ADVERTISEMENT

ജിദ്ദ ∙ ഈ വർഷത്തെ സീസണിൽ  അൽ നസറിന് കിരീടങ്ങളൊന്നുമില്ലെങ്കിലും അടുത്ത സീസണിൽ സൗദി പ്രഫഷനൽ ലീഗിലെ അൽ നസർ ക്ലബിന്റെ ഭാഗമായി താൻ തുടരുമെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വെളിപ്പെടുത്തി. സൗദി ലീഗ് വളരെ മികച്ചതാണെന്നും ഒട്ടേറെ  മത്സര ടീമുകളും മികച്ച അറബ് കളിക്കാരും ഉണ്ടെന്നും എന്നാൽ അത് കൂടുതൽ വളർത്തിയെടുക്കാൻ അവസരങ്ങൾ മുതലാക്കേണ്ടതുണ്ടെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

 

cristiano-al-nasser

താൻ ഇവിടെ സന്തോഷവാനാണെന്നും ഇവിടെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും സൗദി പ്രോ ലീഗ് (എസ്പിഎൽ) പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. ഏതാണ്ട് മുഴുവൻ സീസണിലും നിശബ്ദത പാലിച്ച റൊണാൾഡോ നിലവിലെ സൗദി സീസണിനെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും തുറന്നുപറഞ്ഞു.  ഞാൻ ഇവിടെ വരുമ്പോൾ എന്റെ പ്രതീക്ഷകൾ മറ്റൊന്നായിരുന്നു. ഈ വർഷം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾ ആഗ്രഹിക്കുന്നതോ ചിന്തിക്കുന്നതോ ആയ രീതിയിൽ കാര്യങ്ങൾ എല്ലായ്‌പ്പോഴും നടക്കില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ എന്റെ ടീം വളരെയധികം മെച്ചപ്പെട്ടു, മുഴുവൻ ലീഗിലും എല്ലാ ടീമുകളും മെച്ചപ്പെട്ടു. അടുത്ത വർഷം കാര്യങ്ങൾ മാറുമെന്നും മെച്ചപ്പെട്ട രീതിയിൽ പോകുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. നമുക്ക് അതിൽ വിശ്വസിക്കാം, അതിൽ പ്രവർത്തിക്കാം അദ്ദേഹം പറഞ്ഞു.

 

സൗദി പ്രോ ലീഗിനെക്കുറിച്ച് സംസാരിക്കുമ്പോൾ ലീഗ് വളരെ മികച്ചതാണെന്നും ഒട്ടേറെ മത്സര ടീമുകളും നല്ല അറബ് കളിക്കാരും ഉണ്ടെന്നും എന്നാൽ അത് കൂടുതൽ വളർത്തിയെടുക്കാൻ നിരവധി അവസരങ്ങൾ മുതലാക്കേണ്ടതുണ്ടെന്നും റൊണാൾഡോ വ്യക്തമാക്കി.

 

യൂറോപ്പിൽ ഞങ്ങൾ രാവിലെ പരിശീലനം നടത്തുന്നു, എന്നാൽ ഇവിടെ ഞങ്ങൾ ഉച്ചതിരിഞ്ഞോ രാത്രിയോ പരിശീലിക്കുന്നു. അത് വ്യത്യസ്തമാണ്.  റമസാനിൽ ഞങ്ങൾ രാത്രി 10 ന് പരിശീലനം നടത്തി. അത് ഒരു വിചിത്രമായ അനുഭവമായിരുന്നുവെന്നും സൗദി ലീഗിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് റൊണാൾഡോ പറഞ്ഞു.  

 

സൗദിയിലെ ജീവിതം വിവരിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും വാചാലനായി. സൗദികൾ രാത്രിയിലാണ് കൂടുതൽ ജീവിക്കുന്നത്, അത്  രസകരമാണ്. റിയാദ് രാത്രിയിലെ മനോഹരമായ ഒരു നഗരമാണ്. ഉയർന്ന നിലവാരമുള്ള റസ്റ്ററന്റുകളുള്ള ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Cristiano will continue with al nasser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com