ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യ 93-ാമത് ദേശീയ ദിനത്തിന്റെ നിറവിൽ. രാജ്യമെങ്ങും ആഘോഷത്തിമർപ്പിൽ. ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന ദേശീയദിനം മികച്ച കലാസാംസ്കാരിക അവതരണങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും സൗദി വിനോദ അതോറിറ്റി വ്യക്തമാക്കി. 

നാളെ റിയാദ്, തായിഫ്, അൽബാഹ, അസീർ, തബൂക്ക് എന്നിവിടങ്ങളിൽ ദേശീയ പതാകയും വഹിച്ച് സൈനിക, സിവിലിയൻ വിമാനങ്ങൾ ‘വി റേസ് ഡ്രീംസ്’ എന്ന പരിപാടിയിൽ വിസ്മയകരമായ വ്യോമാഭ്യാസ പ്രകടനം നടത്തും.  ഈ മാസം 27 ന് ഖോബാർ കോർണിഷിലും ഷോയുണ്ടാകും. സർക്കാർ, സ്വകാര്യ ഏജൻസികൾ പരിപാടിയിൽ പങ്കെടുക്കും. റോയൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് കമ്പനികൾ, സൗദി എയർ നാവിഗേഷൻ സർവിസസ് കമ്പനി, സൗദി ഏവിയേഷൻ ക്ലബ്, സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ്, റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ എന്നിവ ആഘോഷപരിപാടികളിൽ പങ്കാളിത്തം വഹിക്കും. ദേശീയദിനത്തിലെ പ്രധാന പരിപാടികൾ സൗദി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.

15 ലധികം വ്യത്യസ്ത സ്ഥലങ്ങളിൽ രാജ്യത്തിന്റെ ആകാശത്തെ വർണാഭമാക്കുന്ന കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും. റിയാദിലെ ബൊളിവാർഡ് സിറ്റി, ജിദ്ദയിലെ പ്രൊമെനേഡ്, ദമാമിലെ കിങ് അബ്ദുല്ല പാർക്ക്, നോർത്തേൺ ഖോബാർ കോർണിഷ്, അൽഅഹ്‌സയിലെ കിങ് അബ്ദുല്ല പരിസ്ഥിതി പാർക്ക്, ബുറൈദയിലെ കിങ് അബ്ദുല്ല നാഷനൽ പാർക്ക്, അബഹയിലെ അൽഫാൻ സ്ട്രീറ്റിലെ അൽസദ്ദ് പാർക്ക്, മദീനയിലെ കിങ് ഫഹദ് സെൻട്രൽ പാർക്ക്, ഹാഇൽ അൽസലാം പാർക്ക്, തബൂക്കിലെ അൽനദീം സെൻട്രൽ പാർക്ക്, അൽബാഹയിലെ അമീർ ഹുസാം പാർക്ക്, സകാകയിലെ അൽജൗഫ് അമാനത്ത് പാർക്ക്, ജിസാനിലെ കോർണിഷ് റോഡ് വാക്ക്‌വേ, നജ്റാനിലെ യൂണിവേഴ്സിറ്റി ഡിസ്ട്രിക്ടിലെ ഹൗസിങ് പാർക്ക്, ത്വാഇഫിലെ കിങ് അബ്ദുല്ല പാർക്ക്, അറാറിലെ വാട്ടർ ടവർ എന്നിവിടങ്ങളിലാണ് കരിമരുന്നു പ്രയോഗം നടക്കുക.

English Summary: Saudi Arabias 93rd National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com