റിയാദ് ∙ ‘ബിഗ് ടൈം’ എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള റിയാദ് സീസണിന്റെ നാലാമത് എഡിഷൻ ഒക്ടോബർ 28ന് ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ഫെസ്റ്റിവൽ 200,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഏകദേശം 2,000 പ്രാദേശിക, രാജ്യാന്തര കമ്പനികളെ ശാക്തീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ഏഴ് ദശലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പ്രദേശത്ത് ലോകമെമ്പാടുമുള്ള ഏറ്റവും വിശിഷ്ടമായ വിനോദ അനുഭവങ്ങൾ സമ്മാനിക്കും.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനായ സൽമാൻ രാജാവിൽ നിന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരിൽ നിന്നും വിനോദ മേഖലയ്ക്ക് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയെ ജിഇഎ മേധാവി അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ ഇവന്റ് സംഘാടകർ, സെലിബ്രിറ്റികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ഈ വർഷത്തെ സീസണിന്റെ ഉദ്ഘാടന ചടങ്ങ് നടത്തും.
പുതിയ ഫീച്ചറുകളുള്ള നവീകരിച്ച വെബ്‌സൈറ്റിനും അതുല്യമായ സവിശേഷതകളുള്ള അംഗീകൃത ടിക്കറ്റിങ് പ്ലാറ്റ്‌ഫോമിനും സീസൺ സാക്ഷ്യം വഹിക്കുമെന്ന് അൽ-ഷെയ്ഖ് പറഞ്ഞു. പരിപാടിയുടെ പുതിയ ബ്രാൻഡിങ് അദ്ദേഹം അനാവരണം ചെയ്തു. ഫുട്ബോൾ ഇതിഹാസങ്ങൾക്കായുള്ള ആദ്യത്തെതും വലുതുമായ മ്യൂസിയമായ ലെജൻഡ് മ്യൂസിയം സ്ഥാപിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
മാഡ്രിഡ് ബ്രാഞ്ച് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ശാഖയായി ഇത് കണക്കാക്കപ്പെടുന്നു. റൊണാൾഡോയെ ചുറ്റിപ്പറ്റി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് മ്യൂസിയമായ CR7 ഇതിൽ പ്രദർശിപ്പിക്കും. റൊണാൾഡോയുടെ അനുഭവങ്ങളും റൊണാൾഡോയുടെ കൈയൊപ്പും ജീവിതകഥയും ഇവിടെ പ്രദർശിപ്പിക്കും.
ലോകമെമ്പാടുമുള്ള ബോക്‌സിങ്ങിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ലോക ചാംപ്യൻ മൈക്ക് ടൈസണുമായി ചേർന്ന് ക്ലബ് സ്ഥാപിക്കും. അൽ-ഹിലാൽ, അൽ-നസർ ക്ലബുകളുടെ പങ്കാളിത്തത്തോടെയുള്ള 'റിയാദ് സീസൺ കപ്പിനും' സീസൺ സാക്ഷ്യം വഹിക്കും.
ഈ വർഷം 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആഡംബരവും വ്യതിരിക്തവുമായ കാറുകളുടെ പ്രദർശനത്തിന് പുറമേ, ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ നൂറിലധികം ഫുഡ് ട്രക്കുകൾക്ക് സീസൺ ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: Fourth edition of Riyadh season will begin on october 28th