സൗദിയുടെ 93-ാം ദേശീയ ദിനത്തിന് ആശംസകൾ നേർന്ന് യുഎഇ; ആഘോഷത്തിൽ പങ്കുചേർന്ന് ഷെയ്ഖ് അഹമ്മദ്
Mail This Article
അബുദാബി∙ സൗദിയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനെയും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെയും യുഎഇ പ്രസിഡൻറ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. തിരുഗേഹങ്ങളുടെ സംരക്ഷകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ജനതയ്ക്കും അവരുടെ 93-ാം ദേശീയ ദിനത്തിൽ അഭിനന്ദനങ്ങൾ നേരുന്നതായി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഷെയ്ഖ് മുഹമ്മദ് കുറച്ചു. സൗദിയുടെ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്ന് ആശംസിച്ചു.
അതേസമയം, വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സൗദി നേതാക്കളേയും ജനങ്ങളേയും അഭിനന്ദിച്ചു.
അതേസമയം, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ സൗദി കോൺസുലേറ്റ് ജനറൽ ഹിൽട്ടൺ അൽ ഹബ്‌തൂർ സിറ്റിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ദുബായ് രണ്ടാം ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. ദുബായിലെ സൗദി കോൺസൽ ജനറൽ അബ്ദുല്ല അൽ മുതവയാണ് ഷെയ്ഖ് അഹമ്മദിനെ വേദിയിൽ സ്വീകരിച്ചത്. സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ്, മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവർക്ക് ഷെയ്ഖ് അഹമ്മദ് യുഎഇ നേതൃത്വത്തിന്റെയും ജനങ്ങളുടെയും ആശംസകൾ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിന് ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെയും ആശിർവാദങ്ങൾ ഷെയ്ഖ് അഹമ്മദ് കൈമാറി.
Read also: മോഷ്ടിച്ച പണം വിഴുങ്ങി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരി, വിഡിയോ വൈറൽ
സ്വീകരണച്ചടങ്ങിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, യുഎഇ വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും പ്രോട്ടോക്കോളുകളുടെ ചെയർമാൻ ഡോ. ഖലീഫ സയീദ് സുലൈമാൻ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് (ജിഡിആർഎഫ്‌എ) ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര സേനാംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും പങ്കെടുത്തു.
English Summary: UAE congratulates Saudi Arabia on its 93rd National Day; Sheikh Ahmed participated in the celebration