ADVERTISEMENT

ദോഹ∙ ഖത്തറിലെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കുവേണ്ടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയും (സിഐസി) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബും ചേര്‍ന്നു സംഘടിപ്പിച്ച 19-ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാംപ് ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ശ്രദ്ധേയമായി. 

 

ഏഷ്യന്‍ ക്യാംപ് ഉദ്ഘാടനം
ഏഷ്യന്‍ ക്യാംപ് ഉദ്ഘാടനം

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ക്യാംപിലെത്തിയത്. അത്യാധുനിക സൗകര്യങ്ങളുള്ള ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ നടന്ന ക്യാംപില്‍ വിപുലമായ ക്ലിനിക്കല്‍ പരിശോധനാ സൗകര്യങ്ങളും സൗജന്യമരുന്നു വിതരണവുമാണ് നല്‍കിയത്. പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രമേഹം, കൊളസ്ട്രോള്‍ പരിശോധനകള്‍ക്കൊപ്പം കാഴ്ച, കേള്‍വി പരിശോധനകളും ഓറല്‍ ചെക്കപ്പും ലഭ്യമാക്കിയിരുന്നു. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തിലധികം പേരാണ് ക്യാംപില്‍ പങ്കെടുത്തത്. ഖത്തര്‍ ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പിഎച്ച്‌സിസി) എന്നിവയുടെ മേല്‍നോട്ടത്തിലാണ് ഏഷ്യന്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. 

 

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സാമിയ അഹ്‌മദ് അല്‍അബ്ദുല്ല ക്യാംപ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ക്യാംപ് വൈസ് ചെയര്‍മാന്‍ കെ.സി.അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഉമ്മുല്‍സനീം ഹെല്‍ത്ത് സെന്റര്‍ ഡയറക്ടര്‍ ഡോ. അംന അബ്ദുല്ല അല്‍അന്‍സാരി, നേപ്പാള്‍ എംബസി സ്ഥാനപതി ഡോ. നരേഷ് ബിക്രം ദകല്‍, ശ്രീലങ്കന്‍ സ്ഥാനപതി മഫാസ് മുഹിയദ്ദീന്‍, ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, സിഐസി ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, വൈസ് ചെയര്‍മാന്‍ പി.പി.അബ്ദു റഹീം എന്നിവര്‍ പ്രസംഗിച്ചു.

  

പിച്ച്‌സിസി റീജനല്‍ ഡയറക്ടര്‍ ഡോ. ഹിയാം അല്‍സാദ, എച്ച്എംസി കമ്യൂണിക്കേഷന്‍ വകുപ്പ് അസി.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‌മദ് മുഹമ്മദ് അല്‍മാലികി, കമ്യൂണിറ്റി പൊലീസ് ഫസ്റ്റ് ലെഫ്.കേണല്‍ അബ്ദുല്‍ അസീസ് അല്‍മുഹന്നദി, എച്ച്എംസി കാര്‍ഡിയോ തൊറാസിക് വകുപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍വാഹിദ് അല്‍മുല്ല, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ക്ലബ് സെക്രട്ടറി ഡോ. മഖ്തൂം അസീസ്, ഡോ. മോഹന്‍ തോമസ് എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്സ് അഡൈ്വസര്‍ മുഹമ്മദ് അല്‍മീര്‍ ക്യാംപ് സന്ദര്‍ശിച്ചു.

  

ദന്താരോഗ്യം, കാന്‍സര്‍രോഗ നിര്‍ണയം സ്ത്രീകളില്‍, ലൈംഗിക രോഗങ്ങള്‍ , നടുവേദനയും പരിഹാരമാര്‍ഗങ്ങളും മറവി രോഗം എങ്ങിനെ നേരിടാം എന്നീ വിഷയങ്ങളില്‍ ഉച്ചക്ക് ശേഷം നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് യഥാക്രമം ഡോ. മഹേഷ് മേനോന്‍, ഡോ. ദേവി കൃഷ്ണ, ഡോ. രശ്മി ഗുരവ്, ഡോ. മണിചന്ദ്രന്‍ എന്നിവര്‍ നേത്യത്വം നല്‍കി. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എച്ച്എംസി റെഡ് ക്രസന്റ് എന്നിവിടങ്ങളില്‍ നിന്നായി 120 ഡോക്ടര്‍മാരും നൂറുകണക്കിന് പാരാമെഡിക്കല്‍ സ്റ്റാഫും സാങ്കേതിക വിദഗ്ധരും വൊളന്റിയര്‍മാരുമാണ് ക്യാംപിലെത്തിയവര്‍ക്കായി സേവനങ്ങള്‍ നല്‍കിയത്. ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍, യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം ഖത്തര്‍, ഖത്തര്‍ ഡയബറ്റിക്‌സ് അസോസിയേഷന്‍ തുടങ്ങിയ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമൊപ്പം നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് കമ്യൂണിറ്റികളും ക്യാംപില്‍ സഹകരിച്ചു.

English Summary: 2000 attended 19th Asian medical camp by CIC and Indian doctors club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com