ഉംറ വീസയില്‍ യാത്ര ചെയ്ത കുട്ടിക്ക് സീറ്റ് ലഭിക്കാത്ത സംഭവം; നഷ്ടപരിഹാരം നൽകി സ്പൈസ് ജെറ്റ്
Mail This Article
ജിദ്ദ ∙ വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകി. 12ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് ഉംറ വീസയില്‍ അമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസ്സുള്ള കുട്ടിക്ക് സീറ്റ് നല്‍കിയില്ല എന്നതായിരുന്നു പരാതി.
ഭാവിയില്‍ സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ 33,000 രൂപയുടെ വൗച്ചര്‍ വിമാന കമ്പനിയില്‍ നിന്ന് ലഭിച്ചതായി പരാതിക്കാരി അറിയിച്ചു. പരാതിയെക്കുറിച്ച് സ്പൈസ് ജെറ്റ് കമ്പനി ബന്ധപ്പെട്ട ജീവനക്കാരോടും ട്രാവല്‍ ഏജന്‍സിയോടും വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് സ്പൈസ് ജെറ്റിന്‍റെ ആസ്ഥാനത്ത് നിന്ന് പരാതിക്കാരിയെ നേരിട്ട് വിളിച്ചും വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞു. വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ മോശം അനുഭവത്തിന് ക്ഷമ ചോദിച്ച സ്പൈസ് ജെറ്റ് കമ്പനി നഷ്ടപരിഹാരംനൽകാന്‍ സന്നദ്ധരാണെന്ന് ആദ്യമേ അറിയിച്ചിരുന്നു.
മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും ബോര്‍ഡിങ് പാസില്‍ സീറ്റ് നമ്പര്‍ ഉണ്ടായിട്ടും കുട്ടിക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ സ്പൈസ് ജെറ്റിനും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കുമാണ് പരാതി നൽകിയിരുന്നത്. ജീവനക്കാരോട് സീറ്റ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല എന്നതായിരുന്നു പരാതി. യാത്രയിലുടനീളം കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നതായി കാണിച്ച് ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും സഹിതമാണ് മാതാവ് പരാതി നൽകിയിരുന്നത്.
English Summary: SpiceJet paid compensation for the complaint related to the child not getting seat on flight