യുഎഇയിലെ മഴയിൽ നാശനഷ്ടം നേരിട്ടവരിൽ ഭൂരിഭാഗവും മലയാളികൾ; മഴ തുടരും, ജാഗ്രത നിർദേശം

Mail This Article
ദുബായ്∙ ശനിയാഴ്ച പെയ്ത മഴയിൽ നാശനഷ്ടം നേരിട്ടവരിൽ ഭൂരിഭാഗവും മലയാളികൾ. നഷ്ടം അധികൃതർ തിട്ടപ്പെടുത്തി വരുന്നതേയുള്ളു. ഇതിനിടെ ദുബായിലെ പൊതുപാർക്കുകൾ അടച്ചു. രാത്രിയിൽ ബീച്ചുകളിലെ നീന്തൽ നിരോധിച്ചു.
പല മലയാളി കടകളുടെയും നെയിം ബോർഡുകൾ കാറ്റിൽ പറന്നു പോയി. കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും നഷ്ടപ്പെട്ടു. പലതും വെള്ളത്തിൽ വീണു പൂർണമായും നശിച്ചു. പറന്നു പോകുന്ന സാധനങ്ങൾ പെറുക്കിയെടുക്കാൻ മലയാളികൾ മഴയത്ത് ഓടുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തു വന്നു. അബുദാബിയിലെ അൽ ഹയാറിൽ പരസ്യബോർഡ് കാറിനു മുകളിലേക്കു വീണു. യാത്രക്കാരായ കുടുംബ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദുബായ് ഹിൽസ് എസ്റ്റേറ്റിലെയും കരാമയിലെയും അടക്കം കടപുഴകി വീണ മരങ്ങൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. മിക്ക വ്യാപാരികൾക്കും ഇൻഷുറൻസ് ഉള്ളതിനാൽ വലിയ സാമ്പത്തിക നഷ്ടം വരില്ലെന്നാണ് കരുതുന്നത്.
Read Also: 'കാക്കേ കാക്കേ പോയ്ക്കൂടെ?', സൗദിയിൽ ഇന്ത്യൻ കാക്കകൾ ശല്യമാകുന്നു; നടപടിക്കൊരുങ്ങി അധികൃതർ
ദുബായ് മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ ദിവസം ലഭിച്ചത് 100 എമർജൻസി കോളുകളാണ്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ സഹായത്തിനു ദുരന്ത നിവാരണ സേന രംഗത്ത് ഇറങ്ങി. 69 സ്ഥലങ്ങളിൽ മരങ്ങൾ വീണു.

പ്രധാന റോഡുകളിൽ 16 ഇടത്ത് മരം വീണു. ഇതുകൂടാതെ മഴവെള്ളം കെട്ടിനിൽക്കുന്നത് വറ്റിക്കാൻ 18 അപേക്ഷകൾ നഗരസഭയ്ക്ക് ലഭിച്ചു. റോഡിൽ വീണ മരക്കൊമ്പുകൾ, പുല്ല്, മണൽ തുടങ്ങിയ മാലിന്യങ്ങൾ നീക്കുന്നതിനു ഭൂഗർഭ അഴുക്കുചാലുകൾ അടഞ്ഞു പോയത് ശരിയാക്കുന്നതിനും അധിക തൊഴിലാളികളെ മുനിസിപ്പാലിറ്റി നിയോഗിച്ചു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്ത് അടിയന്തര സാഹചര്യത്തിലും എമർജൻസി നമ്പറായ 800900ലേക്കു വിളിക്കാം.
ജാഗ്രത; മഴ തുടരും
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടുതൽ ജാഗ്രത പാലിക്കണമെന്നു മുനിസിപ്പാലിറ്റി അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. അൽഐനിൽ വെള്ളിയാഴ്ച മുതൽ പ്രതികൂല കാലാവസ്ഥയാണ്.
ഇവിടെ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവും ശക്തമാണ്. നാളെ വരെ അസ്ഥിര കാലാവസ്ഥ തുടരും. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഇന്നു പടിഞ്ഞാറൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്നതായിരിക്കും. മൂടൽമഞ്ഞിനുള്ള സാധ്യതയുമുണ്ട്. ഉച്ചയ്ക്കു ശേഷം മഴ പ്രതീക്ഷിക്കുന്നു. അൽ ഐനിൽ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നു പ്രവചനമുണ്ട്. രാജ്യത്തു പകൽ സമയം 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ് ശക്തമായ പൊടിപടലത്തിന് കാരണമാകും. കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗം പ്രാപിക്കാനും സാധ്യതയുണ്ട്. യുഎഇയിൽ സാധാരണ പെയ്യാറുള്ള വേനൽ മഴ വർധിപ്പിക്കുന്നതിനും രാജ്യത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിനും ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് എൻസിഎം അറിയിച്ചു.
പാർക്ക് അടച്ചത് സുരക്ഷയ്ക്ക്
ദുബായ്∙ കാലാവസ്ഥ മോശമായതിനെ തുടർന്നു ദുബായിലെ പൊതുപാർക്കുകൾ താൽക്കാലികമായി അടച്ചു. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി ഇന്നലെ വൈകുന്നേരമാണ് പാർക്കുകൾ അടച്ചത്. കാലാവസ്ഥ സാധാരണ നിലയിൽ ആകുന്നതുവരെ പാർക്കുകൾ അടഞ്ഞു കിടക്കും.
നീന്തൽ നിരോധനത്തിന് കാരണം അസ്ഥിര കാലാവസ്ഥ
ദുബായ്∙ അസ്ഥിര കാലാവസ്ഥ കണക്കിലെടുത്തു ദുബായ് ബീച്ചുകളിലെ രാത്രികാല നീന്തൽ നിരോധിച്ചു മുനിസിപ്പാലിറ്റി. നിരോധനം ഇന്നലെ നിലവിൽ വന്നു. ജനങ്ങളുടെ സുരക്ഷയ്ക്കു മുഖ്യപരിഗണന നൽകിയാണ് നീന്തൽ നിരോധിച്ചത്.
English Summary: Majority of those affected by rain in UAE are Malayalis