ADVERTISEMENT

ദോഹ∙ വേനൽച്ചൂട് കനത്തതോടെ പഴ വിൽപന വിപണി കൂടുതൽ സജീവം. പഴവർഗങ്ങൾക്ക് ആവശ്യക്കാർ കൂടിയെന്ന് വിൽപനക്കാർ. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും സെൻട്രൽ മാർക്കറ്റുകളിലുമെല്ലാം പ്രാദേശിക ഫാമുകളിൽ നിന്നുള്ളതും ഇറക്കുമതി ചെയ്തതുമായ വിവിധ ഇനം പഴ വർഗങ്ങൾ സുലഭമാണ്.

 

വെള്ളത്തിന്റെ അംശം കൂടുതലുള്ള തണ്ണിമത്തൻ, മുന്തിരി, ഓറഞ്ച്, പൈനാപ്പിൾ, പപ്പായ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വിൽപനക്കാർ പറയുന്നു. പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഷമാം പഴത്തിനും ഡിമാൻഡ് കൂടി. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളവ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ പര്യാപ്തമായ തരത്തിൽ വിപണിയിൽ പഴവർഗങ്ങൾ യഥേഷ്ടമുണ്ട്.

വിൽപനയ്ക്ക് വച്ചിരിക്കുന്ന തണ്ണിമത്തൻ.
വിൽപനയ്ക്ക് വച്ചിരിക്കുന്ന തണ്ണിമത്തൻ.

 

എല്ലാ സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിലും ദിവസേന പഴ വർഗങ്ങളുടെ വില വ്യത്യാസപ്പെടും. വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ പ്രതിദിന വില വിവര പട്ടിക പ്രകാരമാണ് വില ഈടാക്കുന്നത് എന്നതിനാലാണിത്. മിക്ക ഹൈപ്പർമാർക്കറ്റുകളും ചില പഴവർഗങ്ങൾക്ക് പക്ഷേ മന്ത്രാലയത്തിന്റെ നിരക്കിനേക്കാൾ കുറവാണ് ഈടാക്കുന്നത്. വേനലിനെ തടുക്കാൻ ഭക്ഷണത്തിൽ പഴ വർഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തേണ്ടി വരുമ്പോൾ അമിത വില ഇല്ലെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരം. 

ലുലുവിലെ മാമ്പഴ വിപണി.
ലുലുവിലെ മാമ്പഴ വിപണി.

 

തണ്ണിമത്തൻ താരം

 

വേനലിൽ ഏറ്റവുമധികം ഡിമാൻഡ് കൂടുതലും തണ്ണിമത്തന് തന്നെ. വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാൽ തണ്ണിമത്തൻ ആണ് കൂടുതൽ പേരും വാങ്ങുന്നത്. കനത്ത ചൂടിൽ നിന്നെത്തുമ്പോൾ ദാഹം ശമിപ്പിക്കാൻ മാത്രമല്ല ശരീരം തണുപ്പിക്കാനും തണ്ണിമത്തന് കഴിയും. വ്യത്യസ്ത ഇനം തണ്ണിമത്തൻ വിപണിയിലുണ്ട്. ഖത്തറിന്റെ മാത്രമല്ല ഒമാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവയും ലഭിക്കും. മുഴുവനായും പകുതി മുറിച്ച കഷണങ്ങളായും മാത്രമല്ല ജ്യൂസ് രൂപത്തിലും നല്ല ഫ്രഷ് തണ്ണിമത്തൻ ലഭിക്കും. ഇറാന്റെ തണ്ണിമത്തൻ ഒരു കിലോയ്ക്ക് 3.25 റിയാലിന് (74 രൂപ) വരെ ലഭിക്കും. അതേസമയം റോക്ക് മെലന് വില അൽപം കൂടുതലാണ്. ഒമാന്റെ റോക്ക് മെലന് കിലോ 8 റിയാൽ (180 രൂപ) മുതലാണ് നിരക്ക്. 

 

മാമ്പഴം മുതൽ പപ്പായ വരെ സുലഭം

 

മാമ്പഴക്കാലമായതിനാൽ ഇന്ത്യയുടെ സിന്ദൂരം, അൽഫോൻസ, നീലം തുടങ്ങി ഇന്തോനേഷ്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നെത്തിയ  വ്യത്യസ്ത തരം മാമ്പഴങ്ങളും ലഭ്യമാണ്. ലുലു, സഫാരി, ഇന്ത്യൻ സൂപ്പർമാർക്കറ്റ്, ഫാമിലി ഫുഡ് സെന്റർ തുടങ്ങി ഇന്ത്യൻ വിൽപന ശാലകളിലെല്ലാം വൈവിധ്യ തരം മാമ്പഴങ്ങൾ യഥേഷ്ടം. കിലോയ്ക്ക് 8 റിയാൽ മുതലാണ് മാമ്പഴത്തിന്റെ നിരക്ക്.  ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പപ്പായയ്ക്ക് കിലോ 9-10 റിയാലോളം (200-226 രൂപ) വരും. ദക്ഷിണാഫ്രിക്ക, ചൈന, ഫ്രാൻസ്, ഇറ്റലി, ന്യൂസിലാൻഡ്, പോളണ്ട്, സ്‌പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ, റെഡ് ആപ്പിളുകൾ, ചെറുതും വലുതുമായ വ്യത്യസ്ത ഇനം ഓറഞ്ചുകൾ, പ്ലം, പേരയ്ക്ക, കിവി, നാരങ്ങ, സ്‌ട്രോബറി, മാതള നാരങ്ങ, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ചെറു പഴം, ഏത്തപ്പഴം തുടങ്ങി നാനാവിധ പഴങ്ങളും വിപണിയിലുണ്ട്. ആപ്പിളിന് 5 റിയാലിൽ അധികമാണ് കിലോയ്ക്ക് വിലയെങ്കിലും ഓറഞ്ചിന് കിലോ 3.25 റിയാൽ മുതൽ ലഭിക്കും. കറുത്ത, വെളുത്ത മുന്തിരികൾക്ക് കിലോയ്ക്ക് 10 റിയാൽ  മുതലാണ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com