പ്രമേഹരോഗികൾക്ക് വഴികാട്ടി; സൗജന്യസേവനവുമായി കൂടെയുണ്ട് ക്യുഡിഎ

Mail This Article
ദോഹ∙ പ്രമേഹം പ്രതിരോധിക്കാൻ ഒറ്റയ്ക്ക് പൊരുതി തളരേണ്ട. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗം ചെറുക്കാൻ ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ ഡയബറ്റിസ് അസോസിയേഷൻ (ക്യുഡിഎ) ഒപ്പമുണ്ട്. പ്രമേഹത്തെ പ്രതിരോധിക്കാനും രോഗം വന്നാൽ തളരാതെ ജീവിക്കാൻ ജീവിതശൈലി ക്രമപ്പെടുത്താൻ ശീലിക്കുകയുമാണ് വേണ്ടതെന്ന ആത്മധൈര്യമാണ് ക്യുഡിഎ നൽകുന്നത്. പ്രമേഹ ബാധിതർക്ക് മാത്രമല്ല പ്രമേഹ സാധ്യതയുള്ളവർക്കും അമിത വണ്ണമുള്ളവർക്കും സൗജന്യ ബോധവൽക്കരണവും പ്രതിരോധ മാർഗങ്ങളും നൽകി താങ്ങാകുകയാണ് ക്യുഡിഎ.
പ്രമേഹ ബാധിതരുടെ എണ്ണം ഖത്തറിലും വർധിക്കുന്ന സാഹചര്യത്തിൽ സൗജന്യ ബോധവൽക്കരണ- പ്രതിരോധ സേവനങ്ങൾ നൽകുന്ന ഖത്തർ ഡയബറ്റിസ് അസോസിയേഷന്റെ പ്രസക്തി ഏറുകയാണ്. പ്രമേഹ നിയന്ത്രണ മാർഗനിർദേശങ്ങൾ സൗജന്യമായി ലഭ്യമാക്കി അടുത്തിടെ ക്യുഡിഎ പുറത്തിറക്കിയ മൊബൈൽ ആപ്പിനും സ്വീകാര്യതയേറി. നിലവിലെ ജീവിതശൈലിയിൽ ഏതൊരാൾക്കും ഈ സ്ഥാപനത്തിന്റെ പിന്തുണ ആവശ്യമായിവരും. തിരക്കിട്ട ജീവിതത്തിനിടയിൽ അരമണിക്കൂർ എങ്കിലും സ്വന്തം ആരോഗ്യത്തിനായി മാറ്റിവയ്ക്കണമെന്ന ഓർമപ്പെടുത്തലാണ് ക്യുഡിഎ നൽകുന്നത്.
എന്താണ് ക്യുഡിഎ?
എന്താണ് പ്രമേഹമെന്നോ, എത്ര തരമുണ്ടെന്നോ, പ്രമേഹത്തിന്റെ അപകടസാധ്യതകൾ എന്തൊക്കെയാണെന്നോ, പ്രമേഹം ജീവിതത്തെ എത്രയധികം അപകടത്തിലാക്കുമെന്നോ അറിയാത്തവരാണ് ഭൂരിപക്ഷം പേരും. ഇവർക്കു വേണ്ടിയാണ് ക്യുഡിഎയുടെ പ്രവർത്തനം. പ്രമേഹത്തെ മനസ്സിലാക്കി, ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രിക്കാനും ജീവിതം സുരക്ഷിതമാക്കി മുന്നോട്ടു കൊണ്ടുപോകാനുമുള്ള നിർദേശങ്ങൾ നൽകിയാണ് ക്യുഡിഎയുടെ പ്രവർത്തനം. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ ബോധവൽക്കരണവും പ്രതിരോധവുമാണ് പ്രധാന ലക്ഷ്യം. ഇവിടെനിന്ന് മരുന്ന് ലഭിക്കില്ല. പകരം ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ നടപ്പാക്കാം എന്ന മാർഗനിർദേശങ്ങളും സഹായങ്ങളുമാണ് ലഭിക്കുക.

ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ സജീവ അംഗമായ ക്യുഡിഎയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ.അബ്ദുല്ല അൽ ഹമഖാണ്.
ഫൂട്ട് കെയർ ക്ലിനിക് മുതൽ ജിം വരെ
ശരീരഭാരം കുറയ്ക്കാനുള്ള മാർഗനിർദേശങ്ങള്‍ ഇവിടെ ലഭിക്കും. കുട്ടികൾക്ക് പ്രമേഹ ബോധവൽക്കരണത്തിനുള്ള സൗകര്യമുണ്ട്. വിദഗ്ധ ഡോക്ടർമാർ, ഡയറ്റീഷ്യൻ, ന്യൂട്രീഷൻ, പ്രമേഹ പരിശോധനാ സൗകര്യങ്ങൾ, ഡയബെറ്റിക്‌സ് യൂണിറ്റ്, ഫൂട്ട് കെയർ ക്ലിനിക്, ജനറൽ ക്ലിനിക്, പ്രമേഹവും രക്തസമ്മർദവും പരിശോധിക്കാനുള്ള ഉപകരണങ്ങളുടെ വിൽപന സ്‌റ്റോർ, ലൈബ്രറി, പുരുഷന്മാർക്കും വനിതകൾക്കുമായി പ്രത്യേകം ജിംനേഷ്യം എന്നിവ ഇവിടെയുണ്ട്. ജിമ്മിൽ പരിശീലനം നൽകാൻ വിദഗ്ധ ഇൻസ്ട്രക്ടർമാരുമുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമാണ് ജിമ്മിലേക്ക് പ്രവേശനം. രാവിലെയും വൈകിട്ടുമാണ് ജിമ്മിന്റെ പ്രവർത്തനം. പ്രതിമാസം 100 റിയാലാണ് നിരക്ക്. ജിമ്മിലും സ്റ്റോറിലും ഒഴികെ എല്ലായിടത്തും സേവനങ്ങൾ സൗജന്യമാണ്.

പ്രമേഹ പരിശോധനാ ഉപകരണങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയാണ് സ്റ്റോറിൽ ഈടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് പ്രമേഹ പരിശോധനയ്ക്കുള്ള ഗ്ലൂക്കോമീറ്റർ സൗജന്യമായി ലഭിക്കും. സ്‌കൂളുകളിലും കമ്യൂണിറ്റികൾക്കിടയിലും ക്യാംപുകൾ, ശിൽപശാലകൾ, ഓറിയന്റേഷൻ പ്രോഗ്രാമുകൾ, മെഡിക്കൽ ക്യാംപുകൾ, വാക്കത്തൺ എന്നിവയും സജീവമായി നടത്തുന്നുണ്ടെന്ന് ഇവന്റ് എക്‌സിക്യൂട്ടിവ് ഓഫിസർ പി.വി.അഷ്‌റഫ് പറഞ്ഞു. ഇരുന്നൂറോളം വൊളന്റിയർമാരും ക്യുഡിഎയുടെ കീഴിലുണ്ട്.

സേവനം ലഭിക്കാൻ
മുൻതസയിലെ അൽ റവാബി സ്ട്രീറ്റിലാണ് ക്യുഡിഎ പ്രവർത്തിക്കുന്നത്. ഓഫിസിലെത്തി ഖത്തർ ഐഡി കാണിച്ച് പേരു വിവരങ്ങൾ റജിസ്റ്റർ ചെയ്യണം. ഡോക്ടർമാർ വിശദമായ പരിശോധനകൾ നടത്തിയ ശേഷം ദൈനംദിന ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദമാക്കും. ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമങ്ങൾ, മരുന്നുകൾ എന്നിവ സംബന്ധിച്ച നിർദേശങ്ങളും നൽകും.കൃത്യമായ തുടർ പരിശോധനകളും സേവനങ്ങളും ഉറപ്പാക്കും. കൂടുതൽ വിദഗ്ധ പരിചരണം ആവശ്യമുള്ള രോഗികളെ ഹമദ് മെഡിക്കൽ കോർപറേഷന്റെ ആശുപത്രികളിലേക്ക് റഫർ ചെയ്യം. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് വിളിക്കാം: 44547309
English Summary: Qatar Diabetics Association launched 'QDA' mobile app.