ADVERTISEMENT

ദമാം∙ ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ച സൗദി അറേബ്യയെക്കുറിച്ച് പറയുമ്പോൾ പ്രവാസികൾക്ക് നൂറുനാവാണ്. തിരിഞ്ഞുനോക്കുമ്പോൾ ഈ രാജ്യം സമ്മാനിച്ചത് പലർക്കും വളരെ ആനന്ദകരമായ നിമിഷങ്ങൾ മാത്രം. രാജ്യത്തിന്‍റെ ഓരോ സ്പനന്ദനവും തൊട്ടറിഞ്ഞ്, അതിന്‍റെ വളർച്ചയോട‌ൊപ്പം നടന്നുനീങ്ങിയ പ്രവാസി മലയാളികൾ ഏറെ.

ചിത്രം: ജോളി ലോനപ്പൻ
ചിത്രം: ജോളി ലോനപ്പൻ

 

സൗദി അറേബ്യ 93-ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ വർഷങ്ങളായി തുടരുന്ന പ്രവാസ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുന്നവരേറെ.  രാജ്യത്തിന്‍റെ വളർച്ചയുടെയും പുരോഗതിയുടെയും കാല ഗതിവിഗതികളെ തൊട്ടറിഞ്ഞ്, അതിദ്രുത മാറ്റങ്ങളിലൂടെയും ചുവടുവയ്പ്പുകളിലൂടെയും ലോകത്തെ വിസ്മയിപ്പിച്ച് മുന്നേറുന്ന സൗദിയിലെ  4 ദശകങ്ങളുടെ നേർസാക്ഷ്യങ്ങളുമായി ജീവിക്കുന്ന പ്രവാസിയാണ് തൃശൂർ സ്വദേശിയായ ജോളി ലോനപ്പൻ. സൗദിയിൽ എങ്ങനെ വിജയിക്കാമെന്നതിന്റെ  മാതൃകയാണ് 1983 മുതൽ പടിപടിയായി വളർന്ന് ബിസിനസ് സംരംഭകനും മലയാള സിനിമാ നിർമാതാവും ദമാമിലെ സാംസ്കാരിക സാന്നിധ്യവുമായ ജോളി ലോനപ്പന്റെ  ജീവിതം.

 

ചിത്രം: ജോളി ലോനപ്പൻ
ചിത്രം: ജോളി ലോനപ്പൻ

∙ 1980കളിൽ സൗദിയിലെത്തിയ പ്രവാസിയുടെ  കാഴ്ചകൾ

ചിത്രം: ജോളി ലോനപ്പൻ
ചിത്രം: ജോളി ലോനപ്പൻ

 

1980-ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ  ജോളി ലോനപ്പൻ അക്കാലത്തെ എല്ലാ ചെറുപ്പക്കാരെപ്പോലെയും ഗൾഫിൽ ജോലി എന്ന മോഹവുമായാണ് മുംബെയിൽ കാലുകുത്തുന്നത്. മൂന്ന് വർഷത്തെ ബോംബെ കാലത്ത്  ജോലിക്കിടയിലും സമയം കണ്ടെത്തി പലഭാഷകളും കോഴ്സുകളും പഠിച്ചു. 

 

1983 ഫെബ്രുവരി 10-ന് സൗദിയിലെ ദഹ്റാനിൽ വിമാനമിറങ്ങി. അന്നത്തെ വിമാനത്താവളം വളരെ ചെറുതായിരുന്നു. എയർപോർട്ടിൽ നിന്ന് പുറത്തുവരാൻ ഏകദേശം 3 മുതൽ 5 മണിക്കൂർ വരെയെടുത്തു. 

തികച്ചും വ്യത്യസ്തമായ ഭാഷയും ശീലവും സംസ്കാരവും ജീവിതം ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇതര ഭാഷക്കാരും രാജ്യക്കാരുമായൊക്കെ ചേർന്ന് ഏറെ പരിമിതികൾക്കും ഉള്ളിലെ ജീവിതം. അക്കാലത്തെ റോഡുകൾ ചെറുതായിരുന്നു. റൗണ്ട് എബൗട്ടുകളില്ല, പാലങ്ങളൊന്നുമില്ലായിരുന്നു. കൂടുതൽ സിഗ്നലുകളായിരുന്നു റോഡുകളിലും പ്രധാന ജംങ്ഷനുകൾക്കും ഉണ്ടായിരുന്നത്. ടെലിഫോൺ ബൂത്തുകളിലൂടെ കോയിൻ ഫോൺ ഉപയോഗിച്ചായിരുന്നു ഫോൺ ചെയ്യുന്നത്. അക്കാലത്തുള്ള സൗദി മോണിറ്ററി അതോറിറ്റി  (SAMA) കൗണ്ടറിൽ നിന്ന് നാണയങ്ങൾ എടുത്തു വേണം ഫോൺ ചെയ്യാൻ. കുടുംബവുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താനുള്ള ഏക മാർഗം പോസ്റ്റ് ഓഫീസ് മാത്രമാണ്. പ്രിയപ്പെട്ടവർക്ക് എത്തിച്ചു നൽകാൻ അവധിക്ക് പോകുമ്പോൾ  ധാരാളം എയർമെയിൽ കവറുകളും റെക്കോർഡ് ചെയ്ത ഓഡിയോ കാസറ്റുകളും കൊണ്ടുപോകുമായിരുന്നു. 

 

അവധിക്കാലം കഴിഞ്ഞ് വരുന്നവരെ യാത്രയയക്കാനും സ്വീകരിക്കാനും വലിയ ജനക്കൂട്ടം ഉണ്ടാകും. അന്ന് ഫാക്‌സ് ഇല്ലായിരുന്നു ഓഫീസിൽ ടെലക്‌സ് മാത്രം. പിന്നീട് ഫാക്‌സ് വന്നു പിന്നെ ഇന്റർനെറ്റും 4 ജിയും 5 ജിയുമൊക്കെ കടന്നു ഇപ്പോൾ ഏറ്റവും അത്യന്താധുനിക ടെക്നോളജിയുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും  കാലത്താണ് സൗദി.

 

തന്റെ നാലു പതിറ്റാണ്ടിന്റെ ജീവിതം സൗദി ജീവിതം  തുടരുമ്പോൾ  മുൻ ഭരണാധികാരിമാരായ   ഫഹദ്  രാജാവ്, അബ്ദുല്ല രാജാവ് എന്നിവരുടെ കാലഘട്ടങ്ങളും കാണാൻ കഴിഞ്ഞു. ഒപ്പം നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും ഭരണകാലത്തിനും  സാക്ഷിയാവുകയാണ്

ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ അക്കാലത്തെ ഭരണാധികാരി ഫഹദ് രാജാവ് ഉദ്ഘാടനം ചെയ്തു. പാലം വരുന്നതിന് മുൻപ് കടത്ത്ബോട്ടുകളെ ആശ്രയിച്ച് ആളുകൾ ബഹ്റൈനിലേക്ക് പോയി മടങ്ങുന്നതും കണ്ടിട്ടുണ്ട്. 90 കളിലെ ഗൾഫ് യുദ്ധം, 2008 ലെ ലോക സാമ്പത്തിക മാന്ദ്യം, ഒടുവിൽ 2019ലെ കോവിഡ് കാലവും കടന്നുപോയി.

 

∙ ദമാമിന്‍റെ ചരിത്രവഴികളിലൂടെ ജോളി ലോനപ്പൻ

 

ദമാം പച്ചക്കറി മാർക്കറ്റിന്റെ ആദ്യ സ്ഥലം വിട്ട് മൂന്ന് തവണ മാറി. ആദ്യം അത് സീക്കോ ബിൽഡിങ്ങിന് പിന്നിലായിരുന്നു, പിന്നീട് വാട്ടർ ടവറിന് സമീപമായി. പിന്നീടാണ് ഇന്ന് കാണുന്ന ഷൈഹത്ത് റോഡിന് സമീപത്തേയ്ക്ക് മാറിയത്. സൂപ്പർ മാർക്കറ്റുകളും വലിയ ഷോപ്പിങ് മാളുകളൊന്നും  വ്യാപകമായി രാജ്യത്തുണ്ടായിരുന്നില്ല. നഗരമധ്യത്തിനടുത്തുള്ള വക്കാലകൾ(ഗ്രോസറി) മാത്രമാണ് ആശ്രയം. 8 ഗ്രാം സ്വർണ നാണയത്തിന് 220 റിയാൽ വിലയുണ്ടായിരുന്നു. ഇപ്പോൾ അത് ഏകദേശം 2000 റോയൽ ആണ്. ഒരു സൗദി റിയാലിന് 7  ഇന്ത്യൻ രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇന്ന് 22 രൂപയോളം ലഭിക്കുന്നു. പണ്ടത്തെ കാലത്ത് നാട്ടിലേക്ക് പണം അയക്കുന്നതിനുള്ള മലയാളിയുടെ പ്രധാന മാർഗം ഹുണ്ടി എന്നറിയപ്പെടുന്ന കുഴൽപ്പണമയക്കുന്ന അനധികൃത മാർഗമായിരുന്നു.

 

∙ പുതിയ കാറിന് വില 15,000 റിയാൽ മാത്രം

 

 ജാപ്പനീസ് ക്രെസിഡ കാറിന് 15,000 സൗദി റിയാൽ മാത്രമായിരുന്നു വില.  റോഡുകളും പാലങ്ങളും മാറിയത് മുതൽ  ആധുനിക സൗദിയെ  കണ്ടുകൊണ്ടിരിക്കുന്നു. ആദ്യകാലങ്ങളിൽ പ്രവാസികൾക്ക് ജോലി സ്ഥലത്ത്  നിന്ന് മറ്റിടങ്ങളിലേക്ക്  യാത്രയ്ക്ക് അനുവാദമില്ലായിരുന്നു. രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നമുക്ക് റിയാദിലേക്കും ജിദ്ദയിലേക്കും  യാത്ര ചെയ്യാൻ കഴിയൂ. ഇപ്പോൾ നമുക്ക് പ്രത്യേക അനുമതിയില്ലാതെ രാജ്യത്ത് എവിടെയും പോകാം.

Read also: ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ


ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ചുമതലയേറ്റ ശേഷം മുൻഗാമികളുടെ പാതയിൽ രാജ്യത്തിന്റെ സമസ്തമേഖലയിലും വൻപുരോഗതിയാണ് ദൃശ്യമാകുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും ധാരാളം സ്വാതന്ത്ര്യം നൽകി. സ്ത്രീകൾക്ക്  കൂടുതൽ അവസരങ്ങൾ, സ്ത്രീകൾ വാഹനമോടിക്കുന്നത്, സ്പോർട്സ്, സിനിമ, തിയേറ്ററുകൾ തുടങ്ങി എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. സംഗീതം, കായികം, വിനോദം, ടൂറിസം എന്നീ രംഗങ്ങളും  പുതിയ മുഖമാണ് സൗദിക്ക് സമ്മാനിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം മറ്റ് രാജ്യങ്ങൾക്ക് തുല്യമായി നൽകിയിട്ടുണ്ട്. നമുക്ക് ഭൂമിയും വസ്തുവകകളും വാങ്ങാം, ഗോൾഡൻ വീസയും നിലവിൽ വന്നു. ആരോഗ്യരംഗത്തടക്കമുള്ള അടിസ്ഥാന വികസനങ്ങൾ ലോകത്തിന് മാതൃകയായിരിക്കുന്ന ഉന്നത നിലവാരത്തിലാണ് സൗദി. വാണിജ്യ,സാമ്പത്തിക രംഗത്തും  ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ന് സൗദിയിലേക്കാണ്. വിഷൻ 2030 ആണ് നമ്മൾ എല്ലാവരും നിറവേറ്റാൻ കാത്തിരിക്കുന്നത്. വരുംകാലത്ത് മധ്യപൂർവദേശത്തിന്‍റെ പാരിസാകും സൗദിയെന്നാണ് ജോളി ലോനപ്പൻ പറയുന്നത്.

 

∙ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടത് ആത്മവിശ്വാസം

 

സൗദിയിലെത്തി ആദ്യ പത്തുവർഷങ്ങളിൽ  സെയിൽസ്, മാർക്കറ്റിങ് മേഖലയിലായിരുന്നു  പ്രധാനമായി ജോലി ചെയ്തത്.1993-ലാണ് ആദ്യമായി സൗദി പൌരന്റെ സ്പോൺസർഷിപ്പിൽ  ദമാമിൽ അൽഹുമൈദി എസ്റ്റാബ്ലിഷ്മെന്റ് എന്ന കമ്പനി തുടങ്ങിയത്. വ്യാവസായിക ഉപകരണ നിർമാണമായിരുന്നു കമ്പനി നടത്തിയിരുന്നത്. ഗൾഫ് യുദ്ധം കൊടുമ്പിരികൊള്ളുന്ന കാലത്താണ് കമ്പനിയുടെ പിറവി. എങ്കിലും  സ്വപ്നപദ്ധതിയുമായി മുന്നോട്ടു വച്ച കാൽ വിജയകുതിപ്പാവുകയായിരുന്നു.1994ൽ  സൗദി ഗാർനെറ്റ് കമ്പനി,2000 ത്തിൽ ജുബൈലിൽ സ്പെഷ്യലൈസ്ഡ്  കോട്ടിങ് സർവ്വീസസ് എന്നപേരിലും പുതിയ സംരംഭങ്ങൾ തുടങ്ങി. തുടർന്ന് കുവൈത്തിൽ ബ്ലാസ്റ്റ്ലൈൻ ജനറൽ ട്രേഡിങ്,  ഇന്ത്യയിൽ ബ്ലാസ്റ്റ് അബ്രസീവ് പ്രൈവറ്റ് ലിമിറ്റഡ്, ബ്ലാസ്റ്റ് മാസ്റ്റർ ട്രേഡിങ് എന്നിവയും തുടക്കം കുറിച്ചു. വിവിധ സംരംഭങ്ങളെ കോർത്തിണക്കി എറണാകുളം കേന്ദ്രമാക്കി ബ്ലാസ്റ്റ്ലൈൻ ഇന്ത്യ എന്ന പേരിൽ കമ്പനിയും സ്ഥാപിച്ചു. കൂടാതെ ഗൾഫ് മേഖലയിൽ  തൊഴിൽ തേടുന്നവർക്കായി പരിശീലനത്തിനായി കൊച്ചിയിൽ തന്നെ ബ്ലാസ്റ്റ് ലൈൻ  ഇൻസ്റ്റിറ്റ്യൂട്ട് , ജോളി ഫ്ലക്സ്  ഇൻഡസ്ട്രിയൽ ഹോസ് കമ്പനിയും പിറവിയെടുത്തു. ഇതോടെ ഗൾഫിലും ഇന്ത്യയിലും നിരവധി പേർക്ക് ജീവിത വഴികളിൽ കൈത്താങ്ങ് നൽകുവാനും സാധിച്ചു.

 

∙ ദേശീയ- സംസ്ഥാന അവാർഡ് നേടിയ ആദ്യ സിനിമ നിർമാണം

 

സാമൂഹിക സന്ദേശം പകർന്ന് നിർമ്മിച്ച  ആളൊരുക്കം എന്ന ആദ്യ സിനിമയ്ക്ക്  തന്നെ ദേശീയ-സംസ്ഥാന പുരസ്കാര നേട്ടമാണ് കൈവന്നത്. 25 ഓളം  അവാർഡുകൾ ദേശീയ, സംസ്ഥാന  പുരസ്കാരങ്ങളായി ആളൊരുക്കം നേടി. ഈ  ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. അടുത്തിടെ റിലീസായ സബാഷ് ചന്ദ്രബോസാണ് രണ്ടാമത് നിർമിച്ച മലയാള സിനിമ.

ഭാര്യ ഡോ. ലീന, മക്കളായ പ്രിയ,പ്രീതി, പ്രവീണ എന്നിവരടങ്ങുന്ന കുടുംബം നൽകുന്ന കലവറയില്ലാത്ത പിന്തുണയാണ്  തനിക്ക് കരുത്ത് പകരുന്നത്.

 

ബിസിനസ് ചെയ്യാനുള്ള ആഗ്രഹം ചെറുപ്പം മുതലേ ഉള്ള പ്ലാൻ ആയിരുന്നു. സൗദിയിൽ ബിസിനസ്സ് ചെയ്യണമെന്നായിരുന്നു സ്വപ്നം.  കാരണം  ഒരു വലിയ എണ്ണ സമ്പന്ന രാജ്യമായ സൗദിയിൽ ഒരു പാട് സാധ്യതകളാണ് തുറന്നു കിടന്നത്. ഒരു പങ്കാളിത്ത സ്ഥാപനം ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം.  ബിസിനസ്സ് നടത്തുന്നതിലും സമാധാനപരമായി ജീവിക്കുന്നതിലും  ആരിൽ നിന്നും ഈ രാജ്യത്ത് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഈ രാജ്യത്തോട് ഒരുപാട് കടപ്പാടും സ്നേഹവും മാത്രമാണുള്ളത്.

 

∙ ഒരു പുരുഷായുസ്സിൽ ഇന്ത്യയിൽ ജീവിച്ചത് 26 വർഷം മാത്രം

 

ഒരു പുരുഷായുസ്സിൽ ഇന്ത്യയിൽ ജീവിച്ചത് 26 വർഷം മാത്രംമാണ്.  എന്നാൽ 41 വർഷത്തിലേറെയായി സൗദിയിൽ ജീവിച്ചു വരുന്നു. ഇന്ത്യ കഴിഞ്ഞാൽ എന്റെ രണ്ടാമത്തെ വീടാണ് സൗദി. ദൈവം എല്ലാവരിലും ഓരോ പ്രത്യേക കഴിവുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അത് കണ്ടെത്തി തിരിച്ചറിയുമ്പോഴാണ് സ്വന്തം കഴിവും പ്രതിഭയുമായി ജീവിതത്തിൽ നല്ല വിജയം നേടാനവുകയെന്നും പ്രചോദത്മക പ്രസംഗകനും ഇൻഫ്ലൂവൻസറുമൊക്കെയായ ജോളി ലോനപ്പൻ കൂട്ടിച്ചേർത്തു.

 

English Summary: Saudi will be the Paris of the Middle East

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com