ADVERTISEMENT

ദോഹ∙ഖത്തറിലെ ഫിഫ ലോകകപ്പിനിടെ ആരാധകർക്ക് ഒട്ടകപ്പനി ബാധിച്ചെന്ന അഭ്യൂഹങ്ങൾ തള്ളി പഠന റിപ്പോർട്ട്. ടൂർണമെന്റിനിടെ ഒരാളിൽ പോലും മെഴ്‌സ്-കോവിഡ് (ഒട്ടകപ്പനി) പോസിറ്റീവ് കണ്ടെത്തിയിട്ടില്ലെന്ന് പഠനം. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പൊതുജനാരോഗ്യ മന്ത്രാലയം, വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ, സിദ്ര മെഡിസിൻ എന്നിവിടങ്ങളിലെ ഗവേഷണ സംഘമാണ് പഠനം നടത്തിയത്.

 

പഠനത്തിലെ കണ്ടെത്തലുകൾ ജേണൽ ഓഫ് ട്രാവൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചു. ഗവേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ പ്രകാരം കഴിഞ്ഞ വർഷം 14,703 പേരിലായി ആകെ 17,281 മെഴ്‌സ്-കോവിഡ് പരിശോധനകളാണ് നടത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിലായി 2,305 വ്യക്തികളിലായി 2,457 പരിശോധന നടത്തിയത് ഉൾപ്പെടെയുള്ള കണക്കാണിത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമായിരുന്നു പരിശോധന. ഫിഫ ലോകകപ്പ് ആരാധകർ എത്തുന്നതിന് മുൻപായി കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 2 പേരിൽ മാത്രമാണ് ഒട്ടകപ്പനി സ്ഥിരീകരിച്ചത്. ലോകകപ്പിനിടെ ഒരാളിൽ പോലും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല.

 

മാത്രമല്ല ഖത്തർ ലോകകപ്പ് കണ്ട് മടങ്ങിയവരുമായി ബന്ധപ്പെട്ട് ലോകത്തൊരിടത്തും കേസ് റിപ്പോർട്ട് ചെയ്തിട്ടുമില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോകകപ്പിന് മുൻപേ തന്നെ ടൂർണമെന്റിനിടെ ഒട്ടകപ്പനി പകരുമെന്ന അടിസ്ഥാനരഹിതമായ അഭിപ്രായങ്ങളും അഭ്യൂഹങ്ങളും വ്യാപകമായിരുന്നു. ഇതു സംബന്ധിച്ച് ശാസ്ത്ര ജേർണലുകളിൽ വരെ റിപ്പോർട്ടുകൾ വന്നു. ലോകകപ്പിന്റെ അതേ സമയം നടന്ന ഒട്ടക മത്സരങ്ങളും ലോകത്ത് മെഴ്‌സ്-കോവിഡ് പകരാനുള്ള അപകടസാധ്യത ഉണ്ടാക്കുമെന്ന് ശാസ്ത്രീയ തെളിവുകളില്ലാതെയാണ് അഭിപ്രായങ്ങൾ ഉയർന്നതെന്ന് എച്ച്എംസി പകർച്ചവ്യാധി പ്രതിരോധ വിഭാഗം സീനിയർ കൺസൽറ്റന്റ് പ്രഫ.അദീൽ ബട്ട് വ്യക്തമാക്കി.

 

രാജ്യത്തെ ജനങ്ങളുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സമഗ്ര നടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. ഒട്ടകങ്ങളെ പരിപാലിക്കുന്ന 200 തൊഴിലാളികളിൽ നിന്നും 100 ഒട്ടകങ്ങളിൽ നിന്നുമെടുത്ത സാമ്പിളുകൾ പരിശോധിക്കുകയും നെഗറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ലോകകപ്പിന് മുൻപും അതിനിടയിലും മെഴ്‌സ്-കോവിഡ് അണുബാധകൾ കണ്ടെത്തിയോ എന്ന് നിർണയിക്കാൻ ഫിഫ ലോകകപ്പിലുടനീളം നടത്തിയ എല്ലാ മെഴ്‌സ്-കോവിഡ് പരിശോധനകളും ഗവേഷണ സംഘം അവലോകനം ചെയ്തതായും ബട്ട് വിശദമാക്കി.

 

ഖത്തറിന്റെ സമഗ്രമായ പൊതുജനാരോഗ്യവും വാക്‌സിനേഷൻ നടപടികളും രാജ്യത്തെ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും മാത്രമല്ല സന്ദർശകർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിരുന്നു. ഇതാണ് ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിനും കാരണമായത്. ഖത്തറിന്റെ കോവിഡ് പ്രതിരോധ നടപടികളിലൂടെ ആരോഗ്യ മേഖലയുടെ തയാറെടുപ്പുകളും സുരക്ഷാ നടപടികളും ലോകജനത തിരിച്ചറിഞ്ഞതാണ്.

English Summary: Study debunks rumours of 'camel flu' cases during Qatar World Cup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com