ഖത്തറിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് : ശബ്ദകോലാഹലവും ടിന്റഡ് ഗ്ലാസും വേണ്ട

uae-dh800-fine-for-using-mobile-phone-while-driving
SHARE

ദോഹ∙ വലിയ ശബ്ദമുണ്ടാക്കി റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് പിടിവീഴും. ‌

എൻജിനുകളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കും ടിന്റഡ് ഫിലിമുകൾ ഒട്ടിക്കുന്നതും ഉൾപ്പെടെയുള്ള ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന പരിശോധനാ ക്യാംപെയ്‌നുമായി ഗതാഗത മന്ത്രാലയം രംഗത്തുണ്ട്.

എൻജിനുകൾക്ക് അനുവദിച്ച ശബ്ദപരിധി മറികടക്കുന്നുണ്ടോയെന്നും കാഴ്ച മറയ്ക്കുന്ന തരം ടിന്റഡ് ഫിലിമുകളാണോ ഒട്ടിച്ചതെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. എൻജിൻ ശബ്ദം പാർപ്പിട മേഖലകളിൽ ശബ്ദ മലിനീകരണത്തിന് ഇടയാക്കും. ഇത്തരം പെരുമാറ്റങ്ങൾ തടയാനാണ്  അധികൃതരുടെ തീരുമാനം. 

കഴിഞ്ഞ ദിവസം ലുസെയ്ൽ മേഖലയിൽ പരിശോധനകൾ നടത്തിയിരുന്നു. വ്യവസ്ഥകൾ ലംഘിക്കുന്ന ഡ്രൈവർമാരോട് വിട്ടുവീഴ്ചയില്ല. 

പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനത്തിനുള്ളിൽ പരിഷ്‌കാരം വരുത്തി വലിയ ശബ്ദങ്ങൾ സൃഷ്ടിക്കുന്നതും അമിത വേഗത്തിൽ ഓടിക്കുന്നതും പിഴ ചുമത്താൻ ഇടയാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനത്തിന്റെ ശബ്ദം കൂട്ടാൻ പരിഷ്‌കാരങ്ങൾ വരുത്തുന്നവരെ പിടികൂടാനും പരിശോധന ശക്തമാണ്. സുതാര്യമായ ഫിലിം സീറോ ഗ്ലാസുകൾ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് മാത്രമല്ല ദൂരക്കാഴ്ച കുറയ്ക്കില്ലെന്നും ലഖ്‌വിയ പട്രോൾ ഓഫിസർ വ്യക്തമാക്കി. അതേസമയം ഇരുണ്ട ഫിലിം ഗ്ലാസുകൾ ദൂരക്കാഴ്ച കുറക്കുന്നതിനൊപ്പം മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടഭീഷണി ഉയർത്തും. റോഡ് സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഓഫിസർ വ്യക്തമാക്കി. 

ടിന്റഡ് ഗ്ലാസ് ലംഘനങ്ങൾ 10,173

വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസുകൾ ഒട്ടിച്ചതിനെതിരെ റജിസ്റ്റർ ചെയ്തത് 10,173 ലംഘനങ്ങൾ. കഴിഞ്ഞ 8 മാസത്തെ കണക്കാണിത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വകുപ്പാണ് ലംഘനങ്ങൾ റജിസ്റ്റർ ചെയ്തത്. വാഹനത്തിന്റെ പ്രത്യേകിച്ചും എൻജിൻ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചതിനെ തുടർന്ന് 4,405 ലംഘനങ്ങളും റജിസ്റ്റർ ചെയ്തു. അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. 

ഡ്രൈവർമാർ ഗതാഗത ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ സമഗ്ര പരിശോധനാ ക്യാംപെയ്നാണ് അധികൃതർ നടത്തുന്നത്.

English Summary: Qatar traffic department takes strict action on traffic violations.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS