പണം തന്നാൽ ജോലി തരാമെന്ന് വാഗ്ദാനം; കെണിയിൽ വീണ് പണി വാങ്ങരുതെന്ന് മുന്നറിയിപ്പ്
Mail This Article
ദുബായ്∙ പണം തന്നാൽ പണി തരാമെന്നു പറയുന്നവരെ വിശ്വസിച്ചാൽ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കുമെന്നു സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്‌ഷന്റെ മുന്നറിയിപ്പ്. തൊഴിൽ വാഗ്ദാനം ചെയ്തു പണം വാങ്ങുന്ന തട്ടിപ്പ് ഏജൻസികൾക്കെതിരെ സൊസൈറ്റി ജാഗ്രതാ നിർദേശം നൽകി. പണം വാങ്ങി നിയമനം നൽകാൻ രാജ്യത്തെ തൊഴിൽ നിയമം ഒരാളെയും അനുവദിക്കുന്നില്ല.
ഏതെങ്കിലും ഏജൻസി പണം ആവശ്യപ്പെട്ടാൽ മാനവ വിഭവ സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ടു. ജോലിയുടെ പേരിൽ പല തരത്തിൽ പണം തട്ടുന്ന ഏജൻസികൾ രാജ്യത്തുണ്ട്. ചിലർ ജോലി നൽകാമെന്നു പറഞ്ഞു പണം വാങ്ങി മുങ്ങും, മറ്റു ചിലർ ജോലി സംഘടിപ്പിച്ചു നൽകും, പിന്നീട് മാസ ശമ്പളത്തിൽ നിന്ന് ഗഡുക്കളായി പണം വാങ്ങും. ഇതിനു വേണ്ടി മുദ്രപ്പത്രത്തിൽ പ്രമാണം ഉണ്ടാക്കുന്ന ഏജൻസികൾ വരെയുണ്ട്. ജോലിക്കായി ഏജൻസികളെ സമീപിക്കുന്നവർ നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനമാണോ എന്നു പരിശോധിച്ച് ഉറപ്പിക്കണം.
ജോലിക്കു നിയോഗിക്കുന്ന കമ്പനിയുടെ സാധുതയും പരിശോധിച്ച് ഉറപ്പിക്കണം. ഇതിനും മാനവ വിഭവ സ്വദേശിവൽക്കരണ മന്ത്രാലയത്തെ ബന്ധപ്പെടാം. നിയമന ഫീസ് എന്ന പേരിൽ 500 മുതൽ 3000 ദിർഹം വരെ ഈടാക്കുന്ന ഏജൻസികളെക്കുറിച്ച് എമിറേറ്റ്സ് അസോസിയേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. പണം കിട്ടിക്കഴിഞ്ഞാൽ ഉദ്യോഗാർഥികളെ ഒഴിവാക്കാനുള്ള വഴികളാണ് വ്യാജ ഏജൻസികൾ ഉപയോഗിക്കുക. ഉദ്യോഗാർഥികളുടെ അപേക്ഷകളിലെ അപാകതയും യോഗ്യതക്കുറവും ചൂണ്ടിക്കാണിച്ച് അപേക്ഷ നിരസിച്ചതായി അറിയിക്കും. ജോലി ലഭിക്കാതെ പോയതിന്റെ കാരണം, ഉദ്യോഗാർഥി മാത്രമാണെന്നു തെറ്റിദ്ധരിപ്പിക്കും.
എന്നാൽ, പണം വാങ്ങുന്നതു വരെ അയോഗ്യതയെക്കുറിച്ചോ പോരായ്മകളെക്കുറിച്ചോ ഏജൻസികൾ ഒന്നും പറയില്ല. പണം കിട്ടിയാൽ വിധം മാറുന്നതാണ് വ്യാജന്മാരുടെ തട്ടിപ്പ് രീതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജോലി ലഭിക്കാത്തവർ പണം തിരിച്ചു ചോദിച്ചാൽ അപേക്ഷാ ഫീസ് മടക്കി നൽകാനാവില്ലെന്ന മറുപടിയാണ് ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടാവുക. വമ്പൻ ശമ്പളം വാഗ്ദാനം ചെയ്ത് ഇമെയിൽ അയയ്ച്ചും ഇരകളെ വീഴ്ത്തുന്നവരുണ്ട്. ജോലിക്കുള്ള അഭിമുഖ തീയതി നിശ്ചയിച്ച ശേഷം ബയോഡേറ്റയും അപേക്ഷ ഫീസും കൈപ്പറ്റും. പിന്നീട് അപേക്ഷ നിരസിച്ചെന്ന ഇമെയിൽ അയച്ചു കൈയൊഴിയും.
ഒഴിവുള്ള തസ്തികയും അപേക്ഷകന്റെ യോഗ്യതയും ചേരുന്നില്ലെന്നു പറഞ്ഞും അപേക്ഷകൾ നിരസിക്കാറുണ്ട്. അപ്പോഴും കൈപ്പറ്റിയ പണം തിരികെ നൽകാറില്ല. സന്ദർശക വീസക്കാരെ ചൂഷണം ചെയ്യുന്ന വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. വീസ വാഗ്ദാനം ചെയ്തു ജോലി എടുപ്പിക്കും. സന്ദർശക വീസയുടെ കാലാവധി കഴിയുമ്പോൾ കൈമലർത്തും. സന്ദർശക വീസക്കാർക്ക് ജോലി ചെയ്യാൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ ഒരിടത്തും പരാതിപ്പെടാനും സാധിക്കില്ല. ചുളുവിൽ ജോലി എടുപ്പിക്കാനും ഒഴിവാക്കാനും കഴിയും എന്നതിനാൽ സന്ദർശക വീസക്കാരെയാണ് പരമാവധി ചൂഷണം ചെയ്യുക. സ്ഥാപനത്തിനു വീസ ചെലവില്ലെന്നതും നേട്ടമാണ്.
ജോലിക്ക് മുൻപേ മന്ത്രാലയം വഴി അന്വേഷിക്കണം
∙ നിയമനം നേടാൻ പോകുന്ന കമ്പനി നിലവിൽ ഉള്ളതാണോ എന്നു മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വഴി അന്വേഷിക്കണം.
∙ പണം നൽകി ഒരു സ്ഥാപനത്തിലേക്കും അപേക്ഷ നൽകരുത്.
∙ റിക്രൂട്ടിങ് ഏജൻസി അംഗീകൃതമാണോയെന്നു വെബ് സൈറ്റിലൂടെ അറിയാനാകും.
∙ നിയമനം ലഭിച്ചാൽ പോലും തൊഴിൽ അന്വേഷകരോട് പണം വാങ്ങാൻ പാടില്ലെന്നാണ് രാജ്യത്തെ നിയമം.
∙ പരാതിയുണ്ടെങ്കിൽ പണം ഈടാക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കും.
∙ കമ്മിഷൻ വ്യവസ്ഥയിലും പണം പിടിക്കാൻ പാടില്ല.
∙ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ വായിച്ചു ബോധ്യപ്പെടുന്നതിനു മുൻപ് ഒപ്പിടരുത്.
∙ നിയമനവുമായി ബന്ധപ്പെട്ട ഏതു പരാതിയും മന്ത്രാലയത്തെ അറിയിക്കാം.
∙ റിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നത് മന്ത്രാലയത്തിന്റെ ലൈസൻസിലാണ്. അവർ നിയമ ലംഘനം നടത്തിയാൽ നേരിട്ടു നടപടി സ്വീകരിക്കാം.
∙ സന്ദർശക വീസക്കാർ ജാഗ്രത പാലിക്കണം. നിരന്തരം തട്ടിപ്പിന് ഇരയാകുന്നവർ ഇവരാണ്.
∙ സന്ദർശക വീസയിൽ ജോലി ചെയ്യാൻ നിയമമില്ല. അത്തരക്കാർ തട്ടിപ്പിന് ഇരയായാൽ പരാതിപ്പെടാൻ പോലും സാധിക്കില്ല.
English Summary: UAE society for consumer protection warns against fake job offers