യുവമന്ത്രിക്കായി ഷെയ്ഖ് മുഹമ്മദിന്റെ പോസ്റ്റ്; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

Mail This Article
അബുദാബി∙ യുഎഇ ഒരു യുവജന മന്ത്രിയെ തേടുന്നു. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്യുന്ന യുവാവിനെയോ യുവതിയെയോ ആണ് രാജ്യം തിരയുന്നത്. കഴിവുള്ള സത്യസന്ധരായ സ്വദേശികൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ഇമെയിൽ (contactus@moca.gov.ae) വഴി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്തിന്റെ യുവജന മന്ത്രിയാകും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് യുവജന മന്ത്രിയെ ആവശ്യമുണ്ടെന്ന് കാണിച്ച് സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ഇട്ടത്. യുഎഇയെക്കുറിച്ച് അറിവുണ്ടാകുക, രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും ശക്തനുമാകുക, രാജ്യസേവനത്തിൽ അഭിനിവേശം ഉള്ളവരാകുക എന്നതാണ് പ്രധാന നിബന്ധന.
അടുത്ത തലമുറയിലെ നേതാക്കളെ വളർത്തുന്നത് യുഎഇ ഗവൺമെന്റിന്റെ മുൻഗണനകളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 2016ൽ ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി 22-ാം വയസ്സിൽ യുവജനകാര്യ സഹമന്ത്രിയാക്കിട്ടുണ്ട് യുഎഇ. രാജ്യത്തുടനീളമുള്ള സർവകലാശാലകൾ നാമനിർദേശം ചെയ്തവരിൽനിന്നാണ് അന്ന് ഷമ്മയെ തിരഞ്ഞെടുത്തത്.
ഏഴു മണിക്കൂറിനിടെ 4700 അപേക്ഷ
ദുബായ് ∙ യുവമന്ത്രിക്കായുള്ള യുഎഇയുടെ അന്വേഷണത്തിൽ 7 മണിക്കൂറിനകം ലഭിച്ചത് 4700 അപേക്ഷകൾ.
English Summary: Sheikh Mohammed seeks new young Emirati Minister for UAE government.