മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി യുഎഇ; ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതിനും വിലക്ക്

Mail This Article
അബുദാബി ∙ മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തെർമോമീറ്ററുകൾ, രക്തസമ്മർദ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതും വിലക്കി. ഇറക്കുമതി ചെയ്ത ഏതെങ്കിലും മെഡിക്കൽ, ലബോറട്ടറി ഉപകരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
പൊതു തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും ഉറപ്പാക്കണം. രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇതു ബാധകമാണ്. ഡിജിറ്റൽ മെഡിക്കൽ തെർമോമീറ്ററുകൾ, ഇലക്‌ട്രോ-മെഡിക്കൽ തെർമോമീറ്ററുകൾ, നോൺ-ഇൻവേസിവ് മെക്കാനിക്കൽ മെഡിക്കൽ ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നോൺ-ഇൻവേസിവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിവ ഉൾപ്പെടെ ഈ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതോ നിർമിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധനാ വിധേയമാക്കി ഉപയോഗയോഗ്യമെന്ന് ഉറപ്പാക്കണം. മെഡിക്കൽ, ലാബ് ഉപകരണങ്ങളിൽ അംഗീകൃത മുദ്രയില്ലെങ്കിൽ ഉപയോഗിക്കരുത്. ഈ മാസം 25ന് നിയമം പ്രാബല്യത്തിൽ വരും. ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താൻ 6 മാസം സാവകാശം നൽകി.
English Summary: UAE prohibits import or use of mercury-operated thermometers, blood presssure devices.