ഹമദിൽ വഴികാട്ടാൻ ഇനി ഡിജിറ്റൽ വേ ഫൈൻഡിങ്

Mail This Article
ദോഹ∙ഹമദ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ടെർമിനലുകൾക്കുള്ളിലെ സൗകര്യങ്ങളിലേക്ക് ഇനി ചോദിച്ചു ചോദിച്ചു പോകേണ്ട. വിമാനത്താവളത്തിലുടനീളം വഴിതെറ്റാതെ സഞ്ചരിക്കാൻ യാത്രക്കാർക്കായി പുതിയ ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനം സജ്ജം.
ക്യൂആർ കോഡുകൾ ഉപയോഗിച്ച് വിമാനത്താവളത്തിലെ ടെർമിനലുകളിൽ ഉടനീളമുള്ള വ്യത്യസ്ത ഡിജിറ്റൽ ടച്ച് പോയിന്റുകളിലെ വേ ഫൈൻഡിങ് സൊലൂഷനുകൾ പ്രയോജനപ്പെടുത്താം.
വിമാനത്താവളത്തിലെ ഓർക്കാർഡിൽ നിന്ന് ഭീമൻ ലാംപ് ബിയർ സ്ഥാപിച്ചിരിക്കുന്നിടത്തേക്ക് അല്ലെങ്കിൽ ടെർമിനലിലെ ലോഞ്ചുകളിലേക്ക് അതുമല്ലെങ്കിൽ ഡൈനിങ്, റീട്ടെയ്ൽ ശാലകളിലേക്ക് എല്ലാം യാത്രക്കാർക്ക് ഈ ഡിജിറ്റൽ വേ ഫൈൻഡർ കൃത്യമായി വഴികാട്ടും.
ആദ്യമായി വിമാനത്താവളത്തിലെത്തി ചേരുന്ന യാത്രക്കാരന് അറൈവൽ ഗേറ്റിലേക്കും രാജ്യത്ത് നിന്ന് തിരികെ പോകുന്നയാൾക്ക് ഡിപ്പാർച്ചർ ഗേറ്റിലേക്കുമെല്ലാം ഇനി ഈസിയായി എത്തിച്ചേരാം.
തുടർ വിമാനത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും വിമാനത്താവളത്തിനുള്ളിലെ കാഴ്ചകൾ വഴിതെറ്റാതെ കണ്ട് ആസ്വദിക്കാം.
ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്‌ക്രീനുകൾ, പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസുകൾ തുടങ്ങി എല്ലാ പ്രധാന ടച്ച് പോയിന്റുകളിലും ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനമുണ്ട്. എല്ലാത്തരം മൊബൈലുകളിലും ഈ സൗകര്യം ലഭ്യമാണ്.
സ്മാർട് ഫോണിൽ വിമാനത്താവളത്തിലെ സൗജന്യ വൈ-ഫൈ സേവനവും ഉപയോഗിക്കാം.
യാത്രക്കാരന് മൊബൈലിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ടെർമിനലിനുള്ളിൽ പോകേണ്ട സ്ഥലം ഏതെന്ന് തിരഞ്ഞെടുത്താൽ വേ ഫൈൻഡർ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കും.
ഓർക്കാർഡിലുള്ള ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനത്തിൽ ടെർമിനലിനുള്ളിലെ റീട്ടെയ്ൽ, ഭക്ഷണ-പാനീയ ശാലകൾ, ഫ്ലൈറ്റ് വിവരങ്ങൾ, വിനോദ ഇടങ്ങൾ ഉൾപ്പെടെയുള്ള വിമാനത്താവളത്തിലെ എല്ലാ ആകർഷണങ്ങളെക്കുറിച്ചും അങ്ങോട്ടേക്കുള്ള വഴികളും കൃത്യമായുണ്ട്.
പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌കും പുതുതായി ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ നോർത്ത് പ്ലാസ, ലാംപ് ബിയറിന് സമീപം എന്നിവിടങ്ങളിലായാണ് കിയോസ്‌കുകളുള്ളത്. യാത്രക്കാർക്ക് ഡിജിറ്റൽ സംബന്ധമായ സേവനങ്ങൾ ഇവിടെ ലഭിക്കും.
വിമാനത്താവളത്തിന്റെ ഡിജിറ്റൽ പരിവർത്തന നയങ്ങളുടെ ഭാഗമായാണ് അത്യാധുനിക സാങ്കേതിക വിദ്യകളും സൊലൂഷനുകളും അവതരിപ്പിക്കുന്നത്. യാത്രക്കാർക്ക് മികച്ചതും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. വർഷാദ്യ പകുതിയിൽ 2,07,75,087 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയത്.
2014 –ൽ പ്രവർത്തനം തുടങ്ങിയ വിമാനത്താവളത്തിന് ലോകത്തിലെ ഏറ്റവും മികച്ച ഒന്നാമത്തെ വിമാനത്താവളത്തിനുള്ള സ്‌കൈട്രാക്‌സ് പുരസ്‌കാരം ഉൾപ്പെടെയുള്ള രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
English Summary: Hamad International Airport introduces digital wayfinding solutions