ADVERTISEMENT

ദോഹ ∙ ഇഷ്ടമുള്ള പേര് ഇടാം. പക്ഷേ ഔദ്യോഗിക രേഖകളിൽ ചേർത്തു കഴിഞ്ഞാൽ  മാറ്റം വരുത്തുക അത്ര എളുപ്പമല്ല. സ്വന്തം പേര് അല്ലെങ്കിൽ കുടുംബപ്പേര് മാറ്റുക, വിവാഹ ശേഷമുള്ള പേരുമാറ്റൽ, കുട്ടികളുടെ പേരിനൊപ്പം കുടുംബപ്പേര് ചേർക്കൽ ഇങ്ങനെ പേരുമാറ്റം പലവിധമുണ്ട്.

Read also : ബലിപെരുന്നാളിന് ഒരുക്കം തുടങ്ങി; ഭക്ഷ്യ- ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പരിശോധന

പ്രവാസികളെ സംബന്ധിച്ച് പാസ്‌പോർട്ടിലാണ് ആദ്യം പേരു മാറ്റേണ്ടത്. പാസ്‌പോർട്ടിൽ പേരു മാറ്റാനുള്ള നടപടിക്രമങ്ങൾ കുട്ടികളുടേതായാലും മുതിർന്നവരുടേതായാലും ഒന്നു തന്നെ. ഇന്ത്യൻ എംബസി, ഖത്തർ ഇമിഗ്രേഷൻ എന്നിവയുടെ അനുമതിയോടു കൂടി ഗസറ്റിൽ (പത്രത്തിൽ) പരസ്യം ചെയ്താൽ മാത്രമേ പേരുമാറ്റം സാധ്യമാകൂ.

പരസ്യം ചെയ്തു കഴിഞ്ഞാൽ ബാക്കിയുള്ളത് പാസ്‌പോർട് പുതുക്കലിന്റെ അതേ നടപടിക്രമങ്ങൾ തന്നെയാണ്. പാസ്‌പോർട്ടിൽ പേരു മാറ്റാൻ പത്രപ്പരസ്യത്തിനുള്ള അനുമതി തേടൽ, പരസ്യം നൽകൽ, പരസ്യം നൽകിയ ശേഷം പാസ്‌പോർട്ടിൽ പേരു മാറ്റാനുള്ള അപേക്ഷ നൽകൽ ഇങ്ങനെ 3 ഘട്ടങ്ങളിലായാണ് നടപടി‌. പേരു മാറ്റിയ പുതിയ പാസ്‌പോർട് ലഭിച്ചു കഴിഞ്ഞാൽ ഉടൻ മെട്രാഷ്-2 വിലൂടെ ഖത്തർ ഐഡിയിലെ പേരും പാസ്‌പോർട് വിവരങ്ങളും മാറ്റാൻ മറക്കേണ്ട. 

അപേക്ഷകർ അറിയാൻ

∙ വിവാഹത്തെ തുടർന്നുള്ള പേരുമാറ്റമാണെങ്കിൽ ഇന്ത്യയിൽ സാക്ഷ്യപ്പെടുത്തിയ ഒറിജിനൽ വിവാഹ സർട്ടിഫിക്കറ്റ്, പകർപ്പ്, ഭർത്താവിന്റെ ഒറിജിനൽ പാസ്‌പോർട്, ഖത്തർ ഐഡി എന്നിവ ഹാജരാക്കണം. 

∙ വിവാഹ മോചിതർ ആണെങ്കിൽ ഇന്ത്യയിലെ കോടതി അംഗീകരിച്ച വിവാഹമോചന രേഖ ആവശ്യമാണ്. പുനർവിവാഹമെങ്കിൽ  വിവാഹ മോചനരേഖ അല്ലെങ്കിൽ പങ്കാളിയുടെ മരണ സർട്ടിഫിക്കറ്റ് എന്നിവയും വിവാഹ റജിസ്ട്രാർ നൽകുന്ന ഇന്ത്യയിൽ സാക്ഷ്യപ്പെടുത്തിയ ഒറിജിനൽ വിവാഹ സർട്ടിഫിക്കറ്റ്, ഭർത്താവിന്റെ ഒറിജിനൽ പാസ്‌പോർട് എന്നിവ വേണം.

∙ സ്വന്തം പേരും കുടുംബപ്പേരും തമ്മിൽ വേർതിരിക്കുന്നതിനാണെങ്കിൽ അപേക്ഷകൻ പ്രായപൂർത്തിയായവരെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. കുട്ടികളാണെങ്കിൽ രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തണം.

പേരുമാറ്റൽ നടപടിക്രമങ്ങൾ 

1.  പത്ര പരസ്യത്തിനുള്ള അനുമതി തേടൽ 

∙ ആദ്യം ഇന്ത്യൻ എംബസിയിൽ നിന്ന് പേരുമാറ്റത്തിന് ഗസറ്റിൽ പരസ്യം നൽകുന്നതിനുള്ള നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടണം. ഇതിനായി പുതിയ പേര്, പാസ്‌പോർട്, ഖത്തർ ഐഡി വിവരങ്ങൾ ഉൾപ്പെടെ വിശദമാക്കി വെള്ള കടലാസിൽ അപേക്ഷ നൽകണം. 100 റിയാൽ ആണ് എൻഒസി ലഭിക്കാനുള്ള ഫീസ്. 

