ADVERTISEMENT

അബുദാബി∙ ആഗോള താപനം അടക്കമുള്ള കാലാവസ്ഥ പ്രതിസന്ധികളെ നേരിടാൻ പാരിസ് ഉടമ്പടി പാലിച്ച് യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ 28ാം കാലാവസ്ഥ ഉച്ചകോടിക്ക് (കോപ്28) വേദിയാകുന്ന യുഎഇയിൽ ഉച്ചകോടിയുടെ നിയുക്ത അധ്യക്ഷൻ ഡോ.സുൽത്താൻ അൽ ജാബറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കാലാവസ്ഥ മാറ്റം ചെറുക്കാനുള്ള മുന്നേറ്റങ്ങളിൽ കൈകോർക്കുമെന്ന് അറിയിച്ചത്.

 

കാലാവസ്ഥാ മാറ്റ ഭീഷണികളെ ചെറുക്കേണ്ടത് അടിയന്തര ആവശ്യമാണെന്നു നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദും പറഞ്ഞു. കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ഹരിത വാതക ഉപയോഗം വർധിപ്പിക്കൽ, മറ്റു കാലാവസ്ഥാ പ്രശ്നങ്ങൾ നേരിടൽ എന്നിവയ്ക്കായി ഇരു രാജ്യങ്ങളും സഹകരിക്കുംകോപ് 28ന്റെ വിജയത്തിനായി ഇന്ത്യയുടെ ആത്മാർഥ പിന്തുണ പ്രധാനമന്ത്രി ഉറപ്പു നൽകി. കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന പാരിസ് ഉടമ്പടിയിലെ തീരുമാനത്തെ അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് നടപ്പാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.

 

കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷങ്ങൾ അനുഭവിക്കുന്നത് ദുർബല രാജ്യങ്ങളാണ്. അവരെ പിന്തുണയ്ക്കാനും കൂടുതൽ ധനസഹായം എത്തിക്കാനും മറ്റു രാജ്യങ്ങൾ ആത്മാർഥമായി കൈകോർക്കണം. ഭക്ഷ്യ സുരക്ഷ, ജലപരിപാലനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണവും സുസ്ഥിര ഉപയോഗവും, പൊതുജനാരോഗ്യ സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.

 

ഹരിത ഊർജം, പുതിയ നയം

 

ഹരിത ഊർജത്തിനു പ്രാധാന്യം നൽകാനും പരമ്പരാഗത ഊർജ സ്രോതസ്സായ പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പുനരുൽപാദക ഊർജം, ഹരിത ഹൈഡ്രജൻ, വിനിയോഗ-സംഭരണ സാങ്കേതിക വിദ്യകൾ, ഊർജ കാര്യക്ഷമത, കാർബൺ ഉപയോഗം കുറച്ചുകൊണ്ടുള്ള മറ്റു പ്രതിവിധികൾ എന്നിവയിലെ നിക്ഷേപങ്ങൾ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിലും സഹായിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്  എല്ലാ സാങ്കേതിക സൗകര്യവും പ്രയോജനപ്പെടുത്തണം. വികസ്വര രാജ്യങ്ങൾക്ക് ഈ സാങ്കേതിക വിദ്യ എത്തിച്ചു നൽകണം. ഇനിയുള്ളത് ഊർജ പരിവർത്തനത്തിന്റെ കാലമാണ്. ഊർജ സുരക്ഷ, സാമ്പത്തിക ഭദ്രത, കാർബൺ പുറന്തള്ളൽ ലഘൂകരിക്കൽ എന്നീ തൂണുകളിൽ അടിസ്ഥാനമാക്കിയാണ് ഊർജ പരിവർത്തനം നടപ്പാക്കേണ്ടത്. കാർബൺ പുറന്തള്ളൽ കുറഞ്ഞ, താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന വിശ്വസനീയവും സുസ്ഥിരവുമായ ഊർജത്തിലേക്കുള്ള ചുവടുമാറ്റത്തിന് ഇന്ത്യയും യുഎഇയും എല്ലാ പിന്തുണയും നൽകും. 

 

അവികസിത രാജ്യങ്ങളെ പിന്തുണയ്ക്കും

 

വികസ്വര രാജ്യങ്ങള‌ിലെ കാലാവസ്ഥ പ്രശ്നങ്ങളെ നേരിടാൻ രാജ്യാന്തര തലത്തിൽ രൂപീകരിച്ചിരിക്കുന്ന പദ്ധതികൾക്കു പണം കണ്ടെത്താൻ നിലവിലെ സാമ്പത്തിക സംവിധാനങ്ങൾ പരിഷ്കരിക്കാനും അധിക സ്വകാര്യ മൂലധനം ആകർഷിക്കാനും രാജ്യാന്തര നാണ്യനിധിയോടും (ഐഎംഎഫ്) മൾട്ടിലാറ്ററൽ വികസന ബാങ്കുകളോടും (എംഡിബി) നേതാക്കൾ ആഹ്വാനം ചെയ്തു. കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ ഓരോ വ്യക്തികൾക്കും പങ്കുണ്ട്. ജീവിതശൈലിയിലെ മാറ്റം കൊണ്ടും പ്രകൃതി ചൂഷണത്തിൽ നിന്നു വിട്ടുനിന്നും ഈ പരിശ്രമത്തെ പിന്തുണയ്ക്കാൻ ഓരോ വ്യക്തിക്കും കഴിയും.

English Summary: PM Modi to attend UN climate summit in Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com