80 ഹോട്ടലുകൾ, ആഡംബര റിസോർട്ടുകൾ; വരുന്നു പാം ജുമൈറയുടെ ഇരട്ടി വലുപ്പമുള്ള പാം ജബൽ അലി
Mail This Article
ദുബായ് ∙ പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ള പാം ജബൽ അലിയുടെ പുതിയ ഫ്യൂച്ചറിസ്റ്റിക് മാസ്റ്റർപ്ലാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ചു. പദ്ധതിയിലൂടെ ദുബായിലേയ്ക്ക് ഏകദേശം 110 കിലോമീറ്റർ തീരപ്രദേശം കൂട്ടിച്ചേർക്കുകയും 80 ഹോട്ടലുകളും റിസോർട്ടുകളും നിർമിക്കുകയും ചെയ്യും.
ദുബായ് വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് പാം ജബൽ അലിയുടെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പാം ജബൽ അലിയ്ക്ക് 110 കിലോമീറ്റർ തീരപ്രദേശവും വിശാലമായ ഹരിത ഇടങ്ങളും ആഡംബര ബീച്ച് സൈഡ് ലൈഫ്‌സ്‌റ്റൈലും ഉണ്ടാകും. ഏറ്റവും ഉയർന്ന നിലവാരത്തോടെ ഇവിടെ ജീവിക്കാൻ സാധിക്കും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും മനോഹരമായ അനുഭവങ്ങൾ നൽകുന്ന 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയുടെ ആകർഷണ ഘടകമാണ്.
‘‘പത്തു വർഷത്തിനുള്ളിൽ ദുബായുടെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കാനുള്ള ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരം നിർമിക്കുന്നതിൽ ഓരോ ദിവസവും തങ്ങൾ ഒരു പുതിയ ഇഷ്ടിക ചേർക്കുന്നതായി ’’– ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
തുടർന്ന് പദ്ധതിയുടെ മാസ്റ്റർപ്ലാനും അനാച്ഛാദനം ചെയ്തു. നഗരത്തിന്റെ മുൻനിര ആഗോള നഗരമെന്ന പദവി ഉയർത്തുന്നതിനുള്ള കാഴ്ചപ്പാട് നൽകുന്ന മറ്റൊരു പദ്ധതിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
Content Summary : Sheikh Mohammed Approves Master Plan for Palm Jebel Ali