ADVERTISEMENT

ദുബായ് ∙ സെല്ലുലോയിഡിൽ മാത്രം കണ്ടിരുന്ന താരങ്ങൾ വിണ്ണിലിറങ്ങി വന്ന് തൊട്ടു മുൻപിൽ നിന്നപ്പോഴും ഈ മലയാളിക്ക് വലിയ പ്രത്യേകതയൊന്നും തോന്നിയില്ല. അതിൽ ഹോളിവുഡ് ഇതിഹാസങ്ങളായ ബ്രയാൻ ആദമുണ്ടായിരുന്നു, ക്ലിഫ് റിചാർഡ്സണുണ്ടായിരുന്നു, ബോളിവുഡ് ഇതിഹാസം സാക്ഷാൽ അമിതാഭ് ബച്ചനുണ്ടായിരുന്നു, ശശി കപൂർ, അനിൽകപൂർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, മാധുരി ദീക്ഷിത്, ജൂഹി ചൗള തുടങ്ങിയ സൂപ്പർ താരങ്ങളുണ്ടായിരുന്നു. നമ്മുടെ മമ്മൂട്ടി, മോഹൻലാൽ... എല്ലാവരുമായും ഇടപെഴകിയെങ്കിലും ആരുമായും സൗഹൃദം സ്ഥാപിക്കാനൊന്നും പോകാത്ത വ്യത്യസ്തനായ മനുഷ്യൻ. ഇത് കോട്ടയം സ്വദേശി സി.ടി.മാത്യു എന്ന ചെറിയാൻ ടി.മാത്യ(73).  45 വർഷം ദുബായിലെ കലാസാംസ്കാരിക, കായിക, വിനോദ പരിപാടികൾക്ക് വേദിയായ, യുഎഇയിലെ തന്നെ ആദ്യ കായിക, വിനോദ കേന്ദ്രമായ ദുബായ് അൽനസർ ലീഷർലാൻഡിലെ ഓപ്പറേഷൻ മാനേജർ.  അദ്ദേഹം പ്രവാസ ജീവിതത്തോട് വിടപറഞ്ഞ്, നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയാണ്.   1979 ഒക്ടോബർ 8ന് ദുബായിലെത്തിയത് മുതൽ പിരിയുംവരെ ഒരേ സ്ഥാപനത്തിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

സി.‌ടി. മാത്യു ഫുട്ബോൾ താരമായിരുന്നപ്പോൾ
സി.‌ടി. മാത്യു ഫുട്ബോൾ താരമായിരുന്നപ്പോൾ

 

∙ അൽ നാസർ ലിഷർ ലാൻഡ് ആദ്യം ബ്രിട്ടിഷ് കമ്പനി

 

ജോലിയിലെ ആത്മാർഥതയും സത്യസന്ധതയുമാണ് ഈ പ്രായത്തിലും ജോലി ചെയ്യാനായതെന്ന് മാത്യു വിശ്വസിക്കുന്നു.  1969–72 കാലഘട്ടങ്ങളിൽ സന്തോഷ് ട്രോഫിയിൽ ഗോൾ കീപ്പറായി തിളങ്ങിയ മാത്യു പ്രവാസം തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഊദ്മേത്തയിൽ 1979 ഒക്ടോബർ 10നാണ് ഈ വിനോദകേന്ദ്രം തുറന്നത്. വിഡിയോ ഗെയിം, ഐസ് റിങ്ക്, അമ്യൂസ്മെന്റ് പാർക്ക്, ടെന്നിസ്, സ്ക്വാഷ് കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ജനങ്ങളെ ആകർഷിച്ചു. ബ്രിട്ടിഷ് കമ്പനിയുടെ കീഴിലുണ്ടായിരുന്ന ഈ സ്ഥാപനത്തിലെ സൂപ്പർവൈസർ ആയാണ് നിയമിച്ചത്. 

 

പിന്നീട് സ്ഥാപനം ദുബായുടെ മുൻ ഉപഭരണാധികാരിയും ധനകാര്യവ്യവസായ മന്ത്രിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽമക്തൂം ഏറ്റെടുത്തു. ഷെയ്ഖിന്റെ വിശ്വസ്ത ഉദ്യോഗസ്ഥനായി അൽനസറിന്റെ അമരത്ത് നാലര പതിറ്റാണ്ട് പൂർത്തിയാക്കിയ ചാരിതാർഥ്യത്തോടെയാണ് മടക്കം.ഇതിനിടെ രാജ്യാന്തര സമ്മേളനങ്ങൾക്കും കായിക, വിനോദ പരിപാടികൾക്കും ഒട്ടേറെ സ്റ്റേജ് ഷോകൾക്കും അൽനസർ വേദിയായി. ഹോളിവുഡ്, ബോളിവുഡ് ,മോളിവുഡ് സിനിമാ രംഗത്തെ പ്രമുഖരുടേയെല്ലാം മെഗാ ഷോകൾക്ക് ആവശ്യമായ അനുമതിയും അനുബന്ധ സേവനങ്ങളും ഒരുക്കിയത് മാത്യുവാണ്.

അംഗീകാരം ഏറ്റുവാങ്ങുന്ന സി.ടി.മാത്യു
അംഗീകാരം ഏറ്റുവാങ്ങുന്ന സി.ടി.മാത്യു

 

∙ ഇന്ത്യയുടെ വാനമ്പാടി ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വം

 

വിവിധ മേഖലകളിലെ ഒട്ടേറെ പ്രമുഖരുമായി അടുത്തിടപഴകാൻ കഴിഞ്ഞ മാത്യുവിന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുമൊത്തുള്ള നിമിഷമാണ് മനസ്സിൽ തങ്ങിനിൽക്കുന്നത്. ഇത്രയും സൗമ്യമായി ഇടപെടുന്ന ആ വലിയ ഗായിക എളിമയുടെ ആൾരൂപമാണെന്ന് മാത്യു പറയുന്നു.

 

1980കളിൽ നടന്ന മമ്മൂട്ടിയുടെ സിദ്ദീഖ്–ലാൽ ഷോയായിരുന്നു മലയാളത്തിലെ ഏറ്റവും വലിയ പരിപാടി. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് തുടങ്ങി അൽ നാസർ ലിഷർ ലാൻഡിൽ പരിപാടി അവതരിപ്പിക്കാത്ത താരങ്ങളില്ല. കൂടാതെ, മാപ്പിളപ്പാട്ടു ഗായകരായ വി.എം.കുട്ടി, വിളയിൽ ഫസീല, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ തുടങ്ങി പുതുതലമുറയിലെ കണ്ണൂർ ഷെരീഫ് വരെ ഒട്ടേറെ തവണ ഈ സ്റ്റേജ് ഇളക്കിമറിച്ചു. മലയാളി കൂട്ടായ്മകളുടെ ഏറ്റവും വലിയ ഓണാഘോഷത്തിന് അരങ്ങൊരുക്കിയതും ഇവിടം തന്നെ.

 

മൈക്കിൾ ജാക്സൻ ഷോ അവസാന നിമിഷം റദ്ദായതാണ് ഓർമയിൽ തങ്ങിനിൽക്കുന്ന മറ്റൊരു കാര്യം. 2022 വരെ ദുബായിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ റേച്ചൽ ആരോഗ്യപ്രശ്നം മൂലം നാട്ടിലാണ്. അതിനാൽ ഇനി വിശ്രമജീവിതം നാട്ടിൽ. മകൻ റോബി  ഇന്ത്യൻ എക്സ്പ്രസിൽ ജേണലിസ്റ്റാണ്. മറ്റൊരു മകൻ അബു ദുബായിൽ സെക്യൂരിറ്റി കമ്പനിയിൽ മാർക്കറ്റിങ് ഓഫിസറാണ്.

 

English Summary: NRI malayali returning from UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT