കൊച്ചുകൂട്ടുകാർ വിദ്യാലയങ്ങളിലെത്തി; ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികൾ

Mail This Article
ദുബായ് ∙ വേനലവധിക്ക് ശേഷം സ്വകാര്യ സ്കൂളുകളും അറബിക് സ്കൂളുകളും ഇന്ന് (തിങ്കൾ) തുറന്നു. കൊച്ചുകൂട്ടുകാർ യൂണിഫോമും ബാഗുകളുമായി സ്കൂളുകളിലേയ്ക്ക് പുറപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷമാണെന്നതിനാൽ മിക്കവരെയും യാത്രയയക്കാൻ ബസുകൾക്ക് അരികിലേക്ക് രക്ഷിതാക്കളുമെത്തിയിരുന്നു. അക്ഷരങ്ങളിലൂടെ അറിവും സംസ്കാരവും പഠിക്കാൻ തുടർ യാത്ര.
10 ലക്ഷത്തിലേറെ കുട്ടികളാണ് ഇന്ന് സ്കൂകളിലെത്തിയത്. അതേസമയം, വിമാനടിക്കറ്റ് നിരക്ക് ഉയർന്ന് നിൽക്കുന്നതിനാൽ ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് പലരും തിരിച്ചെത്താന്‍ ഒരാഴ്ച കൂടി കഴിയുമെന്നാണ് കരുതുന്നത്. ചില അധ്യാപകരുടെയും തിരിച്ചെത്തൽ വൈകിയേക്കും. വർഷങ്ങളായി ഇൗ രീതി തുടരുന്നതിനാൽ മിക്ക സ്കൂളുകളും അതിനനുസരിച്ച് അധ്യായന ദിവസം ക്രമീകരിച്ചിട്ടുണ്ട്.
ഇന്ന് അപകടരഹിത ദിനം

ഗതാഗത തിരക്ക് കണക്കിലെടുത്ത്, സുരക്ഷ ഉറപ്പാക്കാൻ ഇന്ന് ആഭ്യന്തരവകുപ്പ് അപകടരഹിത ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അപകടങ്ങളുണ്ടാക്കാതെ സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിലെ നാല് ബ്ലാക് പോയിന്റുകൾ ഒഴിവാക്കാൻ കഴിയും. ആഭ്യന്തരവകുപ്പിന്റെ വെബ്സൈറ്റ് വഴി സുരക്ഷിതമായി വാഹനമോടിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവരെയാണ് ഇളവുകൾക്കായി പരിഗണിക്കുക. സ്റ്റോപ് സൈൻ പരിഗണിക്കാതെ സ്കൂൾ ബസുകളെ മറികടന്നാൽ ആയിരം ദിർഹം പിഴ ഈടാക്കുന്നതിനൊപ്പം പത്ത് ബ്ലാക് പോയിന്റുകളും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഷെയ്ഖ് മുഹമദുമാരുടെ ആശംസകളോടെ..
പുതിയ അധ്യയനവർഷാരംഭത്തിന് മുന്നോടിയായി യുഎഇ പ്രസിഡന്റും വൈസ് പ്രസിഡന്റും വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിജയകരമായ പുതിയ അധ്യയന വർഷത്തിന് ആശംസകൾ നേരുന്നതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മികവ് നമ്മുടെ രാജ്യത്തിന്റെ ഭാവിയിലെ നിക്ഷേപമാണെന്നും സ്‌കൂളിലും പുറത്തും ആജീവനാന്ത പഠിതാക്കളെ വികസിപ്പിക്കുന്നതിനുള്ള അടിത്തറയാണെന്നും എല്ലാവരും ഒരുമിച്ച് ഉറപ്പാക്കുന്നത് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. അധ്യയന വർഷത്തിന്റെ സുഗമമായ തുടക്കം ഉറപ്പാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'രാജ്യം എത്രത്തോളം ഉയരുന്നു, നിങ്ങളുടെ നോട്ട്ബുക്കിൽ നിങ്ങൾ അതിന്റെ മഹത്വങ്ങൾ എഴുതുന്നു. നിങ്ങളുടെ ക്ലാസ് മുറികളിൽ നിന്ന് നേട്ടങ്ങൾ ഉയരുന്നു. നിങ്ങളുടെ സ്വപ്നങ്ങൾക്കനുസരിച്ച്, അത് അതിന്റെ ഭാവിയെ മഹത്വപ്പെടുത്തുന്നു'–വിദ്യാർഥികൾക്ക് ഷെയ്ഖ് മുഹമ്മദ് പ്രത്യേക സന്ദേശം നൽകി.
English Summary: Schools opened today after summer break