ADVERTISEMENT

റിയാദ്∙ സൗദിയുടെ വനിതാ ശാക്തീകരണം ബഹിരാകാശത്ത് എത്തിച്ച് ചരിത്രം കുറിച്ച്  തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരി റയ്യാന ബർനാവിക്കും സഹ സഞ്ചാരി അലി അൽ ഖർനിക്കും റിയാദിൽ രാജകീയ സ്വീകരണം.

 

8 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇരുവരും മേയ് 31ന് ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. വിവിധ ടെസ്റ്റുകൾക്കും പരീക്ഷണങ്ങൾക്കുമായി നിരീക്ഷണ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷമാണ് ഇവർ മാതൃ രാജ്യത്തു മടങ്ങിയെത്തിയത്. ബഹിരാകാശ ദൗത്യത്തിനായി പരിശീലനം േനടിവരുന്ന മർയം ഫിർദൗസ്, അലി അൽ ഗാംദി എന്നിവരും ഇവരെ അനുഗമിച്ചു.

 

റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ കമ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രിയും സൗദി സ്പേസ് ഏജൻസി ഡയറക്ടർബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുല്ല അൽ സവാഹ, സൗദി നിയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽ റുവൈലി, കിങ് അബ്ദുൽഅസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി പ്രസിഡന്റ് ഡോ.മുനീർ അൽ ദസൂഖി, സൗദി സ്പേസ് ഏജൻസി വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അൽ തമീമി എന്നിവരും സഞ്ചാരികളുടെ ബന്ധുക്കളും ചേർന്നു സ്വീകരിച്ചു.

 

ബഹിരാകാശ ഗവേഷണ രംഗത്ത് സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ബഹിരാകാശത്ത് 14 ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയിരുന്നു. മൂന്നു വിദ്യാഭ്യാസ ബോധവൽക്കരണ പരീക്ഷണങ്ങളിൽ 47 ഇടങ്ങളിൽ നിന്നായി 12,000 വിദ്യാർഥികളും ലൈവിൽ ഇവരോടൊപ്പം ചേർന്നു.

 

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി ശാസ്ത്ര പരീക്ഷണങ്ങളിൽ പങ്കാളിയാകുന്ന ആദ്യ അറബ്, മുസ്‌ലിം വനിത എന്ന റെക്കോർഡും റയ്യാനയ്ക്കു സ്വന്തം. ഒരേ സമയം 2 പേരെ ബഹിരാകാശ നിലയത്തിൽ എത്തിച്ച ആദ്യ അറബ് രാജ്യംകൂടിയാണ് സൗദി അറേബ്യ.

English Summary: Saudi astronauts return home after space mission.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com