3 വർഷത്തിനിടെ ഖത്തറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 70 ശതമാനം വളർച്ച

qatar-minister
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി ഫോറത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പദ്ധതി മാതൃകകൾ വീക്ഷിക്കുന്നു.
SHARE

ദോഹ∙ കഴിഞ്ഞ 3 വർഷത്തിനിടെ ഖത്തറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വാർഷിക വളർച്ച 70 ശതമാനം. 2023 നകം 2.4 ശതമാനം വർധന പ്രതീക്ഷിക്കുന്നതായി നഗരസഭ മന്ത്രി അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈ. ഷെറാട്ടൺ ദോഹ ഹോട്ടലിൽ ആരംഭിച്ച പ്രഥമ ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാജ്യത്തിന്റെ വിദേശ നിക്ഷേപത്തിലെ വളർച്ച വിശദമാക്കിയത്.

2019നും 2022 നും ഇടയിലായി 70 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വർധന. ഈ വർഷം അവസാനത്തോടെ 2.4 ശതമാനം വളർച്ച കൂടി കൈവരിക്കുമ്പോൾ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ലോകത്തിന്റെ മുൻനിരയിലേക്ക് ഖത്തർ എത്തും. രാജ്യത്തെ ഏറ്റവും വേഗത്തിൽ വളർച്ച പ്രാപിക്കുന്ന മേഖലകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ്. ഊർജ മേഖലയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് റിയൽ എസ്റ്റേറ്റ് മേഖല.

കഴിഞ്ഞ വർഷം 82,00 കോടി റിയാൽ ആയി നിക്ഷേപം ഉയർന്നുവെന്നു മാത്രമല്ല 135 പദ്ധതികളും പുതുതായി ആരംഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യവും ഏറ്റവും സുരക്ഷിത രാജ്യവും ഖത്തർ ആണ്. ബിസിനസ് വളർച്ചയ്ക്ക് ഏറ്റവും മികച്ച അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നതും നിക്ഷേപ വളർച്ചയ്ക്ക് ഇടയാക്കി.

ഫിഫ ലോകകപ്പിന്റെ വിജയകരമായ ആതിഥേയത്വവും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയാണ്  ഖത്തറിന്റെ പ്രഥമ റിയൽ എസ്റ്റേറ്റ് ഫോറം ഉദ്ഘാടനം ചെയ്തത്. ഇന്നലെ ആരംഭിച്ച 2 ദിവസത്തെ ഫോറത്തിൽ 1,500 പേർ പങ്കെടുക്കുന്നു.

റിയൽ എസ്റ്റേറ്റ്  രംഗത്തെ നേതാക്കൾ, നയരൂപീകരർ, വിദഗ്ധർ തുടങ്ങി പ്രാദേശിക, മേഖല, രാജ്യാന്തര തലത്തിൽ നിന്നുള്ളവരാണ് ഫോറത്തിൽ എത്തിയിരിക്കുന്നത്. 'മികച്ച ജീവിത ഗുണനിലവാരത്തിനും സുസ്ഥിര റിയൽ എസ്റ്റേറ്റ് വ്യവസായത്തിനുമുള്ള വ്യവസ്ഥകളും നിയമങ്ങളും' എന്ന തലക്കെട്ടിലാണ് ഫോറം നടക്കുന്നത്. 11 സെഷനുകളിലായി നടക്കുന്ന ഫോറത്തിൽ ആഗോള തലത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് വിദഗ്ധരാണ് പങ്കെടുക്കുന്നത്. നഗരസഭ മന്ത്രാലയമാണ് ഫോറം സംഘടിപ്പിച്ചത്. ഫോറം ഇന്ന് സമാപിക്കും.

English Summary: Qatar's foreign direct investment projects surged by 70%.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS