ADVERTISEMENT

ദുബായ്∙ കേരളത്തിലെ ലോട്ടറി സമ്മാനത്തുകയെ ചൊല്ലി വിവാദം തുടരുമ്പോൾ, യുഎഇയിൽ ഇത്തരത്തിൽ കോടികൾ സമ്മാനം ലഭിച്ചാൽ ആ ഭാഗ്യവാന് മുഴുവൻ തുകയും ലഭിക്കുമെന്നത് ശ്രദ്ധേയം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയർ നറുക്കെടുപ്പിലും അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും മറ്റു നറുക്കെടുപ്പുകളിലും ലഭിക്കുന്ന കോടികളുടെ സമ്മാനത്തുക മുഴുവനായും ലഭിക്കുമെന്നത് തന്നെയാണ് കേരളത്തിൽ നിന്നടക്കം ഭാഗ്യപരീക്ഷണത്തിന് മുതിരുന്നവരുടെ പ്രധാന ആകർഷണം. യുഎഇയിൽ നികുതി അടയ്ക്കേണ്ട എന്നതാണ് ഇതിന് കാരണം. പക്ഷേ, ഭാഗ്യവാന് 'ആരാധകരുടെ' ശല്യം കാരണം പിന്നെ ഉറക്കം നഷ്ടപ്പെടുന്ന സംഭവം ഇവിടെയും അരങ്ങേറുന്നു.

uae-lottery-tickets-draw-prize-money-millionaire

കേരളത്തിൽ 25 കോടിയുടെ ഒാണം ബംപറടിച്ചാൽ ഭാഗ്യവാന് ഒടുവിൽ കയ്യിൽ കിട്ടുന്നത് 12.88 കോടി മാത്രമാണ്. എന്നാൽ യുഎഇയിൽ മുപ്പതും നാൽപതും കോടി രൂപ സമ്മാനമായി ലഭിച്ചാൽ നയാപൈസ ആർക്കും നൽകാതെ മുഴുവനും കയ്യിലാക്കാം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് (ഡിഎസ്എഫ്) നടന്നിരുന്ന വമ്പൻ നറുക്കെടുപ്പുകളിൽ സമ്മാനത്തുകയിൽ നിന്ന് ഒരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് നൽകാൻ അധികൃതർ അഭ്യർഥിക്കുമായിരുന്നു. മിക്കവരും അത് സന്തോഷപൂർവം നൽകുകയും ചെയ്തു. എന്നാലിപ്പോൾ യുഎഇയിലെ നറുക്കെടുപ്പുകളിൽ സമ്മാനം ലഭിക്കുന്നവരോട് അങ്ങനെയുള്ള അഭ്യർഥനകളൊന്നും ഉണ്ടാകാറില്ല. അതുകൊണ്ട് കിട്ടിയ കാശ് ഉപയോഗിച്ച് ഭാവി ജീവിതം സുരക്ഷിതവും ശോഭനവുമാക്കിയ ഇന്ത്യക്കാർ ഏറെ.

mahzooz

∙ നറുക്കെടുപ്പുകൾ കൂടി; ഭാഗ്യവാന്മാരും
ഡിഎസ്എഫിലെ സ്വർണം, കാർ തുടങ്ങിയവ സമ്മാനമായി നൽകുന്ന വമ്പൻ നറുക്കെടുപ്പുകളും അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തുന്ന ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയവയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അടുത്തകാലത്തായി മെഹ്സൂസിലൂടെയും എമിറേറ്റ്സ് ഡ്രോയിലൂടെയും ഒ! മില്യണയറിലൂടെയും ഒട്ടേറെ ഇന്ത്യക്കാർ കോടിപതികളായി. കോടികളും സ്വർണവുമൊക്കെയാണ് ഇവരെല്ലാം സമ്മാനം നൽകുന്നത്. ഇൗ നറുക്കെടുപ്പുകളിലും രക്ഷ ഭാഗ്യം തന്നെ. മെഹ്സൂസിലെ എല്ലാ അക്കങ്ങളും ശരിയായാൽ 40 കോടിയോളം രൂപ വരെ ലഭിക്കുന്നു. തുടർന്ന് മൂന്ന് അക്കം വരെ ശരിയായാൽ നൽകിയ തുകയെങ്കിലും തിരിച്ചുകിട്ടും.  ഇന്ത്യക്കാരാണ് എല്ലാ നറുക്കെടുപ്പുകളിലും ഏറ്റവുമധികം പങ്കെടുക്കുന്നവർ എന്ന് അധികൃതര്‍ തന്നെ ഇടയ്ക്ക് പറയാറുണ്ട്.  ദുബായ് ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ ഏറ്റവുമധികം ഒന്നാം സമ്മാനം നേടിയിട്ടുള്ളവരും ഇന്ത്യക്കാർ തന്നെ. അതിലും ഏറ്റവും കൂടുതൽ പേർ മലയാളികളാണ്.  

malayali-win-8-crore-prize-in-duty-free-millennium-millionaire-draw

1999-ൽ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഇൗ വർഷം മാർച്ച് വരെ 207 ഇന്ത്യൻ പൗരന്മാരാണ് സമ്മാനം നേടിയത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണ് എന്നതാണ് ഇതിന് കാരണമെന്ന് അധികൃതർ പറയുന്നു. അതേസമയം, അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് 1992ലാണ് ആരംഭിച്ചത്. 10 ലക്ഷം ദിർഹത്തിൽ ആരംഭിച്ച ഇൗ ഭാഗ്യസമ്മാനം ഇപ്പോൾ 35 ദശലക്ഷം ദിർഹം വരെ ഗ്രാൻഡ് പ്രൈസ് നൽകുന്നു. 31 വർഷത്തെ നറുക്കെടുപ്പ് ചരിത്രത്തിൽ ഒട്ടേറെ കോടിപതികളെ സൃഷ്ടിക്കുകയും അത്രത്തോളം ആഡംബര കാറുകൾ സമ്മാനിക്കുകയും ചെയ്തു. വാറ്റ് ഉൾപ്പെടെ 500 ദിർഹമാണ് ബിഗ് ടിക്കറ്റ് മില്യനയർ ടിക്കറ്റ് നിരക്ക്. 2 ടിക്കറ്റ് ഒന്നിച്ച് വാങ്ങുമ്പോൾ മൂന്നാമത്തേത് സൗജന്യമായും ലഭിക്കുന്നു. മതപരമായ നിഷ്കർഷകൾ കാരണം ലോട്ടറി പരീക്ഷണത്തിന് മെഹ്സൂസിൽ ടിക്കറ്റിന് പകരം 35 ദിർഹം നല്‍കി കു‌ടിവെള്ള ബോട്ടിലും എമിറേറ്റ്സ് ഡ്രോയ്ക്ക് 25 ദിർഹം വരെ നൽകി പെൻസിലും ഒ! മില്യണയറിൽ പങ്കെടുക്കാൻ 25 ദിർഹം നൽകി ഗ്രീൻ സർട്ടിഫിക്കറ്റുമാണ് വാങ്ങേണ്ടത്. തങ്ങളുടെ സ്വപ്നസാമ്രാജ്യം സ്വന്തമാക്കാനുള്ള പ്രവേശന പാസ് കൂടിയാകുന്നു ഇവയെല്ലാം.

Image Credit : twitter/BigTicketAD
Image Credit : twitter/BigTicketAD

∙ മണിയടി നിലയ്ക്കാത്ത മൊബൈൽ ഫോൺ
ഒരു മലയാളിക്ക് ഏതെങ്കിലും നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു എന്നിരിക്കട്ടെ, വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നാൽ പിന്നെ ആ ഭാഗ്യവാന്റെ സ്വസ്ഥത നഷ്ടപ്പെടും. കേരളത്തിൽ ഭാഗ്യവാന്മാര്‍ വീട് പൂട്ടി പോകേണ്ടി വന്ന സാഹചര്യമൊക്കെ ഉണ്ടായെങ്കിൽ ഇവിടെയും രക്ഷയില്ലെന്ന് 2019ൽ ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ച കോട്ടയം സ്വദേശിയായ യുവാവ് മനോരമ ഒാൺലൈനിനോട് പറഞ്ഞു.  എവിടെ നിന്നെങ്കിലും ഭാഗ്യാവന്റെ നമ്പർ സംഘടിപ്പിച്ചാണ് ഫോൺ വിളി. അഭിനന്ദിക്കാനെന്ന് പറഞ്ഞു തുടങ്ങുന്ന സംസാരം പിന്നെ, തന്റെ ജീവിതപ്രാരാബ്ധങ്ങൾ വിവരിക്കുന്നതിലേയ്ക്ക് കടക്കും. അതൊക്കെ കഴിഞ്ഞാണ് യഥാർഥ ആവശ്യം അവതരിപ്പിക്കുക–സാമ്പത്തിക സഹായം. എന്തെങ്കിലും തരൂ എന്ന് പറഞ്ഞു തുടങ്ങി പിന്നീടത് കൃത്യമായ സംഖ്യയാകും. അതിന്റെ ഭാരം കൂടിക്കൂടിയും വരും. നൽകാമെന്ന് പറഞ്ഞില്ലെങ്കിൽ സ്വരം കടുക്കും. വെറുതെ കിട്ടിയ പണമല്ലേ, കുറച്ച് തന്നൂടെ എന്നാകും പിന്നെ ദേഷ്യത്തോടെയുള്ള ചോദ്യം. അതിനും പ്രതീക്ഷിച്ച മറുപടി കിട്ടിയില്ലെങ്കിൽ ചീത്തവിളിയാകും. ഫോൺ സ്വിച്ഡ് ഒാഫ് ചെയ്ത് വയ്ക്കുകയേ രക്ഷയുള്ളൂ. ഇത്തരത്തിൽ സമ്മാനം ലഭിക്കുന്നവരൊന്നും അടുത്ത കാലത്തായി മാധ്യമങ്ങളോട് പോലും സംസാരിക്കാൻ തയാറാകാത്തതിന് കാരണം ഇതാണ്.

uae-lottery-tickets-draw-prize-money-millionaire
Image Credits: Maksym Kapliuk/IstockPhoto.com

∙ നേരിട്ട് ചെല്ലേണ്ടതുപോലുമില്ല; ഒരു മാസത്തിനകം പണം റെഡി
വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു മാസത്തിനകം സമ്മാനത്തുക കൈമാറുകയാണ് അധികൃതരുടെ രീതി. ഇതിന് ആരെയും നേരിട്ട് സമീപിക്കേണ്ടതുപോലുമില്ല. എമിറേറ്റ്സ് െഎഡിയും മറ്റു രേഖകളും അയച്ചുകൊടുത്താൽ മതി. കൂടാതെ ടിക്കറ്റെടുക്കാനുപയോഗിച്ച ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഒത്തുചേരുന്നുണ്ടോ എന്ന് പരിശോധിക്കും. പണം കൃത്യമായി ബാങ്ക് അക്കൗണ്ടിൽ വീഴും. 

English Summary: UAE Lottery Tickets: Draw, Prize Money and Jack Pots, Winners including Malayalees Share Experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT