ADVERTISEMENT

മദീന∙ ഹജ്ജിനു 3 ആഴ്ച ശേഷിക്കെ മദീനയിലെ പ്രവാചക പള്ളി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരാൽ നിറയുന്നു.  മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്ന തീർഥാടകരെ റോസാ പൂവും ഈന്തപ്പഴവും നൽകിയാണ് പ്രവാചക നഗരിയിലേക്കു സ്വീകരിക്കുന്നത്.

 

ഹജ്ജിന് മുന്നോടിയായി മദീന സന്ദർശനം പൂർത്തിയാക്കാനായാണ് തീർഥാടകർ ഇവിടേക്ക് എത്തുന്നത്. പ്രവാചകൻ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന റൗദാ ശരീഫ് സന്ദർശിച്ചും മസ്ജിദുന്നബവിയിൽ 5 നേരത്തെ നമസ്കാരം നിർവഹിച്ചും 8 ദിവസം മദീനയിൽ തങ്ങിയ ശേഷമാണ് ഹജ്ജിനായി മക്കയിലേക്ക് തിരിക്കുന്നത്. ഇസ്​ലാമിക ചരിത്രത്തിൽ ഇടംപിടിച്ച പുണ്യസ്ഥലങ്ങളും ഇതിനിടയിൽ സന്ദർശിക്കും.

 

തീർഥാടകർക്ക് മികച്ച സേവനം ഒരുക്കാൻ 1410 ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും നിയമിച്ചെന്ന്  സൗദി റെ‍ഡ് ക്രസന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അഹ്മദ് ബിൻ അലി അൽ സഹ്റാനി പറഞ്ഞു. 45 അത്യാഹിത കേന്ദ്രം, നവീന സൗകര്യമുള്ള മൊബൈൽ ക്ലിനിക്, 79 പാരാമെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 710 അംഗ മെഡിക്കൽ സംഘം, എയർ ആംബുലൻസ് എന്നിവയും സജ്ജമാണ്.

 

700 വൊളന്റിയർമാരും  കർമനിരതരാണ്. അടിയന്തര മെഡിക്കൽ സേവനത്തിന് 997, Asafny ആപ് എന്നിവയിൽ ബന്ധപ്പെടാം. എമർജൻസി മെഡിക്കൽ സർവീസ് സംഘം പരിശോധിച്ച് വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റും. 

 

അരലക്ഷം കടന്ന് ഇന്ത്യൻ തീർഥാടകർ 

 

മക്ക∙ ഹജ്ജിന് ഇന്ത്യയിൽനിന്ന് എത്തിയ തീർഥാടകരുടെ എണ്ണം അര ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 168 വിമാനങ്ങളിലായി 50,453 തീർഥാടകരാണ് സൗദിയിൽ എത്തിയത്. ഇവരിൽ 28,408 തീർഥാടകർ മക്കയിലും 22,043 പേർ മദീനയിലുമാണുള്ളത്. മദീനയിലുള്ളവർ 8 ദിവസം അവിടെ തങ്ങിയ ശേഷം മക്കയിലേക്കു തിരിക്കും. മക്കയിൽ നേരിട്ട് എത്തിയവർ ഹജ്ജിനു ശേഷം മദീനാ സന്ദർശിക്കും. ഇതിനിടെ, ഇന്ത്യൻ ഹജ് മിഷനു കീഴിൽ ഇന്ത്യക്കാർക്കായി ഒരുക്കിയ ആശുപത്രിയിലെ സൗകര്യങ്ങൾ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വിലയിരുത്തി. ചികിത്സയിലുള്ള തീർഥാടകരെയും സന്ദർശിച്ചു ആശയവിനിമയം നടത്തി. മികച്ച ആരോഗ്യസേവനങ്ങൾ ഉറപ്പാക്കണമെന്നും മെഡിക്കൽ സംഘത്തോട് ആവശ്യപ്പെട്ടു.

English Summary: Pilgrims begin arriving in Saudi Arabia for Hajj season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com