപരിചരണം, ഓർത്തോപീഡിക് സർജറി എന്നീ മേഖലകളിലാണ് യുഎഇ കൂടുതലായും ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നത്. അനുബന്ധ വിഭാഗത്തിൽ പ്രധാനമായും സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷനൽ തെറാപ്പി, ലാബ് ടെക്‌നീഷ്യൻ, എമർജൻസി ടെക്‌നീഷ്യൻ എന്നീ മേഖലകളിൽ നിന്നുള്ളവർക്ക് അബുദാബിയിൽ സാധ്യത കൂടുതലാണ്. 

ദുബായിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്‌സ്, അനസ്‌തെറ്റിസ്‌റ്റ്, ഒബ്‌സ്റ്റട്രിക്‌സ്, എൻഡോക്രൈനോളജി, കാർഡിയോളജി, നെഫ്രോളജി എന്നീ മേഖലകളിലെ ഡോക്ടർമാരുടെ ആവശ്യമായിരിക്കും കൂടുതലും. യുഎഇയിലെ ആരോഗ്യ പരിപാലന ജീവനക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും പരിശീലനം ലഭിച്ച ഫിസിഷ്യൻമാരുടെ/നഴ്‌സുമാരുടെ, പ്രത്യേകിച്ച് പ്രാദേശിക പ്രഫഷനലുകളുടെ ലഭ്യതയിൽ ഇപ്പോഴും കുറവുണ്ടെന്നു പഠനം പറയുന്നു. 

English Summary : UAE to hire around  33,000 healthcare professionals in the next seven years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS