അബുദാബി∙ യുഎസിന്റെ നേതൃത്വത്തിൽ മധ്യപൂർവദേശ മേഖലയിലെ സമുദ്ര സുരക്ഷാ സഖ്യത്തിൽ നിന്ന് യുഎഇ പിന്മാറി. രണ്ടു മാസം മുൻപായിരുന്നു പിന്മാറ്റമെന്ന് യുഎഇ ഇന്നലെ അറിയിച്ചു. ബഹ്‌റൈനിലെ യുഎസ് നേവൽ ബേസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 34 രാജ്യങ്ങളുടെ ടാസ്‌ക് ഫോഴ്‌സാണ് സംയുക്ത സമുദ്ര സേന.
എല്ലാ രാജ്യങ്ങളുമായും ഫലപ്രദമായ സുരക്ഷാ സഹകരണം ഉറപ്പാക്കാനാണ് സംയോജിത മാരിടൈം ഫോഴ്‌സിലെ പങ്കാളിത്തം പിൻവലിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇതിനു തെറ്റായ വ്യാഖ്യാനം നൽകുന്നത് ശരിയല്ലെന്നും പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് 2019 മുതൽ രാജ്യാന്തര കപ്പൽ പാതയിൽ കപ്പലുകൾക്കു നേരെ ഒട്ടേറെ ആക്രമണങ്ങൾ നടന്നിരുന്നു.
മേഖലയിലെ പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ രാജ്യങ്ങളുമായി ചർച്ചയ്ക്കും നയതന്ത്ര ഇടപെടലിനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായി കടലിൽ നാവിഗേഷൻ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.