∙ ഇന്ത്യൻ എംബസിയുടെ എൻഒസി ലഭിച്ചാൽ ഒറിജിനൽ പാസ്‌പോർട്, ഖത്തർ ഐഡി, എംബസിയുടെ എൻഒസി എന്നിവയുമായി ഇമിഗ്രേഷനിൽ എത്തണം.പേരുമാറ്റത്തിന് ഗസറ്റിൽ പരസ്യം നൽകുന്നതിന് ഇമിഗ്രേഷൻ അധികൃതരുടെ എൻഒസി ആവശ്യമാണ്. ഇതിനായി ഇമിഗ്രേഷൻ ഓഫിസിലെത്തി മെട്രാഷ് മുഖേന അപേക്ഷ നൽകാം. മെട്രാഷിൽ അപേക്ഷകന്റെ ഖത്തർ ഐഡി, പാസ്പോർട്ട് കോപ്പി, ജനന സർട്ടിഫിക്കറ്റ് തുടങ്ങി ആവശ്യമായ രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്യണം. 

2. പരസ്യം നൽകൽ

∙ മെട്രാഷിൽ അപേക്ഷ നൽകി നിശ്ചിത പ്രവൃത്തി ദിവസങ്ങൾ കഴിയുമ്പോൾ അപേക്ഷകന്റെ മൊബൈൽ നമ്പറിൽ ഇമിഗ്രേഷൻ അധികൃതരുടെ  സന്ദേശം ലഭിക്കും. പത്രപ്പരസ്യത്തിനുള്ള എൻഒസി മെട്രാഷിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം.

∙ എൻഒസി ലഭിച്ചാൽ പേരുമാറ്റം സംബന്ധിച്ച് ദോഹയിലെ ഏതെങ്കിലുമൊരു പ്രാദേശിക ഇംഗ്ലിഷ് പത്രത്തിലും അപേക്ഷകന്റെ നാട്ടിലെ പത്രത്തിലും പരസ്യം ചെയ്യണം. 

∙ പരസ്യം വന്ന 2 പത്രങ്ങളുടെയും ഒറിജിനൽ (പരസ്യം വന്ന പേപ്പർ കട്ടിങ് മാത്രം പോരാ, ആ പത്രം മുഴുവനായും ഹാജരാക്കണം) നിർബന്ധമാണ്. 

3. പുതിയ പാസ്‌പോർട്ടിനുള്ള നടപടി

∙ പരസ്യം വന്ന പത്രങ്ങൾ, ഖത്തർ ഐഡി, ഒറിജിനൽ പാസ്പോർട്ട്, എംബസിയിൽ നിന്നു നേരത്തെ ലഭിച്ച എൻഒസി എന്നിവ സഹിതം വീണ്ടും ഇമിഗ്രേഷനിൽ എത്തണം. ഇവിടെ നിന്ന് പേരുമാറ്റത്തിനുള്ള എൻഒസി ലഭിക്കും. 

∙ പത്ര പരസ്യം വന്ന തീയതി മുതൽ 30 ദിവസം കഴിയുമ്പോഴാണ് എല്ലാ രേഖകളും പത്ര പരസ്യങ്ങളും ഉൾപ്പെടെ ഇന്ത്യൻ എംബസിയിൽ പുതിയ പാസ്‌പോർട്ടിനായി അപേക്ഷ നൽകേണ്ടത്. 

∙ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ https://embassy.passportindia.gov.in/  പ്രവേശിച്ച് പാസ്‌പോർട്ടിൽ പേരു മാറ്റാനുള്ള അപേക്ഷ പൂരിപ്പിച്ച് പ്രിന്റ് എടുക്കണം. തെറ്റു വരുത്താതെ കൃത്യമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണം. പുതിയ പേരിന്റെ സ്‌പെല്ലിങ് ഉൾപ്പെടെ എല്ലാം കൃത്യമായിരിക്കണം. 

∙ ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷ, ഇമിഗ്രേഷനിൽ നിന്നുള്ള എൻഒസി, പത്രപ്പരസ്യം, എംബസിയിൽ നിന്ന് നേരത്തെ ലഭിച്ച എൻഒസി, പാസ്‌പോർട്, ഖത്തർ ഐഡി ഒറിജിനലും പകർപ്പുകളും (കുട്ടികളുടേതാണെങ്കിൽ രക്ഷിതാക്കളുടെ പാസ്‌പോർട്ടും ഖത്തർ ഐഡിയും കാണിക്കണം), വെള്ള ബാക്ക്ഗ്രൗണ്ടിൽ 2x2 ഇഞ്ച് സൈസിലുള്ള 2 ഫോട്ടോ എന്നിവ സഹിതം എംബസിയിലെ കോൺസുലർ സർവീസ് വിഭാഗത്തിൽ നൽകണം.  പരസ്യം നൽകിയ തീയതി മുതൽ 30 ദിവസം കഴിഞ്ഞാണ് മേൽപറഞ്ഞ രേഖകളുമായി എംബസിയെ സമീപിക്കേണ്ടത്. 

∙ 277 റിയാൽ ആണ് പുതിയ പാസ്‌പോർട്ടിനുള്ള ഫീസ്. പരമാവധി 10 പ്രവൃത്തി ദിവസത്തിനുള്ളിൽ പുതിയ പേരിലുള്ള പാസ്‌പോർട് ലഭിക്കും.

English Summary: All we need to know for changing name in passport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com