ADVERTISEMENT

ദോഹ∙ പ്രവാസി മലയാളികളുടെ അടുക്കളത്തോട്ടങ്ങളിൽ ശൈത്യകാല കൃഷിയൊരുക്കം ഉഷാർ. വേനലിന്റെ കാഠിന്യം കുറഞ്ഞതോടെ മണ്ണ് വീണ്ടും കൃഷിയോഗ്യമാക്കിയും വിത്ത് പാകിയും തൈ നട്ടും അടുക്കളത്തോട്ടങ്ങൾ സജീവമാണ്. ചട്ടികളിലും ബക്കറ്റുകളിലും ഗ്രോ ബാഗുകളിലും മാത്രമല്ല വാഹനത്തിന്റെ ഉപയോഗശൂന്യമായ ടയറുകളിൽ വരെ കൃഷി ചെയ്യുന്നവരുണ്ട്. പ്രവാസത്തിലെ ഇത്തിരി മുറ്റത്ത് സാധ്യമായ എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗം മലയാളികളും. പച്ചക്കറി തൈകൾക്കൊപ്പം ശൈത്യകാലം വർണാഭമാക്കാൻ പൂന്തോട്ടങ്ങളും ഒരുക്കിത്തുടങ്ങി. ബോഗൈൻവില്ലയും മുല്ലയും ബന്ദിയും ജമന്തിയും ചെമ്പരത്തിയും ഉൾപ്പെടെ മനോഹരമായ ചെടികൾ വരും മാസങ്ങളിൽ അടുക്കളത്തോട്ടങ്ങളെ കൂടുതൽ മനോഹരമാക്കും. 

മണ്ണ്  വില കൊടുത്തു വാങ്ങണമെന്നതിനാൽ  ഒരിക്കൽ ഉപയോഗിച്ച മണ്ണ് വളക്കൂറുള്ളതാക്കി വീണ്ടും ഉപയോഗിക്കുന്നവരാണ് മിക്കവരും. കഴിഞ്ഞ കൃഷിയിൽ നിന്നു ശേഖരിച്ചതിന് പുറമെ നാട്ടിൽനിന്നു കൊണ്ടുവന്ന വിത്തുകളുമാണ് ശീതകാല കൃഷിക്ക് ഉപയോഗിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ അടുക്കളത്തോട്ടങ്ങളിൽ മിക്കയിടങ്ങളിലും വിത്ത് മുളച്ച് വളർന്നു തുടങ്ങി. 

∙ എല്ലാം തനി നാടൻ 

നാട്ടിലെ പച്ചക്കറികളാണ് മലയാളികളുടെ അടുക്കളത്തോട്ടങ്ങളിൽ കൃഷി ചെയ്യുന്നത്. പാവയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ, പീച്ചിങ്ങ, കുമ്പളങ്ങ, മത്തങ്ങ, കോളിഫ്ലവർ, വിവിധ തരം ചീരകൾ, വെള്ളരി, അമര, കുറ്റിപ്പയർ, കറിവേപ്പില ഇങ്ങനെ നീളും കൃഷി ഇനങ്ങൾ. കാരറ്റ്, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, കാബേജ്, ക്യുക്കുംബർ എന്നിവയും  വ്യത്യസ്ത തരത്തിലുള്ള തക്കാളിയും പച്ചമുളകും വഴുതനങ്ങയും കൃഷികളിലുണ്ടാകും. മല്ലിയില, പുതിനയില, പാഴ്‌സലി, ലെറ്റസ് തുടങ്ങി ഇലവർഗങ്ങളും പച്ചക്കറികൾക്കൊപ്പം കൃഷി ചെയ്യും. പച്ചക്കറികൾ മാത്രമല്ല സ്‌ട്രോബെറി, ശമാം, തണ്ണിമത്തൻ, മുന്തിരി, പപ്പായ തുടങ്ങി പഴവർഗങ്ങളും മിക്കയിടങ്ങളിലുമുണ്ടാകും. 

malayalis-gear-up-for-the-production-of-winter-vegetables

∙ വളം ജൈവം 

കൃത്യമായ പരിചരണവും ജലസേചനവും ജൈവ വളവുമാണ് പ്രവാസികളുടെ അടുക്കളത്തോട്ടങ്ങളിലെ കാർഷിക സമൃദ്ധിയുടെ രഹസ്യം. കഴിഞ്ഞ തവണ ഉപയോഗിച്ച മണ്ണ് എല്ലാം ഒരുമിച്ച് കൂട്ടി ഇളക്കി ചാണകപൊടിയും ആട്ടിൻ കാഷ്ഠവുമെല്ലാം ചേർത്ത് ഇളക്കി നനച്ചാണ് കൃഷിയോഗ്യമാക്കുന്നത്. 

മണ്ണ് വളക്കൂറുള്ളതാക്കിയ ശേഷമാണ് പച്ചക്കറി വിത്ത് പാകലും തൈ നടീലുമെല്ലാം. കീടബാധയില്ലാതെ കരുത്തോടെ വളരാൻ രണ്ടാഴ്ചയിൽ ഒരിക്കൽ സ്യൂഡോമേണസ് ഇലകളിൽ തളിച്ചു കൊടുക്കും. കൃഷിക്കായി വീട്ടിൽ തന്നെ തയാറാക്കുന്ന ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാന വളങ്ങൾ. കീടങ്ങളെ തുരത്താൻ വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരി എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്.  

English Summary: Malayalis gear up for the production of winter vegetables.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com