യുഎഇയിൽ യുവജന ക്ഷേമ മന്ത്രിയാകുന്നതിന് അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്
Mail This Article
ദുബായ് ∙ യുഎഇയിൽ മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്.
‘‘യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകും.തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് യുഎഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും ശക്തനുമായിരിക്കുക. മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കണം ’’ – ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി
യുവജന ക്ഷേമ മന്ത്രിയാകാൻ കഴിവുള്ളവരും സത്യസന്ധരുമായവർ അവരുടെ അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തിൽ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തലമുറയിലെ നേതാക്കളെ വളർത്തുന്നത് യുഎഇ ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നാണ്. യുവാക്കൾ തങ്ങൾക്ക് എത്ര പ്രധാനമാണെന്ന് രാജ്യത്തെ നേതാക്കൾ പലപ്പോഴും പരാമർശിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016-ൽ, ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്‌റൂയി 22-ാം വയസ്സിൽ യുവജനകാര്യ സഹമന്ത്രിയാക്കിട്ടുണ്ട് യുഎഇ. രാജ്യത്തുടനീളമുള്ള സർവ്വകലാശാലകൾ നാമനിർദ്ദേശം ചെയ്ത യുവാക്കളുടെ കൂട്ടത്തിൽ നിന്നാണ് ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്‌റൂയി തിരഞ്ഞെടുക്കപ്പെട്ടത്.
English Summary: Sheikh Mohammed announces minister role in UAE Cabinet; seeks applications from youth