ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് 2026 ആതിഥേയർക്ക് 2022 സംഘാടനത്തിന്റെ വിജയപാഠങ്ങൾ പങ്കുവച്ച് ഖത്തർ. സുപ്രീം കമ്മിറ്റി, ഫിഫ ലോകകപ്പ് ഖത്തർ 2022 എൽഎൽസി (ക്യു22), ഫിഫ എന്നിവയുടെ സീനിയർ എക്‌സ്‌ക്യൂട്ടീവുമാരുടെ പ്രതിനിധി സംഘമാണ് മിയാമിയിൽ നടന്ന വിവര കൈമാറ്റ ശിൽപശാലയിൽ ഖത്തർ ലോകകപ്പിന്റെ വിജയങ്ങൾ പങ്കുവച്ചത്. 

ടൂർണമെന്റ് തയാറെടുപ്പുകൾ, നടപ്പാക്കിയ രീതി , വിജയകരമായ ആതിഥേയത്വം തുടങ്ങിയ കാര്യങ്ങളാണ് 2026 ലോകകപ്പ് ആതിഥേയരായ യുഎസ്, കാനഡ, മെക്‌സിക്കോ പ്രതിനിധികൾക്കായി കൈമാറിയത്. 2026 ജൂൺ മുതൽ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 16 നഗരങ്ങളിലായാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുക.

ശിൽപശാലയിൽ പിച്ച് മാനേജ്‌മെന്റ്, അടിസ്ഥാന സൗകര്യ വികസനം, താമസം, യാത്രാ സൗകര്യങ്ങൾ, ലോജിസ്റ്റിക്, ഗസ്റ്റ് മാനേജ്‌മെന്റ്, തൊഴിൽ ശക്തി, വൊളന്റിയർമാർ, വിമാനത്താവളങ്ങളിലെ അറൈവൽ-ഡിപ്പാർചർ സൗകര്യങ്ങൾ, ടീമുകൾക്കുള്ള സൗകര്യങ്ങൾ, സ്റ്റേഡിയങ്ങൾക്ക് സമീപമായി നടത്തിയ ലാസ്റ്റ് മൈൽ ഓപ്പറേഷൻ (സാംസ്‌കാരിക, കലാ പരിപാടികൾ), ഡ്രസിങ്, സൈനേജുകൾ, ഫിഫ ഫാൻ ഫെസ്റ്റിവൽ, ഐടി സൊലൂഷൻ, സേഫ്റ്റി, സെക്യൂരിറ്റി, ടിക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, മീഡിയ, ബ്രോഡ്കാസ്റ്റ് ഓപ്പറേഷൻസ്, വർക്കേഴ്‌സ് വെൽഫയർ തുടങ്ങി എല്ലാ മേഖലകളിലെയും അനുഭവങ്ങളും ഖത്തർ അടുത്ത ആതിഥേയർക്കായി പകർന്നു.   2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ നടന്ന ലോകകപ്പ് ഫിഫയുടെ കായിക ചരിത്രത്തിലെ ഏറ്റവും കോംപാക്ട് ആയ ലോകകപ്പ് ആയിരുന്നു. മത്സര വേദികൾ തമ്മിൽ അകലമില്ലാതിരുന്നതിനാൽ കാണികൾക്ക് ഗ്രൂപ്പ് ഘട്ടങ്ങളിൽ പ്രതിദിനം ഒന്നിലധികം മത്സരങ്ങൾ കാണാനായി. കളിക്കാർക്ക് താമസവും പരിശീലനവും ഒരു സ്ഥലത്ത് തന്നെ ക്രമീകരിച്ചു കൊണ്ടുള്ള ടീം ബേസ് ക്യാംപുകളും ഖത്തർ ലോകകപ്പിന്റെ പ്രത്യേകതയാണ്.ലോകകപ്പ് മത്സരങ്ങളിലേക്ക് 14 ലക്ഷം ആരാധകരാണ് എത്തിയത്. മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ കാണികളുടെ ശരാശരി എണ്ണം 53,000 ആയിരുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം അർജന്റീന ലോകകപ്പ് കിരീടം നേടിയ ടൂർണമെന്റ് കൂടിയായിരുന്നു ഖത്തറിലേത്. രാജ്യത്തേക്കുള്ള പ്രവേശനം മുതൽ കളിക്കാർക്കും കാണികൾക്കുമുള്ള സൗകര്യങ്ങളിൽ വരെ സവിശേഷതകൾ നിറഞ്ഞ, ഉദ്ഘാടനം മുതൽ ഫൈനൽ വരെ കാണികളെ വിസ്മയിപ്പിച്ച മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പ് അവിസ്മരണീയ ലോകകപ്പാക്കി മാറ്റിയാണ് ഖത്തർ വിജയഗാഥ രചിച്ചത്. 

English Summary: Qatar 2022 organisers share lessons learned with FIFA World Cup 2026 host nations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com