ADVERTISEMENT

അബുദാബി∙ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ നിക്ഷേപ സഹകരണം ശക്തമാക്കാൻ ഇന്ത്യ–യുഎഇ ധാരണ. യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ഇന്ത്യയുടെ മന്ത്രിമാരായ പിയൂഷ് ഗോയൽ, ജി. കിഷൻ റെഡ്ഡി എന്നിവർ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

 

ഇതുസംബന്ധിച്ച നിയമാവലി തയാറാക്കിയ ശേഷം അന്തിമതീരുമാനം പ്രഖ്യാപിക്കും. സുസ്ഥിര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഉഭയകക്ഷി സഹകരണത്തിൽ ഇന്ത്യ–യുഎഇ ബന്ധം അസാധാരണ മാതൃകയാണെന്ന് ബിൻ തൗഖ് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ). ഇതു നിലവിൽ വന്ന ശേഷം വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടു.

 

എണ്ണ ഇതര വ്യാപാരം 2022ൽ 18,900 കോടി ദിർഹത്തിലെത്തി. 2021നെക്കാൾ 15% വർധിച്ചു. 2022ൽ ഇന്ത്യയിലെ യുഎഇ നിക്ഷേപം ഏകദേശം 5650 കോടി ദിർഹമാണ്. പുനരുപയോഗ ഊർജം, ടെലികമ്യൂണിക്കേഷൻ, അടിസ്ഥാന സൗകര്യവികസനം, റിയൽ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പ് എന്നീ മേഖലകളിലാണ് ഈ സഹകരണം. ഇതേസമയം യുഎഇയിലെ ഇന്ത്യൻ നിക്ഷേപം 3000 കോടി ദിർഹമായി ഉയർന്നിരുന്നു.

 

സാമ്പത്തികം, തുറമുഖം, ലോജിസ്റ്റിക്‌സ്, കയറ്റുമതി, ഭക്ഷ്യസുരക്ഷ, കൃഷി, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് എന്നിവയാണ് യുഎഇ ഉറ്റുനോക്കുന്ന മറ്റു മേഖലകൾ.  സംശുദ്ധ ഊർജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തും.

 

ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിന്റെ സാധ്യതകളാണ് മന്ത്രി ജി. കിഷൻ റെഡ്ഡിയുമായി ചർച്ച ചെയ്തത്. നവീന സാങ്കേതിക വിദ്യയിലൂടെ ടൂറിസം മേഖല അടിമുടി മാറ്റാൻ സാധിക്കുന്ന സംയുക്ത നിക്ഷേപത്തിനു താൽപര്യമുണ്ടെന്നും അറിയിച്ചു.

 

കഴിഞ്ഞ വർഷം 50 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ സന്ദർശിച്ചത്. ഇന്ത്യയിൽ എത്തിയ യുഎഇ പൗരന്മാരുടെ എണ്ണത്തിലും (58,000) വർധനയുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 10000 ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com